'താമരത്തണ്ടൊടിച്ച് ക്രൈസ്തവർ'. ക്രിസ്ത്യൻ വിഭാഗത്തെ അകർഷിക്കാനുള്ള നീക്കം പാളി. പിസി ജോര്‍ജിന്‍റെയും മകന്‍റെയും സാന്നിധ്യം ഗുണത്തേക്കാളേറെ ദോഷം. ഉത്തരേന്ത്യയിലെ ക്രൈസ്തവ പീഡനവും തിരിച്ചടിയായി
തിരുവനന്തപുരം: ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ക്രൈസ്തവ വോട്ടര്‍മാരെ ആകർഷിക്കാനുള്ള നീക്കം പാടെ പാളിയെന്ന് സംഘപരിവാറിന്റെ വിലയിരുത്തൽ.
ക്രിസ്ത്യൻ വോട്ടുകൾ ആകർഷിക്കാനായില്ലെന്ന് മാത്രമല്ല അതിന് ശ്രമിച്ചത് വഴി ഹിന്ദു വോട്ടുകൾ നഷ്ടമായെന്നും ബി.ജെ.പി - ആർ.എസ്.എസ് നേതൃത്വങ്ങൾ വിലയിരുത്തുന്നു.
ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ക്രൈസ്തവ സമുദായത്തിൽ നിന്നും കണ്ടെത്തി മത്സരിപ്പിച്ച സ്ഥാനാർത്ഥികളിൽ 1.3 ശതമാനം മാത്രമാണ് വിജയിച്ചതെന്നാണ് വിലയിരുത്തലുള്ളത്.
അതുകൊണ്ട് തന്നെ ബി.ജെ.പിയുടെ പ്രഖ്യാപിത നിലപാടായ തീവ്ര ഹിന്ദുത്വത്തിലേക്ക് തിരിച്ചു പോകണമെന്ന അഭിപ്രായമാണ് പാർട്ടിക്കുള്ളിൽ ഉയർന്നിട്ടുള്ളത്.
തദ്ദേശ തെരഞ്ഞെടുപ്പിൽ ക്രിസ്ത്യൻ സമുദായത്തിൽ നിന്ന് 1926 സ്ഥാനാർത്ഥികളെയാണ് 14 ജില്ലകളിലായി ബിജെപി മത്സരിപ്പിച്ചത്. 25 പേർ മാത്രമാണ് ജയിച്ചത്. എട്ട് ജില്ലകളിൽ മാത്രമാണ് ജയിക്കാനായത്. കോട്ടയം ജില്ലയിൽ പോലും കാര്യമായ നേട്ടമുണ്ടാക്കാൻ ബി.ജെ.പിക്ക് ആയില്ല.
കോട്ടയത്ത് 96 സ്ഥാനാർത്ഥികളെ മത്സരിപ്പിച്ചതിൽ 12 പേർ മാത്രമാണ് ജയിച്ചത്. പി.സി ജോര്‍ജും മകന്‍ ഷോണ്‍ ജോര്‍ജും പാര്‍ട്ടിയിലെത്തിയിട്ടും ഗുണം ചെയ്തില്ല. എന്നു മാത്രമല്ല ഇരുവരുടെയും പാര്‍ട്ടിയിലുള്ള സാന്നിധ്യം മിക്ക സഭാ മേലദ്ധ്യക്ഷന്മാരും ബിജെപിയോട് അകലം പാലിക്കാന്‍ കാരണമായിട്ടുണ്ടെന്നും വിലയിരുത്തലുണ്ട്.

2020 ലെ തെരഞ്ഞെടുപ്പിലെ വോട്ട് ശതമാനത്തിലേക്ക് ബി.ജെ.പിക്ക് എത്താനായില്ല. എന്നാൽ ഹിന്ദുത്വയിലൂന്നി പ്രചാരണം നയിച്ച തിരുവനന്തപുരത്തും തൃപ്പൂണിത്തുറയിലും പാർട്ടി വിജയിച്ച് കയറിയത് നേതൃത്വത്തിന് ആത്മവിശ്വാസം പകർന്നിട്ടുണ്ട്.
മുൻ കൗൺസിലറും ആർ.എസ്.എസ് നേതാവുമായിരുന്ന തിരുമല അനിലിന്റെ ആത്മഹത്യ നടന്നിട്ടും അവിടെ ആർ.എസ്.എസ് പ്രചാരകനെ ഇറക്കി പ്രചാരണം നടത്തി വാർഡ് തിരിച്ചു പിടിക്കുകയായിരുന്നു.
മാറ്റം അനിവാര്യമാണെന്നും ഈ സംഭവത്തിന്റെ പേരിൽ ആർ.എസ്.എസിന്റെ രാഷ്ട്രീയ മുഖമായ ബി.ജെ.പി തോൽക്കാൻ പാടില്ലെന്നുമായിരുന്നു ആർ.എസ്.എസ് വീടുവിടാന്തരം നടത്തിയ പ്രചാരണത്തിന്റെ കാതൽ. അത് ഫലിച്ചതും തീവ്ര ഹിന്ദുത്വത്തിലേക്ക് മടങ്ങാനുള്ള സൂചനയാണ് പുറത്ത് നൽകുന്നത്.
ബി.ജെ.പിക്ക് ലോക്‌സഭാംഗമുള്ള തൃശ്ശൂർ അടക്കമുള്ള സ്ഥലങ്ങളിൽ കനത്ത തിരിച്ചടിയാണ് ബി.ജെ.പിക്കുണ്ടായത്. തൃശൂരിൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ ലഭിച്ച ക്രൈസ്തവ വോട്ടുകൾ ഇപ്പോൾ ലഭിച്ചില്ലെന്നും വിലയിരുത്തലുണ്ട്.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ സംഘപരിവാർ ആക്രമണങ്ങളിൽപെടുന്ന വൈദികർക്കും കന്യാസ്ത്രീകൾക്കുമുള്ള കേരള ബന്ധം ബി.ജെ.പിക്ക് വിനയായിട്ടുണ്ട്.
അവിടെ പള്ളികളിൽ കയറി അക്രമം നടത്തിയിട്ടും അതിനെ അപലപിക്കാൻ ബി.ജെ.പി കേരള, കേന്ദ്ര നേതൃത്വങ്ങൾ തയ്യാറാകാത്തതിലും ക്രൈസ്തവ സമൂഹത്തിൽ എതിർപ്പുയർത്തുന്നുണ്ട്.
സംസ്ഥാനത്തും രാജ്യത്തും ആർ.എസ്.എസിന്റെ അജണ്ട നടപ്പാവില്ലെന്നും അതിനുവേണ്ടി ക്രൈസ്തവർ രക്തസാക്ഷിത്വം വരിക്കാൻ തയ്യാറാണെന്നുമുള്ള ഓർത്തഡോക്‌സ് പരമാധ്യക്ഷന്റെ മുന്നറിയിപ്പും സംഘപരിവാർ - ബി.ജെ.പി നേതൃത്വങ്ങൾക്ക് തിരിച്ചടിയായിട്ടുണ്ട്.
തിരഞ്ഞെടുപ്പ് കമ്മിഷന്റെ അന്തിമ കണക്കുപ്രകാരം ബി.ജെ.പി നേതൃത്വം നൽകുന്ന എൻഡിഎയുടെ വോട്ടുവിഹിതം 2020 ലെ തദ്ദേശ തെരഞ്ഞെടുപ്പിലെ നേട്ടത്തിന് ഒപ്പം എത്തിയിട്ടില്ല.
അതേസമയം തിരുവനന്തപുരം കോർപ്പറേഷനിലെ ഭരണം പിടിക്കാനായതും നഗരങ്ങളിൽ മുന്നേറ്റമുണ്ടാക്കാനായതും നേട്ടമായി ബിജെപി വിലയിരുത്തുന്നു.
ക്രിസ്ത്യൻ ഔട്ട് റീച്ച് പാളിയ പശ്ചാത്തലത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ 30 സ്ഥാനാർഥികളെ നേരത്തെ പ്രഖ്യാപിക്കാൻ ബി.ജെ.പി തീരുമാനിച്ചു. ജനുവരി 12 ന് തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങും.
നേമത്ത് രാജീവ് ചന്ദ്രശേഖറും കഴക്കൂട്ടത്ത് വി മുരളീധരനും സീറ്റ് ഉറപ്പിച്ചു. കെ സുരേന്ദ്രൻറെ പേരാണ് പാലക്കാട് സജീവ പരിഗണനയിലുള്ളത്.
ശോഭ സുരേന്ദ്രൻറെ പേര് കായംകുളത്താണ് പരിഗണിക്കുന്നതെങ്കിലും ചെങ്ങുന്നർ മണ്ഡലത്തിലുള്ള അനുകൂല ഘടകവും കണക്കിലെടുത്തേക്കും.