അഫ്ഗാനിസ്ഥാനില്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട പെണ്‍കുട്ടികളുടെ എണ്ണം 24 ലക്ഷമായി ഉയര്‍ന്നു
അഫ്ഗാനിസ്ഥാനില്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട പെണ്‍കുട്ടികളുടെ എണ്ണം 24 ലക്ഷമായി ഉയര്‍ന്നു.
പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്കുകള്‍ പിന്‍വലിക്കണമെന്ന് യുഎന്‍ സാംസ്‌കാരിക സംഘടനയായ യുനെസ്‌കോ താലിബാന്‍ സര്‍ക്കാരിനോട് ഒരിക്കല്‍ക്കൂടി ആവശ്യപ്പെട്ടു.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വിലക്ക് നേരിടുന്ന പെണ്‍കുട്ടികളുടെ എണ്ണത്തില്‍ 200,000-ത്തിന്റെ വര്‍ധനവാണുണ്ടായിരിക്കുന്നത്.
ഈ സ്ഥിതി തുടര്‍ന്നാല്‍ 2030-ഓടെ ഇത് നാല് ദശലക്ഷത്തോളമായി (40 ലക്ഷം) ഉയരാന്‍ സാധ്യതയുണ്ടെന്നും യുനെസ്‌കോ മുന്നറിയിപ്പ് നല്‍കുന്നു.
ലോകത്ത് പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും സെക്കന്ററി സ്‌കൂളുകളിലും സര്‍വകലാശാലകളിലും പ്രവേശനം നിഷേധിച്ച ഒരേയൊരു രാജ്യം അഫ്ഗാനിസ്ഥാനാണ്. സ്ത്രീകള്‍ക്കുമേലുള്ള ഈ കടുത്ത നിയന്ത്രണങ്ങളെ 'ലിംഗ വര്‍ണ്ണവിവേചനം' എന്നാണ് യു.എന്‍ വിശേഷിപ്പിച്ചിരിക്കുന്നത്.
പ്രാഥമിക തലത്തിലും ലക്ഷക്കണക്കിന് കുട്ടികള്‍ സ്‌കൂളിന് പുറത്താണ്. പത്ത് വയസ് പ്രായമുള്ള കുട്ടികളില്‍ 90 ശതമാനത്തിനും ലളിതമായ ഒരു വാചകം പോലും വായിക്കാന്‍ അറിയാത്ത അവസ്ഥയാണുള്ളത്. ഇത് രാജ്യത്തിന്റെ മൊത്തത്തിലുള്ള സാക്ഷരതാ നിരക്ക് 37 ശതമാനമായി താഴാന്‍ കാരണമായി. അന്താരാഷ്ട്ര തലത്തില്‍ നിന്നും നിരവധി മുസ്ലീം രാജ്യങ്ങളില്‍ നിന്നും എതിര്‍പ്പുകള്‍ ഉയര്‍ന്നിട്ടും, പെണ്‍കുട്ടികളുടെ വിദ്യാഭ്യാസമെന്നത് രാജ്യത്തിന്റെ ആഭ്യന്തര കാര്യമാണെന്ന നിലപാടിലാണ് താലിബാന്‍ ഭരണകൂടം.