ഡാമുകളില്‍ നിന്ന് വെള്ളം ഒഴുക്കിവിട്ടെന്ന വാര്‍ത്ത തെറ്റ്; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് എട്ട് ലക്ഷം രൂപ പ്രഖ്യാപിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: സ്ഥിതിഗതികള്‍ നിയന്ത്രണാധീതമെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍. സംസ്ഥാനത്തെ മഴക്കെടുതിയില്‍ 15 പേര്‍ക്ക് ജീവന്‍ നഷ്ടമായതായും ഏഴ് പേരെ കാണാനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മഴക്കെടുതിക്ക് മുമ്പ് തന്നെ ദുരന്തനിവാരണ അതോറിറ്റി യോഗം ചേര്‍ന്നിരുന്നു. ഡാമുകളില്‍ വെള്ളം കുറവാണ്. എന്നാല്‍ സോഷ്യല്‍ മീഡിയയിലൂടെ തെറ്റായ പ്രചരണങ്ങള്‍ നടക്കുന്നു. ഡാമുകളില്‍ നിന്ന് വെള്ളം ഒഴുക്കിവിടുന്നു എന്നാണ് പ്രചാരണം. ഇത്തരം പ്രവൃത്തികള്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ മഴക്കെടുതിയിലും ഉരുള്‍പൊട്ടലിലുമായി ജീവന്‍ നഷ്ടപ്പെട്ടവരുടെ സംസ്‌കാര ചെലവുകള്‍ക്കായി 10,000 രൂപ അനുവദിക്കും. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരമായി എട്ട് ലക്ഷം രൂപയും പ്രഖ്യാപിച്ചു.
വീടും സ്ഥലം നഷ്ടപ്പെട്ടവര്‍ക്ക് ധനസഹായമായി 12 ലക്ഷം രൂപയും വീട് നഷ്ടപ്പെട്ടവര്‍ക്ക് ആറ് ലക്ഷം രൂപയും നല്‍കും. വീടുകളില്‍ വെള്ളം കയറിയവര്‍ക്ക് ധനസഹായമായി 10,000 രൂപയും ജീവനോപാധി നഷ്ടപ്പെട്ടവര്‍ക്ക് പ്രതിസന്ധി തീരുന്നത് വരെ 300 രൂപ വീതം ദിനബത്തയായി നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഒരു കാര്‍ഡില്‍ നിന്ന് രണ്ട് പേര്‍ക്കായിരിക്കും ദിനബത്ത നല്‍കുക. അതിശക്തമായ മഴയില്‍ സംസ്ഥാനത്തെ 165 ഹെക്ടര്‍ കൃഷിഭൂമി നശിച്ചതായാണ് പ്രാഥമിക വിവരമെന്നും മുഖ്യമന്ത്രി പറഞ്ഞു. ക്യാമ്പുകള്‍ നേരത്തെ തയ്യാറായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഓറഞ്ച് അലര്‍ട്ടിന് ആവശ്യമായ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ അതിതീവ്രമഴക്ക് ആളുകളെ ഒഴിപ്പിക്കാന്‍ സമയം കിട്ടില്ല. കാലാവസ്ഥ പ്രവചനത്തിന് കൂടുതല്‍ മികച്ച സൗകര്യം ഒരുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.