കോട്ടയത്ത് ആശങ്കയായി പനി ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. ഭീഷണിയായി ഡെങ്കിപ്പനിയും എലിപ്പനിയും. ആറു ദിവസത്തിനിടെ എലിപ്പനിയെ തുടര്‍ന്ന് ഒരു മരണം, ഒമ്പതു പേര്‍ക്കു രോഗം

 
kottayam medical college

കോട്ടയം: കോട്ടയത്ത് ആശങ്കയായി പനി ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. കഴിഞ്ഞ ആറു ദിവസത്തിനുള്ള ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രം 2169 പേരാണു പനി ബാധിച്ചു ചികിത്സ തേടിയത്.

അഞ്ചിരട്ടിയിലേറെ രോഗികള്‍ സ്വകാര്യ ആശുപത്രികളെ സമീപിച്ചു. മണ്‍സൂണ്‍ ഇതുവരെ തീവ്രതയില്‍ പെയ്തില്ലെങ്കിലും ഇക്കാലത്തുണ്ടാകുന്ന രോഗങ്ങളെല്ലാം അതിതീവ്രതയില്‍ വ്യാപിക്കുകയാണ്.

പനിയും വയറിളക്ക രോഗങ്ങളും പിടിമുറുക്കിയിരിക്കുകയാണ്. വൈറല്‍ പനി വ്യാപകമായതോടെ വിദ്യാലയങ്ങളില്‍ ഹാജര്‍ നിലയും കുറഞ്ഞു തുടങ്ങി. മഴകള്‍ക്കിടയിലെ ദിവസങ്ങളുടെ ഇടവേള രോഗവ്യാപനം വര്‍ധിക്കാന്‍ കാരണമാകുന്നു.

കടുത്ത ശരീര വേദനയും തലവേദനയും അനുഭവപ്പെടുന്ന വൈറല്‍ പനിയാണു വ്യാപകമായിരിക്കുന്നത്. ഷിഗല്ല പോലെയുള്ള രോഗങ്ങള്‍ അന്യജില്ലകളില്‍ ഉള്‍പ്പെടെ പടരുന്ന സാഹചര്യത്തില്‍ ആശങ്കയിലാണ് ജനം.


ഇടവിട്ട മഴയില്‍ വെള്ളം കെട്ടിക്കിടക്കാനുള്ള സാഹചര്യം വര്‍ധിച്ചതോടെ എലിപ്പനി പടരുകയാണ്. ആരോഗ്യ വകുപ്പിന്റെ കണക്കു പ്രകാരം ഇക്കാലയളവില്‍ ഒരാള്‍ എലിപ്പനിയെത്തുടര്‍ന്നു മരിച്ചപ്പോള്‍ ഒമ്പതു പേരില്‍ രോഗം സ്ഥിരീകരിച്ചു. നാലു പേര്‍ രോഗം സംശയിച്ചു ചികിത്സ തേടിയിട്ടുണ്ട്. പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ ഉള്‍പ്പെടെ വെള്ളക്കെട്ട് രൂക്ഷമായിരിക്കുന്നത് എലിപ്പനി വര്‍ധിക്കാനുള്ള സാഹചര്യമൊരുക്കുന്നു.


ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തിലും വര്‍ധനയുണ്ട്.13 പേര്‍ ഡെങ്കി സംശയിച്ചു ചികിത്സ തേടിയപ്പോള്‍ നാലു  പേരില്‍ സ്ഥിരീകരിച്ചു. സ്വകാര്യ ആശുപത്രികളില്‍ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം പതിന്മടങ്ങാണ്. കൊതു വളരാനുള്ള സാഹചര്യം ഏറെയായതിനാല്‍ ഡെങ്കിപ്പനി വ്യാപനം വീണ്ടും വര്‍ധിക്കുമെന്നാണ് സൂചന.

ഇതിനൊപ്പമാണു വയറിളക്ക രോഗബാധിതരുടെ എണ്ണത്തിലെ വര്‍ധന.  ആറു ദിവസത്തിനുള്ളില്‍ 395 പേര്‍ വയറിളക്കത്തിനു ചികിത്സ തേടി. മലിനമായ കുടിവെള്ളം, പഴകിയ ഭക്ഷണം, ഹോട്ടലുകളിലെയും മറ്റും വൃത്തിഹീനമായ അടുക്കള എന്നിങ്ങനെയായി വയറിളക്കം പടരാനുള്ള സാധ്യതകള്‍ ഏറെയാണ്.

 പാചക വാതക വില വര്‍ധിച്ചതോടെ ഹോട്ടലുകളിലും തട്ടുകളിലും വെള്ളം തിളപ്പിക്കാതെ ചൂടാക്കി മാത്രം നല്‍കുന്നത് വയറിളക്ക രോഗങ്ങള്‍ വര്‍ധിക്കാന്‍ കാരണമാകുന്നതായി ആരോഗ്യ വകുപ്പ് സംശയിക്കുന്നുണ്ട്.

Tags

Share this story

From Around the Web