'പാര്‍ട്ടി നിലപാട് നിരവധി തവണ വ്യക്തമാക്കിയതാണ്'; കേരള കോണ്‍ഗ്രസ് എം യുഡിഎഫ് പ്രവേശന വാര്‍ത്ത തള്ളി ജോസ് കെ മാണി
തിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളിലെല്ലാം വലിയ രീതിയില്‍ കോണ്‍ഗ്രസ് എം ന് എതിരായി മാധ്യമങ്ങള്‍ നടത്തിയ കുപ്രചാരണത്തിനെതിരെ രംഗത്ത് വന്ന് ജോസ് കെ മാണി.
തിരുവനന്തപുരത്ത് മോദി സര്‍ക്കാരിനെതിരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടത്തിയ സത്യാഗ്രഹത്തില്‍ ജോസ് കെ മാണിക്ക് പങ്കെടുക്കാന്‍ കഴിയാത്തതിനെയാണ് മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചത്.
യുഡിഎഫ് പ്രവേശനവുമായി ബന്ധപ്പെട്ടായിരുന്നു പ്രചാരണം. എന്നാല്‍ ഇപ്പോള്‍ ഇതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് ജോസ് കെ മാണി.
കേരള കോണ്‍ഗ്രസ് എം പാര്‍ട്ടിയുടം നിലപാട് പലവട്ടം ആവര്‍ത്തിച്ച് വ്യക്തമാക്കിയതാണെന്നും ഒഴിവാക്കാനാകാത്ത് കാരണത്താല്‍ കേരളത്തിന് പുറത്ത് യാത്രയിലായതുകൊണ്ടാണ് സത്യാഗ്രഹത്തില്‍ പങ്കെടക്കാന്‍ കഴിയാത്തതെന്നും ജോസ് കെ മാണി വ്യക്തമാക്കി.
രാഷ്ട്രീയ നിലപാടുമായി ബന്ധപ്പെട്ട പുറത്ത് നടക്കുന്ന ചര്‍ച്ചകള്‍ക്ക് പാര്‍ട്ടിയുമായി ബന്ധമില്ലെന്നും ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും ജോസ് കെ മാണി ഫേസ് ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
കേരള കോണ്‍ഗ്രസ് എം പാര്‍ട്ടിയുടെ രാഷ്ട്രീയ നിലപാട് പലവട്ടം ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതാണ്.ഒഴിവാക്കാനാവാത്ത ചില സ്വകാര്യ ആവശ്യങ്ങള്‍ ഉള്ളതിനാലാണ് കേരളത്തിന് പുറത്ത് ഇപ്പോള്‍ യാത്ര ചെയ്യേണ്ടി വരുന്നത്.
ഇക്കാരണത്താലാണ് തിരുവനന്തപുരത്തെ ഇടതുമുന്നണി സംഘടിപ്പിച്ച സമരപരിപാടിയില്‍ പങ്കെടുക്കാതിരുന്നത് ഈ വിവരം മുന്നണി നേതാക്കളെ മുന്‍കൂര്‍ അറിയിച്ചു.
ഇതിന്റെ പശ്ചാത്തലത്തില്‍ പാര്‍ട്ടിയുടെ രാഷ്ട്രീയ നിലപാട് സംബന്ധിച്ച് ഇപ്പോള്‍ പുറമേ നടക്കുന്ന ചര്‍ച്ചകള്‍ക്ക് പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ല. കേരള കോണ്‍ഗ്രസ് എം ഒറ്റക്കെട്ടായി തീരുമാനമെടുത്ത് മുന്നോട്ടുപോകും.