തിരുഹൃദയ ചിത്രത്തിന്റെ ഉദ്ഭവം: പോംപെയോ ബറ്റോണിയുടെ അനശ്വര സൃഷ്ടിയും ആത്മീയതയും

 
jesus

ലോകമെമ്പാടുമുള്ള ക്രൈസ്തവ ഭവനങ്ങൾ സന്ദർശിച്ചാൽ അവിടെയെല്ലാം കാണാൻ കഴിയുന്ന ഒന്നാണ് ഈശോയുടെ തിരുഹൃദയത്തിന്റെ ചിത്രം. എന്നാൽ ഈ പ്രശസ്തമായ ചിത്രത്തിന് പിന്നിൽ പതിനെട്ടാം നൂറ്റാണ്ടിലെ ഒരു പ്രമുഖ ചിത്രകാരന്റെ സമർപ്പണത്തിന്റെ കഥയുണ്ട്. പോംപെയോ ബറ്റോണി (Pompeo Batoni: 1708-1787) എന്ന ഇറ്റാലിയൻ ചിത്രകാരനാണ് ഇന്ന് നമ്മൾ കാണുന്ന തിരുഹൃദയത്തിന്റെ ഏറ്റവും ജനപ്രിയമായ രൂപം വരച്ചത്.

ലൂക്കയിൽ ഒരു സ്വർണ്ണപ്പണിക്കാരന്റെ മകനായി ജനിച്ച ബറ്റോണി, തന്റെ കുടുംബത്തൊഴിൽ ഉപേക്ഷിച്ച് ചിത്രകല പഠിക്കാൻ റോമിലേക്ക് പോയതാണ് അദ്ദേഹത്തിന്റെ ജീവിതത്തിൽ വഴിത്തിരിവായത്. റാഫേലിന്റെയും മറ്റ് പ്രമുഖരുടെയും ചുവർച്ചിത്രങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് വളർന്ന അദ്ദേഹം, കഥാപാത്രങ്ങളുടെ ആഴത്തിലുള്ള മനോഭാവങ്ങൾ മുഖത്ത് പ്രതിഫലിപ്പിക്കുന്നതിൽ അസാധാരണ വൈഭവം പുലർത്തിയിരുന്നു. 1760-ൽ അദ്ദേഹം പൂർത്തിയാക്കിയ തിരുഹൃദയ ചിത്രം റോമിലെ ‘ചർച്ച് ഓഫ് ദി ജേസു’ ദൈവാലയത്തിൽ സ്ഥാപിക്കുകയും, പിന്നീട് അത് ആഗോളതലത്തിൽ തിരുഹൃദയ ഭക്തിയുടെ ഔദ്യോഗിക ചിത്രമായി മാറുകയും ചെയ്തു.

ഈ വിഖ്യാത ചിത്രം വെറുമൊരു ഭാവനയായിരുന്നില്ല, മറിച്ച് വിശുദ്ധ മാർഗരറ്റ് മേരി അലക്കോക്കിന് (1647-1690) ഈശോ നൽകിയ ദിവ്യദർശനങ്ങളുടെ പശ്ചാത്തലത്തിൽ ഒരുക്കപ്പെട്ടതായിരുന്നു. 1673-ൽ പരിശുദ്ധ കുർബാനയുടെ മുൻപിൽ പ്രാർഥിച്ചുകൊണ്ടിരുന്ന ആ വിശുദ്ധയ്ക്ക് മുൻപിൽ ഈശോ തന്റെ തിരുഹൃദയത്തെക്കുറിച്ച് വെളിപ്പെടുത്തി. സൂര്യനേക്കാൾ പ്രകാശമാനമായ, സ്ഫടികം പോലെ സുതാര്യമായ ആ ഹൃദയത്തിൽ മനുഷ്യരുടെ പാപങ്ങൾ ഏൽപ്പിച്ച മുറിവുകളും അതിനെ ചുറ്റി ഒരു മുൾക്കിരീടവും ഉണ്ടായിരുന്നു. ബറ്റോണി തന്റെ ചിത്രത്തിൽ ഈശോയെ മനുഷ്യത്വത്തിന്റെ നിറമായ ചുവന്ന ട്യൂണിക്കും, ദൈവീകതയുടെ നിറമായ നീല മാന്റിലും ധരിപ്പിച്ചാണ് അവതരിപ്പിച്ചത്. തോൾപ്പരപ്പ് വരെയുള്ള മുടിയും ശാന്തമായ താടിയുമുള്ള ഈശോ, തന്റെ വലതുകൈ കൊണ്ട് ജ്വലിക്കുന്ന തിരുഹൃദയത്തിലേക്ക് വിരൽ ചൂണ്ടുന്നതായി ബറ്റോണി കാൻവാസിൽ പകർത്തി.

വിശുദ്ധ മാർഗരറ്റിന്റെ ഡയറിക്കുറിപ്പുകളിൽ ഈശോ അവളോട് സംസാരിച്ച സ്നേഹത്തിന്റെ വചനങ്ങൾ വ്യക്തമാക്കുന്നുണ്ട്. മനുഷ്യരോടുള്ള സ്നേഹത്താൽ ജ്വലിക്കുന്ന തന്റെ ഹൃദയത്തിന്റെ കൃപകൾ ലോകത്തിന് മുഴുവൻ പങ്കുവെക്കാൻ ഈശോ ആഗ്രഹിച്ചു. അതിനായി അവളോട് തല തന്റെ നെഞ്ചോട് ചേർത്തു വെക്കാൻ ആവശ്യപ്പെടുകയും, അവളുടെ ചെറിയ ഹൃദയം തന്റെ ദിവ്യഹൃദയമാകുന്ന അഗ്നിചൂളയിൽ സ്വീകരിച്ച്, സ്നേഹത്താൽ നിറച്ച് അവൾക്ക് തന്നെ തിരികെ നൽകുകയും ചെയ്തു. ചിത്രകാരനായ ബറ്റോണിയുടെ വൈഭവം കാരണം, കാൻവാസിലെ യേശുവിന്റെ ആർദ്രമായ നോട്ടം അത് നോക്കുന്ന ഏതൊരു വിശ്വാസിയുടെയും ഉള്ളിലേക്ക് തുളച്ചുകയറുന്നതായി തോന്നും. വിശുദ്ധ യോഹന്നാൻ ശ്ലീഹായും വിശുദ്ധ മാർഗരറ്റും ചെയ്തതുപോലെ യേശുവിന്റെ നെഞ്ചിൽ തല ചായ്ക്കാനും തങ്ങളുടെ ഹൃദയം ദൈവസ്നേഹത്തിനായി സമർപ്പിക്കാനും ഈ ചിത്രം ഓരോരുത്തരെയും ക്ഷണിക്കുന്നു.

കടപ്പാട്- ലൈഫ് ഡേ
 

Tags

Share this story

From Around the Web