സ്‌കൂള്‍ കുട്ടികളുടെ ബാഗുകളുടെ അമിതഭാരം കുറയ്ക്കും; അടുത്ത മാസം 24-ന് നിര്‍ണ്ണായക യോഗം വിളിച്ച് വിദ്യാഭ്യാസ മന്ത്രി

 
 school going students


തിരുവനന്തപുരം: സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ സ്‌കൂള്‍ ബാഗുകളുടെ അമിതഭാരം കുറയ്ക്കാന്‍ ലക്ഷ്യമിട്ട് നിര്‍ണ്ണായക നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍. കുട്ടികളുടെ ബാഗുകളുടെ ഭാരം കുറയ്ക്കുന്നത് സംബന്ധിച്ച് വരുംദിവസങ്ങളില്‍ വിശദമായ ചര്‍ച്ചകള്‍ നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദീന്‍ നിയമസഭയില്‍ വ്യക്തമാക്കി. വിഷയം ചര്‍ച്ച ചെയ്യുന്നതിനായി അടുത്ത മാസം 24-ന് പ്രത്യേക യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ടെന്നും അദ്ദേഹം സഭയെ അറിയിച്ചു.

കുട്ടികളുടെ ബാഗിന്റെ ഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായി ഭാരം കുറഞ്ഞ കടലാസുകള്‍ ഉപയോഗിച്ച് പാഠപുസ്തകങ്ങള്‍ അച്ചടിക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലാണ്. കൂടാതെ പുസ്തകങ്ങളുടെ വലിപ്പം കുറയ്ക്കുന്നതിനായി അര്‍ദ്ധവാര്‍ഷികാടിസ്ഥാനത്തില്‍ പാഠപുസ്തകങ്ങള്‍ ഭാഗങ്ങളായി തിരിക്കാനും ആലോചനയുണ്ട്. കൈപ്പമംഗലം എംഎല്‍എ കെ.കെ. വത്സരാജിന് തന്റെ മണ്ഡലത്തിലെ ഒരു സ്‌കൂള്‍ ലീഡര്‍ നല്‍കിയ നിവേദനമാണ് റൂള്‍ 113 പ്രകാരം നിയമസഭയില്‍ ശ്രദ്ധക്ഷണിക്കലായി അവതരിപ്പിച്ചത്. ഹൈസ്‌കൂള്‍ കുട്ടികളുടെ ബാഗുകളുടെ അമിതഭാരം കുറയ്ക്കണമെന്നായിരുന്നു വിദ്യാര്‍ത്ഥിനിയുടെ പ്രാഥമിക ആവശ്യം.

നിയമസഭാ ചട്ടം 113 പ്രകാരം ജനകീയ വിഷയങ്ങളിലെ പെറ്റീഷന്‍ സഭയില്‍ അവതരിപ്പിക്കാന്‍ അംഗങ്ങള്‍ക്ക് അവകാശമുണ്ട്. വിദ്യാര്‍ഥിനി നല്‍കിയ നിവേദനം എംഎല്‍എ സ്പീക്കറുടെ ഓഫീസിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും പെറ്റീഷനായി അവതരിപ്പിക്കാന്‍ അനുമതി നല്‍കുകയുമായിരുന്നു. സഭയില്‍ ഇതിന്‍മേല്‍ നേരിട്ട് ചര്‍ച്ചകള്‍ നടക്കില്ലെങ്കിലും, വിഷയം പെറ്റീഷന്‍ കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിടുകയാണ് കീഴ്വഴക്കം.

Tags

Share this story

From Around the Web