കാലവർഷം ദുർബലമായി; സംസ്ഥാനത്ത് മഴക്കുറവ് 37 ശതമാനമായി ഉയർന്നു, പകൽ ചൂട് കത്തുന്നു, 1203 മില്ലീമീറ്ററിന് പകരം ലഭിച്ചത് 760 മി.മീ മാത്രം

 
KERALA RAIN

കോട്ടയം:  കാലവർഷം ദുർബലമായതോടെ സംസ്ഥാനത്ത് പകൽ ചൂട് വർധിക്കുന്നു. പല ജില്ലകളിലും പകൽ താപനില 30 ഡിഗ്രി സെൽഷ്യസ് മുതൽ  33 ഡിഗ്രിവരെയാണ്. രാത്രികാല താപനില 25 ഡിഗ്രി സെൽഷ്യസുമാണ്. ഒറ്റപ്പെട്ട മഴയാണ് മിക്ക ജില്ലകളിലും ലഭിക്കുന്നത്. ഇത് ചൂട് കുറയ്ക്കാൻ സഹായിക്കുന്നില്ലെന്ന് മാത്രമല്ല ഭൂജലനിരപ്പോ നദികളിലെ ജലനിരപ്പോ വർദ്ധിക്കാൻ സഹായകമല്ല. 

സംസ്ഥാനത്ത് മഴക്കുറവ് 37 ശതമാനമായി ഉയർന്നു. 1203.8 മില്ലീ മീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് ഇന്നലെ വരെ കിട്ടിയത് 760.2 മില്ലീ മീറ്റർ മഴമാത്രമാണ്. വയനാടും ഇടുക്കിയുമാണ് ഏറ്റവും കുറവ്. വൈദ്യുതി ഉത്പാദനത്തിൽ മുഖ്യപങ്കുവഹിക്കുന്ന ഇടുക്കിയിലാണ് ഏറ്റവും കുറവ്.

62 ശതമാണ് ഇവിടെ മഴ കുറഞ്ഞത്. 1415.6 മില്ലീ മീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് 573.3 മില്ലീ മീറ്റർ മഴ മാത്രം. 61 ശതമാനമാണ് വയനാട് മഴക്കുറവ്. 1464.3 മില്ലീ മീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് 566.2 മില്ലീ മീറ്റർ മഴ മാത്രമാണിവിടെ ലഭിച്ചത്.

മഴകുറഞ്ഞതോടെ ജലവൈദ്യുതി ഉത്പാദനവും പരിമിതപ്പെടുത്തേണ്ടിവരുന്നു. വേനൽക്കാലത്തേക്ക് ഡാമുകളിൽ ജലം കരുതിവയ്ക്കാൻ കഴിയുന്നില്ല. ജലസേചന പദ്ധതികളേയും പരുങ്ങലിലാക്കും.

അതേസമയം, കഴിഞ്ഞ ആഴ്ചകളെ അപേക്ഷിച്ച് ഈയാഴ്ച സമാന്യം ശക്തമായ മഴ പ്രതീക്ഷിക്കാമെന്ന നിഗമനത്തിലാണ് കാലാവസ്ഥാ വകുപ്പ്. ന്യൂനമർദ്ദങ്ങൾ മഴ കൂട്ടുമെന്നാണ് പ്രതീക്ഷ.

Tags

Share this story

From Around the Web