പൂഞ്ഞാർ പയ്യാനിത്തോട്ടം ഗ്രാമത്തിൽ ഉണ്ടായ ഉരുൾപൊട്ടലിൽ മരിച്ച അമ്മയ്ക്കും മകനും നാട് ഇന്നു വിട ചൊല്ലും.കുടുംബത്തിൻ്റെ ദുഖത്തിനൊപ്പം പങ്കുചേർന്നു നാട്ടുകാരും
കോട്ടയം: പൂഞ്ഞാർ പയ്യാനിത്തോട്ടം ഗ്രാമത്തിൽ ഉണ്ടായ ഉരുൾപൊട്ടലിൽ മരിച്ച അമ്മയ്ക്കും മകനും നാട് ഇന്നു വിട ചൊല്ലും. ശനിയാഴ്ച പുലര്‍ച്ചെയുണ്ടായ ഉരുള്‍പ്പൊട്ടലില്‍, പയ്യാനിത്തോട്ടം മണപ്പാട്ട് ജോണിയുടെ ഭാര്യ റെജീനയും മകന്‍ ജോസഫിനും മരണത്തിനു കീഴടങ്ങുകയായിരുന്നു.
അപ്രതീക്ഷിത ദുരന്തത്തിന്റെ ആഘാതത്തില്‍ നിന്നു പയ്യാനിത്തോട്ടം നിവാസികള്‍ മുക്തരായിട്ടില്ല.
നാട്ടുകാർക്ക് ഏറെ സുപരിചിതരാണ് ജോണിയും റെജീനയും മക്കളും. ഏറെ പ്രതീക്ഷകളോടെ ജോണിയും കുടുംബവും രണ്ടു വര്‍ഷം മുമ്പു പണി പൂര്‍ത്തിയാക്കിയ വീടാണ് ഉരുളെടുത്തത്. സ്‌കൂള്‍ ബസ് ഡ്രൈവറായ ജോണിയുടെയും സ്‌കൂള്‍ ജീവനക്കാരിയായ റെജീനയുടെയും കോളജ് ഹോസ്റ്റല്‍ ജീവനക്കാരനായ ജോസഫിന്റെയും ചെറിയ സമ്പാദ്യങ്ങളുടെ ആകെത്തുകയായിരുന്നു ആ ചെറിയ വീട്.
ശനിയാഴ്ച പുലര്‍ച്ചെ മൂന്നോടെയുണ്ടായ മണ്ണിടിച്ചില്‍ വീട് പൂര്‍ണമായി തകര്‍ന്നു. വെള്ളിയാഴ്ച രാത്രി ആരംഭിച്ച മഴ തോരാതെ തുടര്‍ന്നതിനു പിന്നാലെ ഉരുള്‍പ്പൊട്ടലുണ്ടായി. വീടിരുന്ന സ്ഥലം പൂര്‍ണമായും മണ്ണിനടിയിലായി. മണ്ണും കല്ലും മരങ്ങളും മലവെള്ളവും വന്‍ശക്തിയോടെ വീടിനു മുകളിലേക്ക് ഇരച്ചെത്തുകയായിരുന്നു.
ഓടി രക്ഷപ്പെടാന്‍ പോലും കഴിയാതെ മരണത്തിനു കീഴടങ്ങിയ ജോസഫിന്‍ മരണത്തിന് കീഴടങ്ങി. പാലാ ചൂണ്ടച്ചേരി സെന്റ് ജോസഫ്‌സ് എന്‍ജീനിയറിങ്ങ് കോളജിലെ ഹോസ്റ്റല്‍ ജീവനക്കാരനായ ജോസഫിന്‍ ഒരു മാസം മുമ്പ് ഈരാറ്റുപേട്ടയിലുണ്ടായ ബൈക്ക് അപകടത്തില്‍ കാലിനു പരുക്കേറ്റ് നടക്കാന്‍ പോലും പ്രയാസപ്പെട്ട് വീട്ടില്‍ വിശ്രമത്തിലായിരുന്നു. ബൈക്ക് അപകടത്തില്‍ നിന്നു രക്ഷപ്പെട്ട ജോസഫിനെ വിധി മറ്റൊരു രൂപത്തില്‍ കൊണ്ടുപോയതിന്റെ ആഘാതത്തില്‍ നിന്നു ബന്ധുക്കളും നാട്ടുകാരും മുക്തരായിട്ടില്ല. കാലില്‍ പ്ലാസ്റ്ററിട്ട നിലയില്‍ ആദ്യം ജോസഫൈന്റെയും മണിക്കൂറുകള്‍ക്കു ശേഷം വീടിന്റെ മേല്‍ക്കൂര കിടന്ന ഭാഗത്തു നിന്നു റെജീനിയുടെയും മൃതദേഹങ്ങള്‍ കണ്ടെടുക്കുമ്പോള്‍ നാടൊന്നാകെ മിഴിനീരണഞ്ഞു.
അഗ്നിശമന സേനയുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ മണിക്കൂറുകളോളം നടത്തിയ തെരച്ചിലിനൊടുവിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെടുത്തത്.
ദുരന്തസമയത്ത് ജോസഫിന്റെ പിതാവും സ്‌കൂള്‍ ബസ് ഡ്രൈവറുമായ എം.ജെ. ജോണി, അയല്‍വാസി കളപ്പുരയ്ക്കല്‍പറമ്പില്‍ കുഞ്ഞുഞ്ഞിന്റെ വീട്ടില്‍ കൂട്ടു കിടക്കാന്‍ പോയിരിക്കുകയായിരുന്നു. ജോണിയുടെ ഇളയമകളായ സോമിറ്റ്, മൂത്ത സഹോദരി ജോമിറ്റിന്റെ എറണാകുളത്തെ വീട്ടിലായിരുന്നതിനാല്‍ ദുരന്തത്തില്‍ നിന്നു രക്ഷപ്പെട്ടു.
റെജീനയുടെയും ജോസഫിൻ്റെയും മൃതദേഹം ഇന്നു രാവിലെ11.30 ന് പയ്യാനിത്തോട്ടം ഹോളി സ്പിരിറ്റ് സ്കൂളിൽ കൊണ്ടുവരും. പൊതുദർശനത്തിന് ശേഷം സംസ്‌കാരം ഉച്ചകഴിഞ്ഞ് 3 ന് സെന്റ്. അൽഫോൻസാ പള്ളിയിൽ.