മുതിര്‍ന്ന തലമുറയുടെ ത്യാഗപൂര്‍ണ്ണമായ ജീവിതത്തെ പുതുതലമുറ നന്ദിയോടെ സ്മരിക്കണം
രാജാക്കാട് (ഇടുക്കി): മുതിര്‍ന്ന തലമുറയുടെ കഠിനാധ്വാനവും ത്യാഗപൂര്‍ണ്ണമായ ജീവിതവുമാണ് കുടുംബത്തെയും പൊതുസമൂഹത്തെയും രൂപപ്പെടുത്തിയതെന്ന് പുതുതലമുറ നന്ദിയോടെ സ്മരിക്കണമെന്ന് ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍. ലോകവയോജന ദിനാചരണത്തിന്റെ രൂപതാതല ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വയോധികരേ ശുശ്രൂഷിക്കുന്ന സംസ്‌കാരം വളര്‍ത്തിയെടുക്കുവാന്‍ എല്ലാവരും കൂട്ടായി പരിശ്രമിക്കണമെന്ന് മാര്‍ നെല്ലിക്കുന്നേല്‍ കൂട്ടിച്ചേര്‍ത്തു. തിരക്കുകള്‍ക്കിടയില്‍ പ്രായമേറിയ മാതാപിതാക്കള്‍ ഒഴിവാക്കപ്പെടുകയും ഒറ്റപ്പെടുകയും ചെയ്യുന്ന രീതി വര്‍ദ്ധിച്ചുവരുന്ന കാലമാണിത്. വാര്‍ദ്ധക്യത്തില്‍ ആരും ഒറ്റയ്ക്കല്ല എന്ന പ്രതീക്ഷയുടെ സന്ദേശം കൈമാറാന്‍ കഴിയണം.
കുടുംബങ്ങളില്‍ പ്രായമായ മാതാപിതാക്കളെ ശുശ്രൂഷിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന രീതി കുട്ടികളില്‍ ശീലമാക്കി മാറ്റണം. വയോധികരോടുള്ള ആദരം ജീവിത ശൈലിയാക്കി മാറ്റാന്‍ പരിശ്രമിക്കണമെന്നും മാര്‍ നെല്ലിക്കുന്നേല്‍ പറഞ്ഞു.
രൂപത ഫാമിലി അപ്പോസ്തലേറ്റിന്റെ നേതൃത്വത്തില്‍ രാജാക്കാട് ക്രിസ്തുരാജാ ഫൊറോനാ പളളിയില്‍ നടന്ന ചടങ്ങുകള്‍ക്ക് മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ നേതൃത്വം നല്‍കി. 250 ലധികം പ്രായമായവരെ ആദരിക്കുകയും സമ്മാനങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു.
രൂപതാ വികാരി ജനറാള്‍ മോണ്‍. ജോസ് കരിവേലിക്കല്‍, ഫാ.മാത്യു കരോട്ട്കൊച്ചറയ്ക്കല്‍, ഫാ. മാത്യു അഴകനാക്കുന്നേല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
മാര്‍പാപ്പ ആഹ്വാനം ചെയ്ത മുത്തശ്ശി മുത്തച്ഛന്മാര്‍ക്കും വയോധികര്‍ക്കും വേണ്ടിയുള്ള ലോക വയോജന ദിനാചരണം ഇടുക്കി രൂപതയില്‍ വിപുലമായ പരിപാടികളോടെയാണ് നടന്നത്.