ഓണം വാരാഘോഷത്തിന് ഇന്ന് സമാപനം. കോർപ്പറേഷൻ പരിധിയിലെ സ്കൂളുകൾക്ക് അവധി. സർക്കാർ സ്ഥാപനങ്ങൾക്ക് ഉച്ചയ്ക്ക് ശേഷവും അവധി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷത്തിന് ഇന്ന് സമാപനം. വർണാഭമായ ഘോഷയാത്രയ്ക്ക് തലസ്ഥാനം ഒരുങ്ങിക്കഴിഞ്ഞു.
വെള്ളയമ്പലത്തു നിന്ന് തുടങ്ങുന്ന ഘോഷയാത്ര കിഴക്കേകോട്ടയിൽ അവസാനിക്കും.
സാംസ്‌കാരിക കലാരൂപങ്ങളുമായി ആയിരത്തിലധികം കലാകാരന്മാരും അറുപതോളം ഫ്ലോട്ടുകളും ഘോഷയാത്രയിൽ അണിനിരക്കും.
വൈകിട്ട് 4 മണിക്ക് മാനവീയം വീഥിയിൽ ഗവർണർ ഘോഷയാത്ര ഫ്ലാഗ് ചെയ്യും.
ജാർഖണ്ഡ്, ഉത്തർപ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഗ്രാമീണ കലാ രൂപങ്ങളും ഘോഷ യാത്രയെ കളറാക്കും. പബ്ലിക് ലൈബ്രറിക്ക് മുന്നിലാണ് വിവിഐപി പവലിയൻ.
യൂണിവേഴ്‌സിറ്റി കോളേജിന് മുൻവശത്തെ വിഐപി പവലിയന് മുന്നിലും മ്യൂസിയം ഗേറ്റിന് സമീപത്തെ പ്രത്യേക സ്റ്റേജിലും കലാരൂപങ്ങൾ അവതരിപ്പിക്കും.
വിദേശ വിനോദ സഞ്ചാരികൾക്കായി പ്രത്യേക പവലിയനുണ്ട്. ഉച്ചയ്ക്ക് ശേഷം നഗരത്തിൽ ഗതാഗത നിയന്ത്രണം ഉണ്ടാകും.
കോർപ്പറേഷൻ പരിധിയിലെ സ്കൂളുകൾക്ക് ഇന്ന് അവധിയാണ്. സർക്കാർ സ്ഥാപനങ്ങൾക്ക് ഉച്ചയ്ക്ക് ശേഷവും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.