ഇസ്രായേല്‍ പൗരന്‍മാരായ ക്രൈസ്തവ വിശ്വാസികളുടെ സംഖ്യ വര്‍ധിക്കുന്നു
ജറുസലേം: 2025 ഡിസംബറോടെ ഏകദേശം 1,84,200 ക്രിസ്ത്യന്‍ പൗരന്മാര്‍ ഇസ്രായേലില്‍ ഉണ്ടാകുമെന്ന് ഇസ്രായേല്‍ ഗവണ്‍മെന്റ് സ്റ്റാറ്റിസ്റ്റിക്കല്‍ വിദഗ്ധര്‍.
ഇത് ജനസംഖ്യയുടെ 1.9% ശതമാനമാണ് മുന്‍ വര്‍ഷത്തേക്കാള്‍ 0.7% വര്‍ധനവ്. ക്രൈസ്തവരായ ഇസ്രായേലി പൗരന്‍മാരുടെ സംഖ്യ വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ക്രിസ്മസിനോടനുബന്ധിച്ച് ഇസ്രായേല്‍ സെന്‍ട്രല്‍ ബ്യൂറോ ഓഫ് സ്റ്റാസ്റ്റിക്ക്സ് പ്രസിദ്ധീകരിച്ച കണക്കുകളാണ് ക്രൈസ്തവ വിശ്വാസികളുടെ സംഖ്യ ഇസ്രായേലില്‍ വര്‍ധിക്കുന്നതായി വ്യക്തമാക്കുന്നത്.
ഇസ്രായേലില്‍ ജോലി ചെയ്യുന്ന ഇസ്രായേല്‍ പൗരന്‍മാരല്ലാത്ത തൊഴിലാളികളുടെ കണക്കോ പാലസ്തീന്‍ പ്രദേശത്ത് നിന്നുള്ള ക്രൈസ്തവരുടെ സംഖ്യയോ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
2024 ഡിസംബര്‍ 31 -ലെ സ്ഥിരീകരിച്ച കണക്കുകള്‍ പ്രകാരം അറബ്-പാലസ്തീന്‍ ക്രിസ്ത്യാനികള്‍ ഇസ്രായേലിലെ ക്രൈസ്തവരുടെ 78. 7% ആയിരുന്നു. അന്നത്തെ സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം, ക്രിസ്ത്യാനികളുടെ ഉയര്‍ന്ന സാന്ദ്രതയുള്ള നാല് നഗരങ്ങളാണ് ഇസ്രായേലില്‍ ഉള്ളത്.
നസ്രത്ത് (18,900), ഹൈഫ (18,800), ജറുസലേം (13,400); നോഫ് ഹഗലില്‍ (10,800). 2024ല്‍ 2,134 ക്രൈസ്തവരായ കുട്ടികള്‍ ഇസ്രായേലില്‍ ജനിച്ചു. പൊതു വിദ്യാലയങ്ങളില്‍ 2024/25 സ്‌കൂള്‍ വര്‍ഷത്തില്‍ 26,240 ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥികളാണ് ചേര്‍ന്നു പഠിച്ചത്.
(മൊത്തം വിദ്യാര്‍ത്ഥികളുടെ 1.3%). 15 വയസിനു മുകളിലുള്ള ക്രിസ്ത്യന്‍ പൗരന്മാരില്‍ 67.7% പേര്‍ ജോലി ചെയ്യുന്നവരാണ്.