വോട്ടവകാശമുള്ള കര്‍ദ്ദിനാള്‍മാരുടെ എണ്ണം നൂറ്റിയിരുപത്തിരണ്ടായി കുറഞ്ഞു
വത്തിക്കാന്‍സിറ്റി: പാപ്പായെ തിരഞ്ഞെടുക്കുന്ന കോണ്‍ക്ലേവില്‍ വോട്ടവകാശമുള്ള കര്‍ദ്ദിനാള്‍മാരുടെ എണ്ണം 122 ആയി കുറഞ്ഞു. ഇറ്റലിക്കാരനും അപ്പസ്‌തോലിക നൂണ്‍ഷ്യോയുമായ കര്‍ദ്ദിനാള്‍ മാരിയോ ത്സെനാറിക്ക് ജനുവരി അഞ്ചാം തീയതി എണ്‍പത് വയസ്സെത്തിയതിനെത്തുടര്‍ന്നാണ് വോട്ടവകാശമുള്ള കര്‍ദ്ദിനാള്‍മാരുടെ എണ്ണത്തില്‍ കുറവുണ്ടായത്.
നിലവിലെ കണക്കുകള്‍ പ്രകാരം, മൊത്തം കര്‍ദ്ദിനാള്‍ സംഘത്തിലെ 245 അംഗങ്ങളില്‍ 123 പേര്‍ വോട്ടവകാശമില്ലാത്തവരാണ്. പരിശുദ്ധ പിതാവിന്റെ ഉപദേശകസംഘമായും സഹകാരികളായും പ്രവര്‍ത്തിക്കാനായി പ്രത്യേകമായി തിരഞ്ഞെടുത്തവരാണ് കര്‍ദ്ദിനാള്‍മാര്‍.
1150 മുതല്‍ രൂപപ്പെട്ട കര്‍ദ്ദിനാള്‍ സംഘത്തില്‍ ഒരു ഡീനും, കാമറലെങ്കോ സ്ഥാനം വഹിക്കുന്നയാളുമുണ്ട്. 1059 മുതല്‍ കര്‍ദ്ദിനാള്‍ സംഘമാണ് പുതിയ പാപ്പായെ തിരഞ്ഞെടുക്കുന്നതില്‍ വോട്ടു ചെയ്യുന്നത്. റോമിന് പുറത്തുള്ളവരാണെങ്കിലും, കര്‍ദ്ദിനാള്‍മാര്‍ക്ക് വത്തിക്കാന്‍ രാജ്യത്തിലെ പൗരത്വമുണ്ട്.
നിലവില്‍ കര്‍ദ്ദിനാള്‍ സംഘത്തിന്റെ ഡീനായി സേവനമനുഷ്ഠിക്കുന്നത്, ഇറ്റലിയില്‍നിന്നുള്ള കര്‍ദ്ദിനാള്‍ ജ്യോവന്നി ബത്തിസ്ത റേയാണ്. അസിസ്റ്റന്റ് ഡീന്‍ കര്‍ദ്ദിനാള്‍ ലെയൊനാര്‍ദോ സാന്ദ്രിയാണ്.
കര്‍ദ്ദിനാള്‍ സംഘത്തിലെ പ്രോട്ടോഡീക്കന്‍ എന്ന സ്ഥാനം, ഫ്രാന്‍സില്‍നിന്നുള്ള കര്‍ദ്ദിനാള്‍ ഡൊമിനിക് മംമ്പേര്‍ത്തിയാണ് വഹിക്കുന്നത്. നിലവില്‍ കാമറലെങ്കോ സ്ഥാനം വഹിക്കുന്നത് കര്‍ദ്ദിനാള്‍ കെവിന്‍ ജോസഫ് ഫാറല്‍ ആണ്.
ഇപ്പോഴുള്ള കര്‍ദ്ദിനാള്‍മാരില്‍ 41 പേര്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായും, 58 പേര്‍ ബെനഡിക്ട് പതിനാറാമന്‍ പാപ്പായും 146 പേര്‍ ഫ്രാന്‍സിസ് പാപ്പായും തിരഞ്ഞെടുത്തവരാണ്. ഇറ്റലിയില്‍നിന്നാണ് ഏറ്റവും കൂടുതല്‍ കര്‍ദ്ദിനാള്‍ മാരുള്ളത്.
വോട്ടവകാശമുള്ള പതിനാറുപേരുള്‍പ്പെടെ അന്‍പത് കര്‍ദ്ദിനാള്‍മാര്‍ ഇറ്റലിക്കാരാണ്. രണ്ടാം സ്ഥാനത്ത് വോട്ടവകാശമുള്ള ഒന്‍പത് പേരുള്‍പ്പെടെ പതിനാറ് കര്‍ദ്ദിനാള്‍മാരുള്ള വടക്കേ അമേരിക്കയാണ്.
സ്‌പെയിനാണ് മൂന്നാം സ്ഥാനത്ത്. വോട്ടവകാശമുള്ള മൂന്ന് പേരുള്‍പ്പെടെ പതിമൂന്ന് കര്‍ദ്ദിനാള്‍മാരാണ് ഇവിടെനിന്നുള്ളത്. ഇന്ത്യയില്‍നിന്നാകട്ടെ വോട്ടവകാശമുള്ള നാലു പേരുള്‍പ്പെടെ ആറ് കര്‍ദ്ദിനാള്‍മാരാണുള്ളത്.
ഇവരില്‍ കേരളത്തില്‍നിന്നുള്ള കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി, കര്‍ദ്ദിനാള്‍ ബസെലിയോസ് ക്‌ളീമീസ്, കര്‍ദ്ദിനാള്‍ ജോര്‍ജ് ജേക്കബ് കൂവക്കാട് എന്നിവരുമുണ്ട്.
ഇറ്റലിയില്‍നിന്നുള്ള കര്‍ദ്ദിനാള്‍ ജ്യോവാന്നി ആഞ്ചെലോ ബെച്ചു, 2020 സെപ്റ്റംബര്‍ 24-ന് ഈ പദവിയുമായി ബന്ധപ്പെട്ട അവകാശങ്ങള്‍ ഉപേക്ഷിച്ചതിനാല്‍, അദ്ദേഹത്തിന് എണ്‍പത് വയസ്സില്‍ താഴെയാണെങ്കിലും, വോട്ടവകാശമുള്ള കര്‍ദ്ദിനാള്‍മാരുടെ കൂട്ടത്തില്‍ ഉള്‍പ്പെടില്ല.