കൊച്ചിയിലെ സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിന് കടിഞ്ഞാണിടാൻ മോട്ടോർ വാഹനവകുപ്പ്. സമയക്രമം അടിമുടി പരിഷ്കരിക്കുന്നു
കൊച്ചി: നഗരത്തിലെ സ്വകാര്യ ബസുകളുടെ അപകടകരമായ മത്സരയോട്ടത്തിനും സമയക്രമത്തെച്ചൊല്ലിയുള്ള തർക്കങ്ങൾക്കും കടിഞ്ഞാണിടാൻ മോട്ടോർ വാഹനവകുപ്പ് ഒരുങ്ങുന്നു.
ജില്ലയിലെ സ്വകാര്യ ബസുകളുടെ സമയക്രമം അടിമുടി പരിഷ്കരിക്കുന്നതിലൂടെ ഒരേ റൂട്ടിൽ സെക്കൻഡുകളുടെ വ്യത്യാസത്തിൽ ബസുകൾ പാഞ്ഞടുക്കുന്നതും, സ്റ്റോപ്പുകളിൽ ജീവനക്കാർ തമ്മിലുണ്ടാകുന്ന കൈയാങ്കളികളും അവസാനിപ്പിക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്.
പഴയതുപോലെ എല്ലാ റൂട്ടുകൾക്കും ഒരേ 'റണ്ണിങ് ടൈം' എന്ന രീതി ഇനി നടപ്പാക്കില്ല. നഗരത്തിലെ ഗതാഗതക്കുരുക്ക്, ദൂരം, തിരക്കുള്ള സമയങ്ങൾ, തിരക്കില്ലാത്ത സമയം എന്നിവ കൃത്യമായി പഠിച്ച ശേഷമായിരിക്കും ഓരോ റൂട്ടിലെയും ബസ് സമയം നിശ്ചയിക്കുകയെന്ന് എറണാകുളം ആർ.ടി.ഒ. ടി.പി. യൂസഫ് വ്യക്തമാക്കി. ജി.പി.എസിന്റെ സഹായത്തോടെ മോട്ടോർ വാഹനവകുപ്പ് ഇതിന്റെ പ്രാഥമിക പഠനം നടത്തിക്കഴിഞ്ഞു.
ഒരു ട്രിപ്പ് കുറഞ്ഞാൽ വരുമാനം ഇടിയുമോ എന്ന ആശങ്ക ബസ്സുടമകൾ പങ്കുവയ്ക്കുന്നുണ്ടെങ്കിലും, റണ്ണിങ് ടൈം പുനഃക്രമീകരിക്കുന്നത് വഴി യാത്രക്കാരുടെ എണ്ണത്തിൽ കുറവുണ്ടാകില്ലെന്നാണ് മോട്ടോർ വാഹനവകുപ്പിന്റെ വിലയിരുത്തൽ.
നിലവിൽ യാത്ര ചെയ്യുന്നവർ പുതിയ സമയക്രമത്തിലും ബസ് സേവനം ഉപയോഗപ്പെടുത്തും. എങ്കിലും സർവീസുകളുടെ എണ്ണത്തിലും ബസുകൾ തമ്മിലുള്ള ഇടവേളയിലുമുണ്ടാകുന്ന വ്യത്യാസം യാത്രക്കാരെ എങ്ങനെ ബാധിക്കുമെന്ന കാര്യം ചർച്ചകളിൽ വിശദമായി പരിശോധിക്കും.
ഗതാഗത കമ്മിഷണറുടെ അധ്യക്ഷതയിൽ ബസ് അസോസിയേഷൻ ഭാരവാഹികളുമായി നടത്തിയ പ്രാഥമിക ചർച്ചയിൽ പുതിയ നിർദ്ദേശങ്ങളോട് ഉടമകളും അനുകൂലമായാണ് പ്രതികരിച്ചിട്ടുള്ളത്. ഡിസംബർ ഒന്ന് മുതൽ സെക്ടർ തിരിച്ചുള്ള വിശദമായ ചർച്ചകൾ ആരംഭിക്കും.
ഒരു റൂട്ടിൽ സർവീസ് നടത്തുന്ന പ്രധാന ബസുകൾക്ക് പുറമെ, മറ്റ് വഴികളിൽ നിന്ന് വന്ന് ഈ റൂട്ടിലേക്ക് പ്രവേശിക്കുന്ന ബസുകളെയും ചർച്ചയിൽ ഉൾപ്പെടുത്തും. ബസ്സുടമകൾ, തൊഴിലാളികൾ, യാത്രാപ്രതിനിധികൾ എന്നിവരുടെ അഭിപ്രായങ്ങൾ സമാഹരിച്ച ശേഷമായിരിക്കും അന്തിമ ടൈം ടേബിൾ തയ്യാറാക്കുക.
ജില്ലയിൽ ആകെ ഓടുന്ന 1,080 സ്വകാര്യ ബസുകളിൽ 460-ഓളവും കൊച്ചി നഗരപരിധിയിലാണുള്ളത്. ഒന്നാം ഘട്ടത്തിൽ കൊച്ചി സിറ്റിയിലെ ബസുകളിലാണ് പരിഷ്കാരം നടപ്പാക്കുന്നത്. ഇത് വിജയകരമായാൽ ജില്ലയിലെ ഗ്രാമീണ മേഖലകളിലേക്കും വ്യാപിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.