ആഫ്രിക്കയിലെ മാതാവ്: ലെയോ പതിനാലാമൻ മാർപാപ്പ സന്ദർശിച്ച അൾജീരിയൻ ബസിലിക്കയുടെ ചരിത്രവും പ്രത്യേകതകളും
ലെയോ പതിനാലാമൻ മാർപാപ്പ തന്റെ ആഫ്രിക്കൻ അപ്പസ്തോലിക യാത്രയുടെ ഭാഗമായി അൾജീരിയയിലെ പ്രശസ്തമായ ‘ബസിലിക്ക ഓഫ് ഔർ ലേഡി ഓഫ് ആഫ്രിക്ക’ സന്ദർശിച്ചു. 2026 ഏപ്രിൽ 13-ന് നടന്ന ഈ സന്ദർശനത്തിലൂടെ, ഭൂഖണ്ഡത്തിന്റെ വടക്കുഭാഗത്തുള്ള ഏറ്റവും പ്രധാനപ്പെട്ട ആരാധനാലയങ്ങളിലൊന്നായ ഈ ദൈവാലയത്തിലേക്ക് വീണ്ടും ലോകശ്രദ്ധ പതിഞ്ഞിരിക്കുകയാണ്. അൾജിയേഴ്സിലെ 124 മീറ്റർ ഉയരമുള്ള ഒരു പാറക്കെട്ടിന് മുകളിൽ മെഡിറ്ററേനിയൻ കടലിനെ അഭിമുഖീകരിച്ചു നിൽക്കുന്ന ഈ ബസിലിക്ക വാസ്തുവിദ്യ കൊണ്ടും ആത്മീയ പാരമ്പര്യം കൊണ്ടും സവിശേഷമാണ്.
ക്രൈസ്തവരും മുസ്ലീങ്ങളും തമ്മിലുള്ള സൗഹാർദ്ദത്തിന്റെ ഉത്തമ ഉദാഹരണമാണ് ഈ ദൈവാലയം. “ആഫ്രിക്കയിലെ മാതാവേ, ഞങ്ങൾക്കും മുസ്ലീങ്ങൾക്കും വേണ്ടി പ്രാർഥിക്കണമേ” എന്ന ഇവിടത്തെ ലിഖിതം വിഭിന്ന മതവിഭാഗങ്ങൾക്കിടയിലുള്ള ആത്മീയമായ ഐക്യത്തെ വിളിച്ചോതുന്നു. “ലല്ല മെറിയം” എന്ന് മുസ്ലീം വിശ്വാസികൾ വിളിക്കുന്ന ഇവിടം വർഷങ്ങളായി ഇരു മതവിഭാഗങ്ങളുടെയും തീർഥാടന കേന്ദ്രമാണ്. വിശുദ്ധ അഗസ്റ്റിന്റെയും വിശുദ്ധ മോണിക്കയുടെയും സ്മരണകൾ ഉണർത്തുന്ന ചാപ്പലുകൾ വടക്കേ ആഫ്രിക്കയിലെ പുരാതന ക്രൈസ്തവ പാരമ്പര്യത്തെ ഓർമ്മിപ്പിക്കുന്നു.
1858-ൽ ബിഷപ്പ് ലൂയിസ്-ആന്റോയിൻ-അഗസ്റ്റിൻ പാവിയുടെ നേതൃത്വത്തിൽ ആരംഭിച്ച ബസിലിക്കയുടെ നിർമ്മാണം 14 വർഷമെടുത്താണ് പൂർത്തിയാക്കിയത്. 1872-ൽ കർദിനാൾ ചാൾസ് ലാവിഗെറിയാണ് ഇത് ഉദ്ഘാടനം ചെയ്തത്. മാർഗരിറ്റ് ബെർഗർ, അന്ന സിൻക്വിൻ എന്നീ രണ്ട് ഫ്രഞ്ച് യുവതികളുടെ തീക്ഷ്ണമായ മരിയൻ ഭക്തിയിൽ നിന്നാണ് ഈ ദൈവാലയത്തിന്റെ ഉത്ഭവം. മിനാരത്തോട് സാമ്യമുള്ള ചതുരാകൃതിയിലുള്ള മണിഗോപുരവും 48 മീറ്റർ ഉയരമുള്ള താഴികക്കുടവും ഇതിന്റെ വാസ്തുവിദ്യാ വിസ്മയങ്ങളാണ്.
ചരിത്രപരമായ പ്രതിസന്ധികളെയും ഈ ദൈവാലയം അതിജീവിച്ചിട്ടുണ്ട്. 2003-ലെ അൾജീരിയ ഭൂകമ്പത്തിൽ തകർന്ന ബസിലിക്ക, 2007-നും 2010-നും ഇടയിൽ നടന്ന വിപുലമായ പുനരുദ്ധാരണ പ്രവർത്തനങ്ങളിലൂടെയാണ് ഇന്നത്തെ പ്രതാപത്തിലേക്ക് തിരിച്ചെത്തിയത്. നന്ദിസൂചകമായി വിശ്വാസികൾ സമർപ്പിച്ച നിരവധി ഫലകങ്ങൾ ഇന്നും ബസിലിക്കയുടെ ചുവരുകളിൽ കാണാം. മാർപാപ്പയുടെ സന്ദർശനം ഈ പുണ്യഭൂമിയുടെ സമാധാനത്തിന്റെയും സഹവർത്തിത്വത്തിന്റെയും സന്ദേശം ഒരിക്കൽ കൂടി ലോകത്തിന് മുൻപിൽ തുറന്നുകാട്ടുന്നു.