വോട്ട് കൊള്ള വിവാദത്തിൽ നിലപാട് കടുപ്പിച്ച് പ്രതിപക്ഷം. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറെ ഇംപീച്ച് ചെയ്യാൻ നീക്കം. പാർലമെന്റിൽ ഇന്ത്യ മുന്നണി നോട്ടീസ് നൽകും, ഒപ്പു ശേഖരണം തുടങ്ങി

ന്യൂഡൽഹി: വോട്ട് കൊള്ള വിവാദത്തിൽ കടുത്ത നിലപാട് സ്വീകരിച്ച് പ്രതിപക്ഷം. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാരിയെതിരെ ഇംപീച്ച്മെന്‍റ് നോട്ടീസ് നൽകുമെന്ന് പ്രതിപക്ഷ കക്ഷികൾ അറിയിച്ചു. ഇന്ന് രാവിലെ ചേർന്ന ഇന്ത്യാ സഖ്യ യോഗത്തിലാണ് തീരുമാനം എടുത്തത്.
വോട്ട് കൊള്ള സംബന്ധിച്ച ആരോപണത്തിൽ സത്യവാങ്മൂലം നൽകണമെന്നോ അല്ലെങ്കിൽ മാപ്പ് പറയണമെന്നോ തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു.
ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തുകയും കോൺഗ്രസ് നേതൃത്വത്തിൽ ഇംപീച്ച്മെന്‍റ് നടപടികൾക്കുള്ള നീക്കം ആരംഭിക്കുകയും ചെയ്തു.
നോട്ടീസ് നൽകുന്നതിനായി ഒപ്പുശേഖരണം നടത്തുകയാണ് ആദ്യ നടപടിയെന്ന് പ്രതിപക്ഷം വ്യക്തമാക്കി. എന്നാൽ പാർലമെന്‍റിലെ ഇരു സഭകളിലും മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിച്ചാൽ മാത്രമേ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ ഇംപീച്ച് ചെയ്യാൻ കഴിയൂ. നിലവിൽ ഇന്ത്യാ സഖ്യത്തിന് അത്തരമൊരു ഭൂരിപക്ഷമില്ല.
അതേസമയം, വോട്ട് കൊള്ള വിഷയത്തിൽ ഇന്ന് പാർലമെന്‍റിലെ ഇരു സഭകളും പ്രക്ഷുബ്ധമായി. ലോക്സഭയിൽ പ്രതിപക്ഷ അംഗങ്ങൾ സ്പീക്കറുടെ ഡയസിന് മുന്നിലെത്തിയപ്പോൾ നടപടികൾ 12 മണിവരെ നിലച്ചു. പ്രതിപക്ഷത്തിന്റെ ബഹളത്തെ തുടർന്ന് രാജ്യസഭയും രണ്ടു മണിവരെ നടപടികൾ നിർത്തിവച്ചിട്ടുണ്ട്.