മിഷനറി സൊസൈറ്റി ഫോര്‍ ദ മാര്‍ജിലനൈസ്ഡ് എന്ന അപ്പസ്തോലിക ജീവിതസമര്‍പ്പണ സമൂഹം നിലവില്‍വന്നു.

ചെമ്പേരി: മിഷനറി സൊസൈറ്റി ഫോര്‍ ദ മാര്‍ജിലനൈസ്ഡ് (എംഎസ്എം) എന്ന അപ്പസ്തോലിക ജീവിതസമര്‍പ്പണ സമൂഹം നിലവില്‍വന്നു. തലശേരി അതിരൂപതയില്‍ രൂപീകൃതമായ എംഎസ്എം സമൂഹത്തിന്റെ പ്രഖ്യാപനം ചെമ്പേരി ലൂര്‍ദ് മാതാ ബസിലിക്കയില്‍ തലശേരി ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പാംപ്ലാനി നടത്തി.
മൂന്ന് പതിറ്റാണ്ടുകള്‍ക്കുമുമ്പ് ഫാ. ജോര്‍ജ് കുറ്റിക്കലിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ആകാശപ്പറവകളുടെ കൂട്ടുകാരുടെയും, കോട്ടയം കേന്ദ്രമാക്കി കുട്ടികള്‍ക്കുവേണ്ടി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന തെരേസ്യന്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും പ്രേഷിതരെ സംയോജിപ്പിച്ചാണ് സീറോ മലബാര്‍ സഭ തലശേരി അതിരൂപതയില്‍ എംഎസ്എം സമൂഹത്തിന് രൂപം നല്‍കിയിട്ടുള്ളത്.
ചെമ്പേരി ലൂര്‍ദ് മാതാ ബസിലിക്ക റെക്ടര്‍ റവ. ഡോ. ജോര്‍ജ് കാഞ്ഞിരക്കാട്ട് ആമുഖ പ്രഭാഷണം നടത്തി. അതിരൂപത വികാരി ജനറല്‍ മോണ്‍. ആന്റണി മുതുകുന്നേല്‍ സഹകാര്‍മികനായിരുന്നു. അതിരൂപത ചാന്‍സലര്‍ ഫാ. ജോസഫ് മുട്ടത്തുകുന്നേല്‍ എംഎസ്എം പ്രഖ്യാപനത്തിന്റെ ഡിക്രി വായിച്ചു.
എംഎസ്എം അപ്പസ്തോലിക ജീവിത സമൂഹത്തില്‍ ആദ്യത്തെ അംഗത്വം സ്വീകരിച്ച ഫാ. സെബാസ്റ്റ്യന്‍ മണപ്പാത്തുപറമ്പില്‍ അംഗത്വവാഗ്ദാനം നടത്തി സഭാവസ്ത്രം സ്വീകരിച്ചശേഷം സമൂഹത്തിന്റെ പ്രഥമ സെര്‍വന്റ് ജനറലായി ചുമതലയേറ്റു. തുടര്‍ന്ന് സമൂഹത്തില്‍ സേവന സന്നദ്ധരായ 12 പ്രേഷിതര്‍കൂടി അംഗത്വവാഗ്ദാനം നടത്തി സഭാവസ്ത്രം സ്വീകരിച്ചു.