പാര്‍ട്ടി വിശ്വാസികളിലേക്ക് ഇറങ്ങണം, ആഘോഷങ്ങളെ ഒരുവിഭാഗം കൈയ്യടക്കുന്നത് തടയണം; ഉത്സവങ്ങളെ പൊതുഇടമാക്കണമെന്ന ആവശ്യവും ഉയര്‍ന്നു
കോഴിക്കോട്: വിശ്വാസികളിലേക്ക് പാര്‍ട്ടി ഇറങ്ങണമെന്നും എതെങ്കിലും ആഘോഷത്തെ ഏതെങ്കിലും ഒരുവിഭാഗം മാത്രം കൈയ്യടക്കിവെക്കുന്നത് തടയണമെന്നും സി.പി.എം വിപുലീകൃത സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുത്ത പ്രതിനിധികള്‍ നേതൃത്വത്തോട് ആവശ്യപ്പെട്ടു. ഉത്സവങ്ങളെ പൊതുഇടമാക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
ഉത്സവങ്ങളെയും ആഘോഷങ്ങളെയുമെല്ലാം വെള്ളം കടക്കാത്ത ഇടമായി വേര്‍തിരിച്ച് പൊതുഇടം എന്നതിനപ്പുറം സ്വകാര്യഇടമാക്കി മാറ്റി. ഇതില്‍ പാര്‍ട്ടി ഇടപെടല്‍ ഉണ്ടാവണമെന്നും യോഗം ആവശ്യപ്പെട്ടു. ശ്രീകൃഷ്ണ ജയന്തി പോലുള്ള ആഘോഷങ്ങള്‍ ആര്‍എസ്എസ് നേതൃത്വം കീഴടക്കിയെന്ന വിമര്‍ശനം ഉയരുന്ന സാഹചര്യത്തിലാണ് പാര്‍ട്ടി കൂടുതല്‍ ശക്തമായി വിശ്വാസികളിലേക്ക് ഇറങ്ങാനുള്ള ആവശ്യം യോഗം മുന്നോട്ടുവെച്ചത്. ഇത് എങ്ങനെയായിരിക്കണമെന്ന കാര്യത്തില്‍ അടിയന്തര രൂപരേഖയുണ്ടാക്കണമെന്നും പ്രതിനിധികള്‍ ആവശ്യപ്പെട്ടു.
വിശ്വാസികളെ ചേര്‍ത്തുപിടിക്കാതെ വര്‍ഗീയതയ്ക്കെതിരായ പോരാട്ടം ശക്തമാക്കാനാവില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍മാസ്റ്റര്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലും ചൂണ്ടിക്കാട്ടിയിരുന്നു.
ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ക്ക് പുറമെ മറ്റുപല ആഘോഷങ്ങളും കേരളത്തില്‍ സജീവമായി. ഇതിനെയെല്ലാം ഒരുവിഭാഗം മാത്രം കീഴ്പ്പെടുത്താനുള്ള ശ്രമം ഉണ്ട്.
ബിജെപിയുടെ വോട്ട് വര്‍ധനവടക്കം ഉണ്ടായത് ഇതിന്റെ ഭാഗമാണെന്നും പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. തങ്ങള്‍ക്ക് ആള്‍ബലം കൂട്ടാനുള്ള കുറുക്കുവഴിയായി ബിജെപി നേതൃത്വം ആഘോഷങ്ങളെ കാണുന്നു. ഈയൊരു സാഹചര്യത്തിലാണ് വിശ്വാസികളിലേക്ക് ഇറങ്ങാതെ രക്ഷയില്ലെന്ന നിര്‍ദേശം യോഗം മുന്നോട്ടുവെച്ചത്.
പുതിയകാലത്തെ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ആവശ്യമായ പാര്‍ട്ടി ക്ലാസുകള്‍ നല്‍കുന്നതില്‍ നേതൃത്വം പരാജയപ്പെട്ടുവെന്ന വിമര്‍ശനവും പ്രതിനിധികള്‍ ഉന്നയിച്ചു. ആധുനിക കാലത്തിന് ഉതകുന്നതത്തില്‍ പാര്‍ട്ടി ക്ലാസുകള്‍ സംഘടിപ്പിക്കണം. പറ്റുമെങ്കില്‍ ആപ്പ് അധിഷ്ടിത പാര്‍ട്ടി ക്ലാസുകളിലേക്കും അതിന്റെ ഫോളോ അപ്പിലേക്കും പാര്‍ട്ടി മാറണമെന്ന ആവശ്യവും പ്രതിനിധികള്‍ ഉന്നയിച്ചു.
വിപ്ലവപാര്‍ട്ടിയെന്ന സങ്കല്‍പ്പം പാര്‍ട്ടി കളഞ്ഞുകുളിച്ചുവെന്ന വിമര്‍ശനവും വിപുലീകൃത സംസ്ഥാന കമ്മിറ്റിയില്‍ ഉയര്‍ന്നിരുന്നു. ഇതിന് പുറമെയാണ് പാര്‍ട്ടി ക്ലാസുകള്‍ നല്‍കുന്നതിലും നേതൃത്വം പരാജയപ്പെട്ടുവെന്ന വിമര്‍ശനം ഉയര്‍ന്നത്.
പാര്‍ട്ടി പ്രവര്‍ത്തകര്‍ ജനങ്ങളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ഇടപെടന്നത് മറന്നുപോയെന്ന വിമര്‍ശനം നേരത്തെ ഉയര്‍ന്നിരുന്നു. ഇതുകൂടി കണക്കിലെടുത്ത് ജനങ്ങളുടെ പ്രശ്നങ്ങളെ സജീവമായി ഏറ്റെടുത്ത് മുന്നോട്ടുപോവാനുള്ള നിര്‍ദേശവും യോഗം നല്‍കി.
പാര്‍ട്ടി നേതാക്കളുടെയും പ്രവര്‍ത്തകരുടെയും അനധികൃത സ്വത്ത് സമ്പാദനം ഉള്‍പ്പെടുയുള്ള കാര്യങ്ങളില്‍ പരിശോധന കുടുതല്‍ ശക്തമാക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.