ജപമാല വൈദികന്‍റെ നാമകരണനടപടികള്‍ പുരോഗമിക്കുന്നു; ഫാ. പാട്രിക്കിനെ ജപമാല ഭക്തനാക്കിയത് മരണക്കിടക്കിയിലെ അത്ഭുത സൗഖ്യം
ബോസ്റ്റണ്‍/യുഎസ്എ: ഒന്നിച്ച് പ്രാര്‍ത്ഥിക്കുന്ന കുടുംബം ഒരുമിച്ച് നിലനില്‍ക്കുന്നു (‘A family that prays together stays together’) എന്ന പ്രസിദ്ധമായ പ്രബോധനത്തിന് തുടക്കം കുറിച്ച ജപമാലയുടെ വൈദികന്‍ എന്നറിയപ്പെടുന്ന ധന്യന്‍ ഫാ. പാട്രിക് പേയ്റ്റന്‍റെ ഭൗതികശരീരം മസാച്യുസെറ്റ്സിലെ നവീകരിച്ച തീര്‍ത്ഥാടന കേന്ദ്രത്തിലേക്ക് മാറ്റി. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് കുടുംബങ്ങളെ ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കാന്‍ പ്രേരിപ്പിച്ച ഫാ. പേയ്റ്റന്‍റെ നാമകരണനടപടികളുടെ ഭാഗമായാണ് ഹോളി ക്രോസ് സഭാംഗമായ അദ്ദേഹത്തിന്‍റെ ഭൗതികശരീരം ബോസ്റ്റണ് സമീപമുള്ള ‘ഫാ. പേയ്റ്റന്‍ സെന്ററി’ലെ ചാപ്പലിലേക്ക് മാറ്റിയത്.
കുടുംബങ്ങള്‍ ഒന്നിച്ച് ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കേണ്ടതിന്‍റെ പ്രാധാന്യം വിളിച്ചോതുന്ന ആത്മീയ മുന്നേറ്റത്തിന് തുടക്കമിട്ട വൈദികനാണ് ഐറിഷ്-അമേരിക്കന്‍ വംശജനായ ഫാ. പാട്രിക്ക് പേയ്റ്റന്‍. 1939-ല്‍ ക്ഷയരോഗം ബാധിച്ച് മരണാസന്നനായ സമയത്താണ് ഫാ. പാട്രിക് പേയ്റ്റന്‍റെ ജീവിതത്തില്‍ അദ്ദേഹത്തിന്‍റെ മാനസാന്തരത്തിന് കാരണമായ അത്ഭുതം നടക്കുന്നത്. രോഗം മൂര്‍ച്ഛിച്ച് വിശ്വാസം നഷ്ടപ്പെട്ട അവസ്ഥയില്‍, ഒരു സുഹൃത്തായ വൈദികന്റെ ഉപദേശപ്രകാരം അദ്ദേഹം മാതാവിന്റെ മാധ്യസ്ഥം തേടി പ്രാര്‍ത്ഥിക്കാന്‍ ആരംഭിച്ചു. കുട്ടിക്കാലത്ത് കുടുംബത്തോടൊപ്പം ജപമാല ചൊല്ലിയ ഓര്‍മ്മകളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട്, സുഹൃത്തുക്കളോടും ബന്ധുക്കളോടും തനിക്കായി മാതാവിനോട് പ്രാര്‍ത്ഥിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. രോഗം ഭേദമായാല്‍ ശേഷിച്ച ജീവിതം മുഴുവന്‍ ജപമാല ഭക്തി പ്രചരിപ്പിക്കാനായി മാറ്റിവെക്കുമെന്ന് അദ്ദേഹം ദൈവത്തിന് വാഗ്ദാനം നല്‍കി.
തുടര്‍ന്ന് നടന്ന അത്ഭുതകരമായ രോഗമുക്തിക്ക് ശേഷം അദ്ദേഹം വൈദികനായി ഹോളി ക്രോസ് സന്യാസ സഭയിലെ വൈദികനായി അഭിഷിക്തനായി. ശിഷ്ട ജീവിതകാലം റേഡിയോ, ടെലിവിഷന്‍ പരിപാടികളിലൂടെ ജപമാല പ്രചരിപ്പിച്ചുകൊണ്ടും ജപമാല പ്രാര്‍ത്ഥന പ്രോത്സാഹിപ്പിക്കുന്ന ബില്‍ബോര്‍ഡുകള്‍ സ്ഥാപിച്ചുകൊണ്ടും ജപമാല റാലികള്‍ സംഘടിപ്പിച്ചുകൊണ്ടും അദ്ദേഹം ജപമാല പ്രാര്‍ത്ഥന പ്രചരിപ്പിച്ചു.
ഫാ. പേയ്റ്റന്‍റെ ഭൗതികശരീരം അടക്കം ചെയ്തതോടെ ‘ഫാ. പേയ്റ്റന്‍ സെന്‍റര്‍’ ഒരു പ്രധാന തീര്‍ത്ഥാടന കേന്ദ്രമായി മാറും. ഫ്രാന്‍സിലെ ലൂര്‍ദ് തീര്‍ത്ഥാടന കേന്ദ്രത്തിലെ ഗ്രോട്ടോയുടെ മാതൃകയില്‍ നിര്‍മിച്ച ഒരു ഗ്രോട്ടോ, പ്രത്യേക ജപമാല പ്രദര്‍ശനം, റോസറി വാക്ക്, ഫാ. പേയ്റ്റന്റെ ജീവിതം വിവരിക്കുന്ന മ്യൂസിയം എന്നിവയും ഈ കേന്ദ്രത്തില്‍ ഒരുക്കിയിട്ടുണ്ട്. അദ്ദേഹം അംഗമായിരുന്ന ഹോളി ക്രോസ് സന്യാസ സമൂഹത്തിലെ വൈദികരാണ് ഈ കേന്ദ്രത്തിന്‍റെ മേല്‍നോട്ടം വഹിക്കുന്നത്.
2017 ഡിസംബറില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അദ്ദേഹത്തെ ‘ധന്യന്‍’ ആയി പ്രഖ്യാപിച്ചിരുന്നു. നാമകരണനടപടിയുടെ അടുത്ത ഘട്ടമായ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനത്തിന് മുന്നോടിയായി ഫാ. പേയ്റ്റന്‍റെ മധ്യസ്ഥതയില്‍ നടന്ന ഒരു മെഡിക്കല്‍ അത്ഭുതം വത്തിക്കാന്‍ അംഗീകരിക്കേണ്ടതുണ്ട്. അത്തരമൊരു അത്ഭുതത്തിനായുള്ള കാത്തിരിപ്പിലാണ് ഈ കേന്ദ്രവും ഇവിടെയുള്ള വിശ്വാസി സമൂഹവും.