യേശുക്രിസ്തു ബാല്യം മുതല്‍ പരസ്യജീവിതത്തിന്റെ തുടക്കം വരെ ജീവിച്ച നസ്രത്തില്‍ ദൈവശാസ്ത്ര പഠനകേന്ദ്രവുമായി വിശുദ്ധ നാട്ടിലെ മെത്രാന്മാര്‍

 
naserathu


ജെറുസലേം: യേശുക്രിസ്തു ബാല്യം മുതല്‍ പരസ്യജീവിതത്തിന്റെ തുടക്കം വരെ ജീവിച്ച നസ്രത്തില്‍ ദൈവശാസ്ത്ര പഠനകേന്ദ്രവുമായി വിശുദ്ധ നാട്ടിലെ മെത്രാന്മാര്‍. 

ജെറുസലേമിലെ ലാറ്റിന്‍ പാത്രിയാര്‍ക്കീസ് കര്‍ദ്ദിനാള്‍ പിയര്‍ബാറ്റിസ്റ്റ പിസബല്ലയാണ് നസ്രത്ത് നഗരത്തിലെ ഡോണ്‍ ബോസ്‌കോ സലേഷ്യന്‍ ദേവാലയത്തോട് ചേര്‍ന്നുള്ള അനൗണ്‍സിയേഷന്‍ തിയോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഉദ്ഘാടനം ചെയ്തത്.

 വിശുദ്ധ നാട്ടിലെ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് സ്ഥാപനം പ്രവര്‍ത്തിക്കുക. ഇത്തരത്തില്‍ ഗലീലി മേഖലയില്‍ ആദ്യമായി സ്ഥാപിക്കപ്പെട്ട ദൈവശാസ്ത്ര പഠനകേന്ദ്രമാണ് ഇത്.

കഴിഞ്ഞ സെപ്റ്റംബര്‍ 12 വെള്ളിയാഴ്ച നടന്ന ഉദ്ഘാടന ചടങ്ങില്‍ ഗലീലിയുടെ പാത്രിയാര്‍ക്കല്‍ വികാരി ഫാ. റഫീഖ് നഹ്റ, ഹൈഫയിലെ നസ്രത്തിലെയും ഗലീലി മേഖലകളുടെ മെല്‍ക്കൈറ്റ് ഗ്രീക്ക് കത്തോലിക്കാ ആര്‍ച്ച് ബിഷപ്പ് ബൊളസ് മാര്‍ക്കുസ്സോ, ആര്‍ച്ച് ബിഷപ്പ് യൂസഫ് മട്ട, ഹൈഫയിലെയും വിശുദ്ധ നാട്ടിലെയും മാരോണൈറ്റ് ആര്‍ച്ച് ബിഷപ്പ് മൂസ എല്‍-ഹേഗ്, എന്നിവരും നിരവധി വൈദികരും കന്യാസ്ത്രീകളും പങ്കെടുത്തു.


കത്തോലിക്ക വിശ്വാസത്തെ അക്കാദമിക തലത്തിലും ആത്മീയ തലത്തിലും പഠിപ്പിക്കുന്നതിനായി സമര്‍പ്പിച്ചിരിക്കുന്ന സ്ഥാപനം വഴി ദൈവീക വെളിപാടിന്റെയും ക്രിസ്തീയ പ്രബോധനങ്ങളുടെയും വീക്ഷണകോണിലൂടെ സമകാലിക സമൂഹം ഉയര്‍ത്തുന്ന ദൈവശാസ്ത്രപരവും ധാര്‍മ്മികവും സാമൂഹികവുമായ ചോദ്യങ്ങളെ അഭിസംബോധന ചെയ്യാന്‍ ശ്രമിക്കുക എന്ന ലക്ഷ്യമാണ് ഉള്ളത്. 

വിശുദ്ധ നാട്ടില്‍ സ്ഥിതി ചെയ്യുന്നതിനാല്‍, സ്ഥാപനം വഴി പ്രാദേശിക സഭാപാരമ്പര്യങ്ങളും മതാന്തര സംവാദവും പ്രോത്സാഹിപ്പിക്കുവാന്‍ സഹായിക്കുമെന്നാണ് വിശുദ്ധ നാട്ടിലെ മെത്രാന്മാരുടെ പ്രതീക്ഷ.

Tags

Share this story

From Around the Web