മന്ത്രിമാരെ അനുസരിക്കാത്ത ഉദ്യോഗസ്ഥരുടെ നീക്കങ്ങൾ സർക്കാരിന് തലവേദനയാകുന്നു; ഭരണപരമായ 'തോന്യാസങ്ങൾ' തിരുത്താൻ വി.ഡി സർക്കാർ പ്രത്യേക കർമ്മപദ്ധതിയിലേക്ക്
 

 
reena

തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണമാറ്റം സംഭവിച്ചത് 'അറിയാതെയും' 'ഉള്‍ക്കൊള്ളാതെയും' ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ ഇപ്പോഴും 'ഇടത് ഭക്തി' തുടരുന്നതിന് മികച്ച ഉദാഹരണമാണ് സംസ്ഥാന ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. റീന.

ഡിഎച്ച്എസ് പദവിയില്‍ കാലാവധി തികഞ്ഞ ഡോ. റീനയെ തത്തുല്യമായ മറ്റൊരു പദവിയിലേയ്ക്ക് സ്ഥലം മാറ്റിയിട്ടും ആ ഉത്തരവ് അംഗീകരിക്കാതെ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ച് പദവിയില്‍ തുടരാനുള്ള അവരുടെ നീക്കമാണ് ഇന്ന് ഹൈക്കോടതി തടഞ്ഞത്.

സംസ്ഥാനത്തെ ആരോഗ്യ മേഖല അതീവ ഗുരുതരമായ സാഹചര്യങ്ങളിലൂടെ കടന്നുപോകുമ്പോഴായിരുന്നു ആരോഗ്യ മന്ത്രിയുടെ നിര്‍ദേശങ്ങളെ മറികടന്ന് പദവിയിലിരുന്ന് 'തോന്യാസം' കാണിക്കാന്‍ ഡിഎച്ച്എസ് പദവിയിലിരുന്ന ആള്‍ ശ്രമിച്ചതെന്നതാണ് കൗതുകം.

സമൂഹത്തോടുള്ള കടപ്പാടിനേക്കാള്‍ പാര്‍ട്ടിയോട് കൂറുകാണിക്കാനാണ് അവര്‍ ശ്രമിച്ചത്. സ്വന്തം തൊഴില്‍ മേഖലയോടുപോലും കൂറ് കാണിക്കാന്‍ അവര്‍ തയ്യാറായില്ല. 

എന്നാല്‍, സംസ്ഥാന ഗവണ്‍മെന്‍റില്‍ വലിയൊരു വിഭാഗം ഉദ്യോഗസ്ഥരും ഇപ്പോള്‍ കഴിഞ്ഞ 10 വര്‍ഷത്തെ അനുഭവത്തില്‍ അതേ ശൈലി പിന്‍തുടരുന്നതാണ് കാഴ്ച. 

പോലീസിലും വിദ്യാഭ്യാസ വകുപ്പിലും എക്സൈസിലും സഹകരണ വകുപ്പിലുമെല്ലാം വ്യാപകമായി ഉന്നത പദവിയിലിരിക്കുന്ന ഉദ്യോഗസ്ഥര്‍ ഇതേ ശൈലി തുടര്‍ന്നുവരുന്നതാണ് കാണുന്നത്.

സര്‍ക്കാര്‍ താല്‍പര്യങ്ങള്‍ക്ക് എതിരു നില്‍ക്കുന്ന ഉദ്യോഗസ്ഥരെ തെരഞ്ഞുപിടിച്ച് അവര്‍ 'അര്‍ഹിക്കുന്ന' കസേരകളിലേയ്ക്ക് മാറ്റി ഇരുത്താനുള്ള നടപടികളാണ് പുതിയ സര്‍ക്കാരിനെ ഏറ്റവുമധികം പ്രയാസകരമാക്കുന്നത്. 

മാത്രമല്ല, ഇത്തരം ഉദ്യോഗസ്ഥര്‍ കഴിഞ്ഞ കാലങ്ങളില്‍ നിക്ഷിപ്ത താല്‍പര്യങ്ങള്‍ വച്ച് 'കൈകാര്യം' ചെയ്ത ഫയലുകളും തീരുമാനങ്ങളും കണ്ടെത്താന്‍ വിജിലന്‍സിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി കഴിഞ്ഞു. അതാത് വകുപ്പുകളിലെ ഭരണപക്ഷ അനുകൂല സംഘടനകളുടെ സഹായങ്ങളും തേടിയേക്കും.

പദവികളിലിരുന്ന് അഴിമതി കാണിക്കുകയും അഴിമതിക്ക് കൂട്ടുനില്‍ക്കുകയും ചെയ്ത ഉദ്യോഗസ്ഥരുടെ ലിസ്റ്റ് തയ്യാറാക്കും. അതിനുശേഷമാകും ഇവരുടെ പൂര്‍വ്വകാല ചരിത്രത്തിന്‍റെ തീവ്രത പരിശോധിച്ച് നടടി ഉണ്ടാകുക. അതോടെ ഇപ്പോള്‍ മന്ത്രിമാരെ അനുസരിക്കാന്‍ മടിച്ചുനില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ക്കൊക്കെ കാര്യങ്ങള്‍ ബോധ്യമായി തുടങ്ങും.  

Tags

Share this story

From Around the Web