ദി പാഷന്‍ ഓഫ് ദി ക്രൈസ്റ്റ്' വീണ്ടും തീയേറ്ററുകളില്‍: ലക്ഷ്യം പുതിയ തലമുറയിലെ പ്രേക്ഷകര്‍
മെല്‍ ഗിബ്സണ്‍ സംവിധാനം ചെയ്ത ലോകപ്രശസ്ത ക്രിസ്തീയ ചലച്ചിത്രം 'ദി പാഷന്‍ ഓഫ് ദി ക്രൈസ്റ്റ്' രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം വീണ്ടും തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നു. റിലീസ് ചെയ്ത് 20 വര്‍ഷത്തിലേറെ പിന്നിടുമ്പോള്‍, ഒരു ആഴ്ചക്കാലത്തെ പ്രത്യേക പ്രദര്‍ശനത്തിനായാണ് ചിത്രം വീണ്ടും തീയേറ്ററുകളില്‍ എത്തിച്ചിരിക്കുന്നത്.
തീയേറ്റര്‍ റീ-റിലീസിനൊപ്പം ചിത്രത്തിന്റെ വരാനിരിക്കുന്ന രണ്ടാം ഭാഗമായ 'ദി റസറക്ഷന്‍ ഓഫ് ദി ക്രൈസ്റ്റ്' എന്ന സിനിമയുടെ ഇതുവരെ പുറത്തുവിടാത്ത ചില ദൃശ്യങ്ങളും അണിയറക്കാഴ്ചകളും പ്രേക്ഷകര്‍ക്കായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലയണ്‍സ്ഗേറ്റിന്റെ സഹകരണത്തോടെ സെപ്റ്റംബര്‍ 10 മുതല്‍ ആരംഭിച്ച പ്രത്യേക പ്രദര്‍ശനം സെപ്റ്റംബര്‍ 17 വരെ തീയേറ്ററുകളില്‍ തുടരും.
4കെ വിഷ്വല്‍ റെസ്റ്റോറേഷനോടെയും അത്യാധുനിക 'ഡോള്‍ബി അറ്റ്‌മോസ്' ശബ്ദ സാങ്കേതികവിദ്യയോടെയുമാണ് ചിത്രം പുനരവതരിപ്പിച്ചിരിക്കുന്നത്.
യേശുക്രിസ്തുവിന്റെ ഉത്ഥാനത്തെയും സ്വര്‍ഗാരോഹണത്തെയും പ്രമേയമാക്കി മെല്‍ ഗിബ്സണ്‍ ഒരുക്കുന്ന 'ദി റസറക്ഷന്‍ ഓഫ് ദി ക്രൈസ്റ്റ്' എന്ന രണ്ടാം ഭാഗം 2027 മേയില്‍ തീയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
2004-ല്‍ പുറത്തിറങ്ങിയ ചിത്രം യേശുക്രിസ്തുവിന്റെ അവസാന 12 മണിക്കൂറുകളിലെ പീഡാസഹനങ്ങളെയും കുരിശുമരണത്തെയുമാണ് ദൃശ്യവല്‍ക്കരിച്ചത്. വന്‍ സാമ്പത്തിക വിജയവും ആഗോളതലത്തില്‍ വലിയ ചര്‍ച്ചകളും സൃഷ്ടിച്ച ചിത്രമായിരുന്നു ഇത്.
പുതിയ തലമുറയിലെ പ്രേക്ഷകര്‍ക്ക് ബിഗ് സ്‌ക്രീനില്‍ മികച്ച ദൃശ്യാനുഭവം നല്‍കാനും, രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിന് ആവേശം കൂട്ടാനുമാണ് ഈ പുനഃപ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത്.