ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ജപ്പാനെതിരെ ബ്രസീൽ ടീം അവസാന നിമിഷം വിജയഗോൾ നേടിയപ്പോൾ സന്ന്യാസിനികൾ ഒന്നടങ്കം തുള്ളിച്ചാടിയ വീഡിയോ വൈറൽ
നിശ്ശബ്ദതയും പ്രാർഥനയും മാത്രം തളംകെട്ടി നിൽക്കുന്ന ഒരു സന്ന്യാസിനീ മഠം. പുറംലോകത്തിന്റെ ബഹളങ്ങളിൽ നിന്നെല്ലാം അകന്ന് ഏകാന്ത സന്ന്യാസജീവിതം നയിക്കുന്ന ഒരുകൂട്ടം സമർപ്പിത സഹോദരിമാർ. അവിടെ പെട്ടെന്നൊരു ദിവസം ലോകകപ്പ് ഫുട്‌ബോൾ ഗാലറികളെ അനുസ്മരിപ്പിക്കുന്ന രീതിയിൽ ആർപ്പുവിളികളും കൈയടികളും ഉയർന്നാലോ? കേൾക്കുമ്പോൾ അല്പം അദ്ഭുതം തോന്നാമെങ്കിലും, ബ്രസീലിലെ ഡൗറാഡോസിലുള്ള 'സാന്താ മരിയ ഡി ലോസ് ആഞ്ചലസ്' മഠത്തിനുള്ളിൽ കഴിഞ്ഞ ദിവസം സംഭവിച്ചത് ഇതായിരുന്നു.
ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ജപ്പാനെതിരെ ബ്രസീൽ ടീം അവസാന നിമിഷം വിജയഗോൾ നേടിയപ്പോൾ, സന്ന്യാസിനികൾ ഒന്നടങ്കം തുള്ളിച്ചാടി അത് ആഘോഷിക്കുന്ന ഒരു വീഡിയോ ഇന്ന് ഇൻസ്റ്റാഗ്രാമിൽ 83 ലക്ഷത്തിലധികം കാഴ്ചക്കാരുമായി തരംഗമാവുകയാണ്. അസ്സീസിയിലെ വിശുദ്ധ ക്ലാരയുടെ പാത പിന്തുടരുന്ന 'പുവർ ക്ലാര സഭാംഗങ്ങൾ' തങ്ങളുടെ നിഷ്‌കളങ്കമായ സന്തോഷം കൊണ്ട് ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഫുട്‌ബോൾ പ്രേമികളുടെ ഹൃദയമാണ് കീഴടക്കിയിരിക്കുന്നത്.
പ്രാർഥനയും കഠിനാധ്വാനവും നിറഞ്ഞ സന്ന്യാസിനിമാരുടെ കർശനമായ ദിനചര്യകൾക്കിടയിൽ ലഭിച്ച ഒരു ചെറിയ കൂട്ടായ്മയുടെ നിമിഷമായിരുന്നു അത്. കളി കാണാൻ ടിവിയുടെ മുന്നിലിരുന്ന സിസ്റ്റർമാർ, ബ്രസീൽ തകർപ്പൻ വിജയഗോൾ അടിച്ച നിമിഷത്തിൽ സീറ്റിൽ നിന്നും എഴുന്നേറ്റ് ആർത്തുവിളിക്കുന്നതും പരസ്പരം കെട്ടിപ്പിടിക്കുന്നതുമായ രംഗങ്ങൾ കത്തോലിക്കാ സന്യാസത്തെക്കുറിച്ചുള്ള പലരുടെയും പരമ്പരാഗത ധാരണകളെ തിരുത്തിക്കുറിക്കുന്നതായിരുന്നു. അദ്ഭുതത്തോടെയാണ് 7 ലക്ഷത്തിലധികം ആളുകൾ ഈ വീഡിയോ ലൈക്ക് ചെയ്തത്.
എന്നാൽ, ഈ ആഘോഷം കേവലം ഒരു കളിയുടെ ജയപരാജയങ്ങൾക്ക് അപ്പുറമാണെന്ന് സുപ്പീരിയറായ മദർ റഫായേല വ്യക്തമാക്കുന്നു. മനുഷ്യത്വം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഇന്നത്തെ ലോകത്ത്, അച്ചടക്കത്തിന്റെയും സഹോദര്യത്തിന്റെയും സന്തോഷത്തിന്റെയും വലിയ മൂല്യങ്ങളാണ് കായികരംഗം മുന്നോട്ട് വയ്ക്കുന്നതെന്ന് അവർ ഓർമ്മിപ്പിക്കുന്നു.
ഇൻസ്റ്റാഗ്രാമിലൂടെ തങ്ങളെ സ്‌നേഹിച്ച പുതിയ ഫോളോവേഴ്‌സിനായി അവർ നൽകിയ മറുപടി ഏതൊരു ഫുട്‌ബോൾ ആരാധകന്റെയും മനസ്സ് നിറയ്ക്കുന്നതാണ്: ''ഞങ്ങൾ എല്ലാവർക്കും വേണ്ടി പ്രാർഥിക്കുന്നുണ്ട്; ഞായറാഴ്ച ബ്രസീലിന്റെ മത്സരം കാണാൻ ഞങ്ങൾ വീണ്ടും ഒരുമിച്ചിരിക്കും.'' വലിയ കോലാഹലങ്ങൾക്കിടയിലും ചെറിയ കാര്യങ്ങളിൽ ഒളിഞ്ഞിരിക്കുന്ന വലിയ സന്തോഷങ്ങളെ എങ്ങനെ ആസ്വദിക്കാമെന്ന് ഈ ധ്യാനാത്മക സമൂഹം നമുക്ക് കാണിച്ചുതരുന്നു