രാജ്യത്ത് കുടിയേറ്റക്കാരുടെ എണ്ണം കൂടുന്നു. കാനഡക്കാരില്‍ ഏറെ പേരുടെയും ചിന്ത ഇങ്ങനെയെന്ന് സര്‍വേ

ഓട്ടവ: രാജ്യത്ത് കുടിയേറ്റക്കാര്‍ കൂടുതലാണെന്ന് മിക്ക കാനഡക്കാരും കരുതുന്നതായി പുതിയ സര്‍വേ റിപ്പോര്‍ട്ട്. രാജ്യത്ത് കുടിയേറ്റക്കാരായി എത്തുന്നവരെ പലരും വിശ്വസിക്കുന്നില്ലെന്നും സര്‍വേ പറയുന്നു. അസോസിയേഷന്‍ ഫോര്‍ കനേഡിയന്‍ സ്റ്റഡീസ് ആന്‍ഡ് മെട്രോപോളിസ് ഇന്‍സ്റ്റിറ്റ്യൂട്ടിനായി ലെഗര്‍ നടത്തിയ സര്‍വേയിലാണ് ഇക്കാര്യം കണ്ടെത്തിയത്.
രാജ്യം നിലവില്‍ വളരെയധികം കുടിയേറ്റക്കാരെ പ്രവേശിപ്പിക്കുന്നുണ്ടെന്നാണ് 62 ശതമാനം ആളുകളും കരുതുന്നത്. 2025 മാര്‍ച്ചിലെ സര്‍വേയില്‍ ഉണ്ടായതിനേക്കാള്‍ നാല് ശതമാനം വര്‍ധനയാണിത്. ആറ് വര്‍ഷം മുന്‍പത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് ഇരട്ടിയിലധികമാണ്.
പുതിയ സര്‍വേയില്‍ 20 ശതമാനം പേര്‍ക്ക് മാത്രമാണ് കുടിയേറ്റക്കാര്‍ കൂടുതലല്ലെന്ന അഭിപ്രായമുള്ളത്.കുടിയേറ്റക്കാരെ വിശ്വസിക്കാന്‍ കഴിയുമോ എന്ന ചോദ്യത്തില്‍ 42 ശതമാനം ആളുകളും വിശ്വസിക്കാന്‍ കഴിയുമെന്ന് പറഞ്ഞു. എന്നാല്‍ 20 ശതമാനം പേര്‍ കുടിയേറ്റക്കാരെ വിശ്വസിക്കാന്‍ കഴിയില്ലെന്നും പറഞ്ഞതായി സര്‍വേ കണ്ടെത്തി.