സംസ്ഥാനത്ത് കാലവർഷം ഇപ്പോഴും ദുർബലം. കെ.എസ്.ഇ.ബി ഡാമുകളിലെ ശരാശരി ജലനിരപ്പ് 57 ശതമാനം. കഴിഞ്ഞ വർഷം ഇതേസമയം 79 ശതമാനമായിരുന്നു

 
KSEB DAM


കോട്ടയം: ഒരു പ്രളയം ഉണ്ടായിട്ടും സംസ്ഥാനത്ത് കാലവർഷം ഇപ്പോഴും ദുർബലം. കെ.എസ്.ഇ.ബി ഡാമുകളിലെ ആകെ ജലനിരപ്പ് 57 ശതമാനം മാത്രമാണ്. കഴിഞ്ഞ വർഷം ഇതേസമയം 79 ശതമാനമായിരുന്നു. ഇടുക്കിയിൽ കഴിഞ്ഞ വർഷം 74 ശതമാനമായിരുന്ന ജലനിരപ്പ് ഇപ്പോൾ 55 ശതമാനമേ ആയിട്ടുള്ളൂ.

പല ജില്ലകളിലും മഴ വലിയ നാശം വിതച്ചെങ്കിലും സംസ്ഥാനത്തെ മഴക്കുറവ് 23 ശതമാനമായി തുടരുകയാണ്. മലയോര ജില്ലകളായ വയനാടും ഇടുക്കിയുമാണ് ഏറ്റവും കുറവ് മഴ. വയനാട്- 51 %,​ ഇടുക്കി- 45 % എന്നിങ്ങനെയാണ് മഴക്കുറവ്.

എറണാകുളം, പാലക്കാട്, തൃശൂർ, കൊല്ലം ജില്ലകളിലും മഴ കുറവായിരുന്നു. തിരുവനന്തപുരം, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, കോട്ടയം, കാസർകോട്, കണ്ണൂർ ജില്ലകളിൽ ശരാശരി മഴ ലഭിച്ചു.

Rain

കടലിൽ വിവിധ ന്യൂനമർദ്ദങ്ങൾ രൂപപ്പെടുന്നുണ്ടെങ്കിലും അവയൊന്നും കേരളത്തിലെ അന്തരീക്ഷ സ്ഥിതിയിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കുന്നില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ. മഴ തുടർന്നില്ലെങ്കിൽ വരും മാസങ്ങളിൽ സംസ്ഥാനത്ത് കടുത്ത കുടിവെള്ളക്ഷാമത്തിനും വൈദ്യുതി പ്രതിസന്ധിക്കും സാധ്യതയേറെയാണ്.


അടുത്ത 24 മണിക്കൂറിൽ കേരളത്തിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷകർ പറയുന്നത്. നിലവിൽ ജാർഖണ്ഡിന് മുകളിലാണ് ന്യൂനമർദം സ്ഥിതി ചെയ്യുന്നത്. മധ്യ, തെക്കൻ കേരളത്തിലാണ് ഇന്ന് കൂടുതൽ മഴയ്ക്ക് സാധ്യത. തൃശ്ശൂർ മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളുടെ ഇടനാട്, കിഴക്കൻ മേഖലകളിൽ ഇന്ന് മഴ ലഭിച്ചേക്കും.  
​പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ കിഴക്കൻ മേഖലകളിലും മഴയ്ക്ക് സാധ്യതയുണ്ട്.  കണ്ണൂർ, കാസർകോട് ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട്  പ്രഖ്യാപിച്ചിട്ടുണ്ട്.  

Tags

Share this story

From Around the Web