എയ്ഡഡ് സ്‌കൂള്‍ നിയമനങ്ങള്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നടത്താനുള്ള ഉത്തരവ് അംഗീകരിക്കാനാവില്ലെന്നു സീറോമലബാര്‍ പബ്ലിക് അഫയേഴ്സ് കമ്മീഷന്‍
കോട്ടയം: എയ്ഡഡ് സ്‌കൂള്‍ നിയമനങ്ങള്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നടത്താനുള്ള ഉത്തരവ് അംഗീകരിക്കാനാവില്ലെന്നു സീറോമലബാര്‍ പബ്ലിക് അഫയേഴ്സ് കമ്മീഷന്‍. കേരളത്തിന്റെ വിദ്യാഭ്യാസ സാമൂഹിക പുരോഗതിയില്‍ നിര്‍ണായക പങ്ക് എയ്ഡഡ് വിദ്യാഭ്യാസസ്ഥാപനങ്ങള്‍ നിര്‍വഹിക്കുന്നുണ്ട്. വിദ്യാഭ്യാസത്തിനുള്ള അവകാശവും ഗുണനിലവാരമുള്ള അദ്ധ്യയനവും ഉറപ്പാക്കുന്നതില്‍ സര്‍ക്കാരിന്റെ ഉത്തരവാദിത്തം പങ്കുവയ്ക്കുന്നത് ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ ഉള്‍പ്പെടെയുള്ള എയ്ഡഡ് മാനേജ്‌മെന്റുകളാണ്.
എന്നാല്‍, മാനേജ്മെന്റുകളുടെ അവകാശങ്ങളെ ഹനിക്കുന്ന രീതിയില്‍ താത്ക്കാലിക/ദിവസവേതന നിയമനങ്ങള്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന നടത്തണമെന്ന പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ തീരുമാനം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. ഭരണഘടനാപരമായ ന്യൂനപക്ഷാവകാശങ്ങള്‍ക്കു വിരുദ്ധമായ ഈ നിര്‍ദേശം അംഗീകരിക്കാന്‍ കഴിയില്ല.
കണ്ണൂര്‍ റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടറുടെതായി കഴിഞ്ഞ 15ന് പുറത്തുവന്ന സര്‍ക്കുലര്‍ പ്രകാരം എയ്ഡഡ് സ്‌കൂളുകളില്‍ അധ്യാപക അനധ്യാപക തസ്തികളിലേക്കു ദിവസവേതന/താല്‍ക്കാലിക നിയമനങ്ങള്‍ എംപ്ലോയ്‌മെന്റ്‌റ് എക്‌സ്‌ചേഞ്ച് നല്‍കുന്ന ലിസ്റ്റില്‍നിന്നും നടത്തേണ്ടതാണ് എന്നാണ് ഉത്തരവ്. ന്യൂനപക്ഷാവകാശങ്ങളും മാനേജുമെന്റിന്റെ പ്രവര്‍ത്തന സ്വാതന്ത്ര്യവും നിഷേധിക്കുന്ന വിധത്തിലാണ് ഈ തീരുമാനം വന്നിരിക്കുന്നത്. സര്‍ക്കാര്‍, വിഷയത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ടു പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ തീരുമാനവും അനുബന്ധ നടപടികളും റദാക്കണമെന്നു സീറോമലബാര്‍ പബ്ലിക് അഫയേഴ്സ് കമ്മീഷന്‍ ആവശ്യപ്പെട്ടു.
നിലവില്‍ എയ്ഡഡ് സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ തന്നെയാണു താല്‍ക്കാലിക നിയമനങ്ങള്‍ നടത്തുന്നത്. ഇതിനു തടയിടാനുള്ള നീക്കത്തിന്റെ ഭാഗമായാണു നിയമനങ്ങള്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി വേണമെന്ന നിര്‍ദേശം കൊണ്ടുവന്നിരിക്കുന്നത്. അതേസമയം, എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമനത്തിനുള്ള അവകാശം അതതു മാനേജ്‌മെന്റുകള്‍ക്കാണെന്നു വിവിധ കോടതി ഉത്തരവുകള്‍ വന്നിട്ടുള്ളതാണ്.