നക്കാപ്പിച്ച കണ്ട് നായന്മാർ വീണുപോകരുത്,
ഭാര്യമാർക്കും മക്കൾക്കും ജോലി നൽകി ആളുകളെ അടിമകളാക്കുകയാണ് സുകുമാരൻ നായർ: ഗണേഷ് കുമാർ
ഇടുക്കി: എൻഎസ്എസിനെ ദുഷ്ടന്‍റെയും ഭീരുവിന്‍റെയും കൈയിൽ നിന്ന് രക്ഷിക്കണമെന്നും സംഘടനയെ "എംഎസ്എസ്' (മക്കൾ സർവീസ് സൊസൈറ്റി) എന്ന നിലയിലേക്ക് മാറ്റാനാണ് ശ്രമിക്കുന്നതെന്നും
ബന്ധുക്കൾക്ക് ജോലി ഉറപ്പാക്കാൻ വേണ്ടി മാത്രമാണ് ലീഗ് മന്ത്രിയെ പൊന്നാടയണിയിച്ച് സ്വീകരിച്ചതെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ.
കോൺഗ്രസ് മന്ത്രിമാരെ ഇത്തരത്തിൽ സ്വീകരിക്കാറുണ്ടോ? നക്കാപ്പിച്ച കണ്ട് നായന്മാർ വീണുപോകരുത്. ഭാര്യമാർക്കും മക്കൾക്കും ജോലി നൽകി ആളുകളെ അടിമകളാക്കുകയാണ് സുകുമാരൻ നായർ.
മുസ്‌ലിം പണ്ഡിതനെയോ സമുദായ നേതാവിനെയോ മന്നത്ത് അനുസ്മര പരിപാടികളിൽ സംസാരിക്കാൻ ക്ഷണിക്കുമോ? ചങ്ങനാശേരിയിലെ ചന്ദനക്കുടം നേർച്ച നിർത്താൻ ഇടപെട്ടത് സുകുമാരൻ നായരാണ് . എന്നാൽ തനിക്ക് മുസ്‌ലിം സമുദായത്തോട് സ്നേഹമാണെന്ന് പറയുന്നതിന്‍റെ ഇരട്ടത്താപ്പ് ടിവിയിലൂടെ കാണുമ്പോൾ വ്യക്തമാകുന്നുണ്ട്.
മുമ്പ് അമൃതാനന്ദമയിയമ്മയെ ജാതി പറഞ്ഞ് അധിക്ഷേപിച്ച വ്യക്തിയാണ് സുകുമാരൻ നായരെങ്കിലും അതേ അമ്മയുടെ കോളജിലാണ് അദ്ദേഹത്തിന്‍റെ കൊച്ചുമകൻ എംടെക് പഠിക്കുന്നത്.
പഠനം കഴിഞ്ഞാൽ പാലക്കാട് എൻജിനീയറിംഗ് കോളജിൽ ജോലി ലഭിക്കും. ഗോഡ്ഫാദർ സിനിമയിലെ അഞ്ഞൂറാന് സമാനമാണ് സുകുമാരൻ നായർ.
എൻഎസ്എസിലെ പല താലൂക്ക് യൂണിയൻ സെക്രട്ടറിമാരുടെയും അവസ്ഥ ആ സിനിമയിലെ ഹരിശ്രീ അശോകന്‍റെ കഥാപാത്രത്തെപ്പോലെയാണെന്നും ഗണേഷ് കുമാർ പരിഹസിച്ചു.
ജനാധിപത്യത്തിൽ വിശ്വാസമുണ്ടെങ്കിൽ ഹൈറേഞ്ചിൽ ഉൾപ്പെടെ തെരഞ്ഞെടുപ്പ് നടത്തണം. ഔദ്യോഗിക പാനലിതിരെ വോട്ട് ചെയ്യാൻ ആളുകൾ ധൈര്യം കാണിക്കണം.
സ്ത്രീകൾ മത്സര രംഗത്തേക്ക് വരണം. തെറ്റ് ചെയ്യുന്നവരെ ചോദ്യം ചെയ്യണമെന്നും ഗണേഷ് കുമാർ പറഞ്ഞു.