നൈജീരിയയിലെ എനുഗു കത്തോലിക്കാ രൂപതയുടെ കീഴിലുള്ള 'മദർ ഓഫ് ക്രൈസ്റ്റ്' സ്പെഷ്യലിസ്റ്റ് ആശുപത്രിയിലുണ്ടായ വൻ തീപിടുത്തത്തിനിടയിലും പോറലേൽക്കാതെ പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുസ്വരൂപം

 
Mother mary
നൈജീരിയയിലെ എനുഗു കത്തോലിക്കാ രൂപതയുടെ കീഴിലുള്ള 'മദർ ഓഫ് ക്രൈസ്റ്റ്' സ്പെഷ്യലിസ്റ്റ് ആശുപത്രിയിലുണ്ടായ വൻ തീപിടുത്തത്തിനിടയിലും പോറലേൽക്കാതെ പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുസ്വരൂപം. 2026 മെയ് 10-ന് നടന്ന ഈ സംഭവം കത്തോലിക്കർക്കും ഇതര മതസ്ഥർക്കും ഒരുപോലെ അത്ഭുതമായി മാറിയിരിക്കുകയാണ്. മെയ് 10-ന് രാത്രി പത്തു മണിയോടെയാണ് ആശുപത്രിയിൽ തീപിടുത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്ന് കരുതപ്പെടുന്നു. ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ മരിയ ചൈനാമെറെം ഇഗ്‌വെ പറയുന്നതനുസരിച്ച്, റിസപ്ഷൻ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസുകൾ, സിസിടിവി കൺട്രോൾ റൂം, ഡോക്ടർമാരുടെ ലോഞ്ച്, കുട്ടികളുടെ വാർഡിന്റെ ഒരു ഭാഗം എന്നിവ തീയിൽ പൂർണ്ണമായും നശിച്ചു. കമ്പ്യൂട്ടറുകളും പ്രിന്ററുകളും ഉൾപ്പെടെ ദശലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തീപിടുത്തമുണ്ടായ ഭാഗത്തിന് തൊട്ടടുത്തായി സ്ഥാപിച്ചിരുന്ന പരിശുദ്ധ കന്യക മറിയത്തിന്റെ തിരുഃസ്വാരൂപമാണ്‌ അത്ഭുതകരമായി രക്ഷപെട്ടത്. രൂപത്തിനടുത്തായിരുന്ന വാട്ടർ ഡിസ്പെൻസർ ഉരുകിപ്പോകുകയും സിസിടിവി വയറുകൾ കത്തിയമരുകയും ചെയ്തിട്ടും, തിരുസ്വരൂപത്തിന് ചുറ്റുമുണ്ടായിരുന്ന മേശവിരിക്കോ പൂക്കൾക്കോ പോലും തീപിടിച്ചില്ല എന്നത് ഏവരെയും അത്ഭുതപ്പെടുത്തി. ആശുപത്രിയിലെ പ്രധാന രേഖകൾ സൂക്ഷിച്ചിരുന്ന അഡ്മിനിസ്ട്രേറ്ററുടെ ഓഫീസിലേക്ക് തീ പടരുന്നത് തടഞ്ഞത് പരിശുദ്ധ അമ്മയുടെ സാന്നിധ്യമാണെന്ന് സിസ്റ്റർ മരിയ വിശ്വസിക്കുന്നു. "എന്റെ ഓഫീസിൽ പുകയുടെ ഗന്ധം പോലും ഉണ്ടായിരുന്നില്ല. ഇത് വലിയൊരു അത്ഭുതമാണെന്ന് തിരിച്ചറിഞ്ഞപ്പോൾ ഞാൻ കരഞ്ഞുപോയി എന്ന് സിസ്റ്റർ പറഞ്ഞു. ഈ സംഭവം അറിഞ്ഞ് കത്തോലിക്കർ മാത്രമല്ല, മറ്റ് ക്രൈസ്തവ വിഭാഗങ്ങളിൽപ്പെട്ടവരും ആശുപത്രിയിലേക്ക് ഒഴുകിയെത്തുകയാണ്. പരിശുദ്ധ അമ്മയ്ക്ക്  എത്രത്തോളം ശക്തിയുണ്ടെന്ന്  ഈ സംഭവം തെളിയിക്കുന്നുവെന്ന് ദൃക്സാക്ഷികൾ സാക്ഷ്യപ്പെടുത്തുന്നു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല എന്നത് വലിയ ആശ്വാസമാണ്. ഏകദേശം 70 വർഷത്തിലധികം പഴക്കമുള്ള ഈ ആശുപത്രിയുടെ പുനരുദ്ധാരണത്തിനായി വലിയൊരു തുക ചിലവ് വരുമെന്നാണ് കണക്കാക്കുന്നത്. ആശുപത്രിയെ സ്നേഹിക്കുന്നവരും സുമനസ്സുകളും പുനർനിർമ്മാണ പ്രവർത്തനങ്ങളിൽ പങ്കാളികളാകണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

Tags

Share this story

From Around the Web