നീതിയുടെ ക്രമം, സ്‌നേഹത്തിന്റെ ക്രമത്തില്‍ നിന്നുമാണ് ഉത്ഭവിക്കുന്നത്: പാപ്പാ

 
papa

വത്തിക്കാന്‍സിറ്റി: വത്തിക്കാന്‍ രാഷ്ട്രത്തിന്റെ നീതിന്യായ വ്യവഹാരത്തില്‍, വിവേകപൂര്‍ണ്ണവും നിശബ്ദവുമായ, വിലയേറിയ സേവനം നല്‍കുന്ന ഏവര്‍ക്കും  നന്ദിയര്‍പ്പിച്ചുകൊണ്ടാണ്, ലിയോ പതിനാലാമന്‍ പാപ്പാ, വത്തിക്കാനിലെ കോടതിവത്സരം ഉദ്ഘാടനം ചെയ്തു സംസാരിച്ചത്. 

നീതിയുടെ ഭരണവും ഐക്യത്തിന്റെ മൂല്യവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ചിന്തകള്‍ പാപ്പാ തുടര്‍ന്ന് പങ്കുവച്ചു. ക്രിസ്തീയ പാരമ്പര്യം എല്ലായ്‌പ്പോഴും വ്യക്തിപരവും സാമൂഹികവുമായ ജീവിതത്തിന്റെ ക്രമത്തിന്റെ അടിസ്ഥാന ഗുണമായി നീതിയെ അംഗീകരിച്ചിട്ടുണ്ടെന്ന വസ്തുത അടിവരയിട്ട പാപ്പാ, സമൂഹത്തിന്റെ ക്രമം സ്‌നേഹത്തിന്റെ ക്രമത്തില്‍ നിന്നാണ് പിറവിയെടുക്കുന്നതെന്നു, വിശുദ്ധ അഗസ്റ്റിനെ ഉദ്ധരിച്ചുകൊണ്ട് പറഞ്ഞു.

സ്‌നേഹം ശരിയായി ക്രമീകരിക്കപ്പെടുമ്പോഴും, ദൈവത്തെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിക്കുമ്പോഴും, അയല്‍ക്കാരന്റെ  അന്തസ്സിനെ അംഗീകരിക്കുമ്പോഴുമാണ്, വ്യക്തിപരവും സാമൂഹികവുമായ ജീവിതം മുഴുവന്‍ അതിന്റെ ശരിയായ ദിശാബോധം വീണ്ടെടുക്കുന്നതെന്നു പാപ്പാ ഓര്‍മ്മിപ്പിച്ചു. 

സ്‌നേഹത്തിന്റെ ഈ ക്രമത്തില്‍ നിന്നാണ്  നീതിയുടെ ക്രമം ഉത്ഭവിക്കുന്നതെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു. 

അതിനാല്‍ നീതി ഒരു നിയമപരമായ തത്വം മാത്രമല്ല, കൂട്ടായ്മ കെട്ടിപ്പടുക്കുന്നതിനും സമൂഹത്തിന്റെ ജീവിതം സുസ്ഥിരമാക്കുന്നതിനും സംഭാവന ചെയ്യുന്ന മൂല്യമാണെന്നും പാപ്പാ അടിവരയിട്ടു പറഞ്ഞു.

 ഓരോ വ്യക്തിക്കും അര്‍ഹമായത് നല്‍കാനുള്ള സ്ഥിരവും ശാശ്വതവുമായ ഇച്ഛാശക്തിയാണ് നീതിയെന്നുള്ള വിശുദ്ധ തോമസ് അക്വീനാസിന്റെ വാക്കുകളും പാപ്പാ എടുത്തു പറഞ്ഞു. 

അതുകൊണ്ട്, അത് ഓരോ വ്യക്തിയുടെയും സത്യത്തിലും, പൊതുനന്മയ്ക്കുവേണ്ടിയുള്ള അന്വേഷണത്തിലും വേരൂന്നിയതാണെന്നും പാപ്പാ പറഞ്ഞു.

 യഥാര്‍ത്ഥ നീതി ഇല്ലാത്തിടത്ത് ആധികാരിക അവകാശവും നിഷേധിക്കപ്പെടുന്നുവെന്നും, കാരണം ഓരോ വ്യക്തിയുടെയും അസ്തിത്വത്തിന്റെയും അന്തസ്സിന്റെയും തിരിച്ചറിവില്‍ നിന്നാണ് നിയമം രൂപം കൊള്ളൂന്നതെന്നും പരിശുദ്ധ പിതാവ് ചൂണ്ടിക്കാട്ടി. 

ദാനധര്‍മ്മത്തില്‍ വെളിവാക്കപ്പെടുന്ന സ്‌നേഹത്തിന്റെ മൂര്‍ത്തീമത്ഭാവത്തിലേക്ക് , ഓരോ വ്യക്തിയുടെയും അവകാശങ്ങളെ ബഹുമാനിക്കാനും, വ്യക്തികളോടും പൊതുനന്മയോടും തുല്യത പ്രോത്സാഹിപ്പിക്കുന്ന ഐക്യം മനുഷ്യ ബന്ധങ്ങളില്‍ സ്ഥാപിക്കാനും, നമ്മെ ക്ഷണിക്കുന്ന നീതിയിലൂടെ മാത്രമേ കടക്കുവാന്‍ സാധിക്കുകയുള്ളൂവെന്നും പാപ്പാ സന്ദേശത്തില്‍ ഓര്‍മ്മിപ്പിച്ചു.

യഥാര്‍ത്ഥമായ നീതി, വിഭജിക്കുന്നില്ല, മറിച്ച് ആളുകളെ ഒന്നിപ്പിക്കുന്ന ബന്ധങ്ങളെ ശക്തിപ്പെടുത്തുകയും ചിട്ടയായ സഹവര്‍ത്തിത്വം സാധ്യമാക്കുന്ന പരസ്പര വിശ്വാസം വളര്‍ത്തിയെടുക്കാന്‍ സഹായിക്കുകയും ചെയ്യുന്നുവെന്നും പാപ്പാ പറഞ്ഞു.

നീതിന്യായ ഭരണം തര്‍ക്ക പരിഹാരത്തില്‍ മാത്രം ഒതുങ്ങുന്നില്ല, മറിച്ച് നിയമ ക്രമത്തിന്റെ സംരക്ഷണത്തിനും സ്ഥാപനങ്ങളുടെ വിശ്വാസ്യതയ്ക്കും സംഭാവന നല്‍കുന്നുവെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.

 വളരെ പ്രത്യേകമായി, വത്തിക്കാന്റെ നീതിന്യായ സേവനം, സ്ഥാപനപരമായി മാത്രമല്ല, അഗാധമായ സഭാപരമായ ഒരു മൂല്യവും ഉള്‍ക്കൊള്ളുന്നുവെന്നും പാപ്പാ അടിവരയിട്ടു പറഞ്ഞു.

സഭയിലെ നീതി എന്നത് കേവലം മാനദണ്ഡത്തിന്റെ സാങ്കേതിക വ്യായാമമല്ല, മറിച്ച് ദൈവജനത്തിന്റെ സേവനത്തിനായുള്ള ഒരു ശുശ്രൂഷയാണെന്നും, അതിനാല്‍, നിയമപരമായ കഴിവിന് പുറമേ, ജ്ഞാനം, സന്തുലിതാവസ്ഥ, ദാനധര്‍മ്മത്തില്‍ അധിഷ്ഠിതമായ  സത്യത്തിനായുള്ള നിരന്തരമായ അന്വേഷണം എന്നിവ ഇതിന് ആവശ്യമാണെന്നും പാപ്പാ ഓര്‍മ്മപ്പെടുത്തി. 

സത്യസന്ധതയോടും വിവേകത്തോടും സുവിശേഷ മനോഭാവത്തോടും കൂടി ഈ സേവനം നിര്‍വഹിക്കുന്നത് തുടരുവാനും പാപ്പാ ഏവരെയും ആഹ്വാനം ചെയ്തു.

Tags

Share this story

From Around the Web