ഇംഗ്ലണ്ടിലെ 'നസ്രേത്ത്' മരിയന്‍ പുണ്യ കേന്ദ്രമൊരുങ്ങി. വാത്സിങ്ങാം തീര്‍ത്ഥാടനം ജൂലൈ 19ന്. തീര്‍ത്ഥാടന സമയക്രമമായി

കേംബ്രിഡ്ജ്: ആഗോള കത്തോലിക്കാ സഭ ജൂബിലി വര്‍ഷമായി ആചരിക്കുമ്പോള്‍, പ്രത്യാശയുടെ തീര്‍ത്ഥാടനത്തില്‍ മരിയ ഭക്തരായ ആയിരങ്ങളെ വരവേല്ക്കുവാന് വാത്സിങ്ഹാം ഒരുങ്ങി. ഗ്രേറ്റ് ബ്രിട്ടന് സീറോ മലബാര്‍ രൂപതയുടെ ആഭിമുഖ്യത്തില്‍ ആഘോഷമായി നടത്തപ്പെടുന്ന വാത്സിങ്ങാം മരിയന്‍ തീര്‍ത്ഥാടനവും തിരുന്നാളും ജൂലൈ 19ന് ശനിയാഴ്ച്ച ഭക്തിനിര്‍ഭരമായി കൊണ്ടാടും.
തീര്‍ത്ഥാടന ശുശ്രുഷകളുടെയും തിരുക്കര്‍മ്മങ്ങളുടെയും സമയക്രമം പ്രഖ്യാപിച്ചു. ജൂലൈ 19 ന് ശനിയാഴ്ച്ച രാവിലെ ഒമ്പതരയ്ക്ക് സപ്രാ യാമപ്രാര്‍ത്ഥനയോടെ തിരുന്നാള്‍ തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കും. വൈകുന്നേരം നാലരയോടെ തീര്‍ത്ഥാടന തിരുക്കര്‍മ്മങ്ങള്‍ സമാപിക്കുന്നതാണ്.
ഗ്രേറ്റ് ബ്രിട്ടന് സീറോ മലബാര്‍ രൂപതയുടെ ആഭിമുഖ്യത്തില്‍ ഇത് ഒമ്പതാം തവണയാണ് തീര്‍ത്ഥാടനം നടക്കുന്നത്. യുറോപ്പിലെമ്പാടുമുള്ള സീറോ മലബാര്‍ വിശ്വാസികളുടെ ഏറ്റവും വലിയ മരിയന്‍ സംഗമവേദിയായാണ് വാത്സിങ്ങാം തീര്‍ത്ഥാടനം ശ്രദ്ധിക്കപ്പെടുന്നത്. വ്യക്തിഗത യാത്രാ സംവിധാനം ഒഴിവാക്കി, ഇടവകകളുടെ നേതൃത്വത്തില്‍ സജ്ജീകരിച്ചിട്ടുള്ള കോച്ചുകളില്‍ പ്രാര്‍ത്ഥനയുടെ അന്തരീക്ഷത്തില്‍ ഒരുമിച്ചു യാത്ര ചെയ്തു തീര്‍ത്ഥാടനത്തിനായി എത്തുവാന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
തീര്‍ത്ഥാടനത്തിന്റെ സമയക്രമം താഴെപ്പറയുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.
9:30 എ എം സപ്രാ, ആരാധന
10:15 - മരിയന്‍ പ്രഘോഷണം
11:00 - കൊടിയേറ്റ്
11:30 - ഉച്ചഭക്ഷണം ,അടിമവക്കല്‍ .
12:15 - പ്രസുദേന്തി വാഴിയ്ക്കല്‍ .
12:30 - ആഘോഷമായ പ്രദക്ഷിണം .
13:45 -എസ് എം വൈ എം മ്യൂസിക് മിനിസ്ട്രി ഒരുക്കുന്ന 'സമയം ബാന്‍ഡ്'
14:15 - മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ആഘോഷമായ തിരുന്നാള്‍ സമൂഹബലി
16:30 - നന്ദി പ്രകാശനം, തീര്‍ത്ഥാടന സമാപനം .
തീര്‍ത്ഥാടന കേന്ദ്രത്തിന്റെ വിലാസം
Catholic National Shrine of Our Lady, Walshingham, Houghton St. Giles, Norfolk,NR22 6AL