2025 ജൂബിലി വർഷത്തില്‍ വത്തിക്കാനില്‍ എത്തിയ തീര്‍ത്ഥാടകരുടെ എണ്ണം 24 ദശലക്ഷം പിന്നിട്ടു

 
vatican

വത്തിക്കാന്‍ സിറ്റി: 2025 ജൂബിലി വർഷത്തിന് ഫ്രാൻസിസ് മാർപാപ്പ ആരംഭം കുറിച്ചത് മുതൽ ഇതുവരെ 24 ദശലക്ഷം തീര്‍ത്ഥാടകര്‍ വത്തിക്കാനില്‍ സന്ദര്‍ശനം നടത്തിയതായി റിപ്പോര്‍ട്ട്. വത്തിക്കാൻ തന്നെയാണ് കഴിഞ്ഞ ബുധനാഴ്ച ഇക്കാര്യം അറിയിച്ചത്. 25 വർഷത്തിലൊരിക്കൽ നടക്കുന്ന ജൂബിലി വർഷത്തിനായി വത്തിക്കാൻ,

റോം നഗരം എന്നിവ കുറഞ്ഞത് 30 ദശലക്ഷം തീർത്ഥാടകരെയാണ് പ്രതീക്ഷിച്ചിരിന്നത്. 9 മാസത്തിനിടെ ഇത്രയും തീര്‍ത്ഥാടകര്‍ സന്ദര്‍ശനം നടത്തിയ പശ്ചാത്തലത്തില്‍ ജൂബിലി സമാപിക്കുമ്പോള്‍ തീര്‍ത്ഥാടകരുടെ സംഖ്യ വളരെ കൂടുതലായിരിക്കുമെന്നാണ് കരുതപ്പെടുന്നത്.

കഴിഞ്ഞ വര്‍ഷം ക്രിസ്തുമസ് തലേന്ന് സെൻ്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ വിശുദ്ധ വാതില്‍ തുറന്നാണ് ഫ്രാന്‍സിസ് പാപ്പ 2025 ജൂബിലി വര്‍ഷത്തിന് തുടക്കം കുറിച്ചത്.

വത്തിക്കാനിലെ സെൻ്റ് പീറ്റേഴ്‌സ് ബസിലിക്ക, സെൻ്റ് ജോൺ ലാറ്ററൻ ബസിലിക്ക, സെന്‍റ് മേരി മേജർ ബസിലിക്ക, സെന്‍റ് പോൾ ബസിലിക്ക എന്നിങ്ങനെ റോമിലെ നാല് ബസിലിക്കകളിൽ മാത്രമാണ് വിശുദ്ധ വാതിലുകൾ സാധാരണയായി നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ 2025 ജൂബിലി വർഷം ഫ്രാന്‍സിസ് മാർപാപ്പ റോമിലെ റെബിബിയ ജയിലിൽ മറ്റൊരു ജൂബിലി വാതില്‍ കൂടി തുറന്നിരിന്നു.

വിശുദ്ധ വർഷത്തിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് വത്തിക്കാനിലെത്തി ജൂബിലി ആഘോഷത്തില്‍ പങ്കുചേരാനും പൂര്‍ണ്ണ ദണ്ഡവിമോചനം സ്വീകരിക്കാനും ലോകമെമ്പാടും വിവിധ തീര്‍ത്ഥാടന പദ്ധതികളാണ് ഒരുക്കിക്കൊണ്ടിരിക്കുന്നത്.

Tags

Share this story

From Around the Web