“സുവിശേഷവും സമാധാനവും പ്രഘോഷിക്കുകയാണ് സഭയുടെ ദൗത്യം”: ലിയോ പാപ്പാ
സുവിശേഷവും സമാധാനവും പ്രഘോഷിക്കുകയാണ് സഭയുടെ ദൗത്യമെന്നും, സഭയ്‌ക്കെതിരെയുള്ള വിമർശനങ്ങൾ സത്യസന്ധമായിരിക്കണമെന്നും ലിയോ പതിനാലാമൻ പാപ്പാ. മെയ് അഞ്ച് ചൊവ്വാഴ്ച വൈകുന്നേരം റോം നഗരത്തിന് പുറത്തുള്ള കസ്തേൽ ഗന്തോൾഫോയിലുള്ള തന്റെ വേനൽക്കാലവസതിക്ക് മുന്നിൽ, മാധ്യമപ്രവർത്തകരുമായി സംസാരിക്കവെയാണ് പാപ്പാ സഭയുടെ നിയോഗവുമായി ബന്ധപ്പെട്ട നിലപാട് പാപ്പാ ആവർത്തിച്ചത്.
ഇറാൻ ആണവായുധം കൈവശം വയ്ക്കുന്നതിന് വത്തിക്കാൻ അനുകൂലമാണെന്ന നിലയിലുള്ള അമേരിക്കൻ പ്രസിഡന്റ് ട്രംപിൻറെ പരാമർശത്തെ പരിശുദ്ധ പിതാവ് നിരുപാധികം തള്ളി. “സഭ വർഷങ്ങളായി എല്ലാ ആണവായുധങ്ങൾക്കും എതിരാണെന്നും, അതിൽ യാതൊരു സംശയവും വേണ്ടെന്നും പാപ്പാ വ്യക്തമാക്കി. ലോകസമാധാനത്തിന് വേണ്ടിയുള്ള കത്തോലിക്ക സഭയുടെ പ്രധാനപ്പെട്ട പ്രബോധനത്തിൽ, എല്ലായ്‌പ്പോഴും ആണവായുധ നിരായുധീകരണത്തിനാണ് പിന്തുണ നൽകുന്നതെന്നും പാപ്പാ കൂട്ടിച്ചേർത്തു.
മാര്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ നിമിഷം മുതൽ തന്നെ സമാധാനത്തിനു വേണ്ടിയുള്ള ആഹ്വാനമാണ് താൻ നൽകുന്നതെന്നും, "സമാധാനം നിങ്ങളോടു കൂടെ" എന്നാശംസിച്ചുകൊണ്ടാണ് തന്റെ ശുശ്രൂഷ സമാരംഭിച്ചതെന്നും പാപ്പാ ഓർമ്മിപ്പിച്ചു. അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാക്രോ റുബിയോയുമായുള്ള കൂടിക്കാഴ്ച മേയ് 7-ന് നടക്കാനിരിക്കെയാണ് ഈ വിവാദം ശക്തമാകുന്നത്. “പരസ്പരം നന്നായി മനസ്സിലാക്കാൻ ഉതകുന്നതും, വിശ്വാസത്തോടും തുറന്ന മനസ്സോടും കൂടിയതുമായ നല്ല ഒരു കൂടിക്കാഴ്ചയും ചർച്ചയും ഉണ്ടാകുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്ന്, മാക്രോ റൂബിയുമൊത്തുള്ള കൂടിക്കാഴ്ചയെക്കുറിച്ച് പരാമർശിക്കവേ പാപ്പാ പ്രത്യാശ പ്രകടിപ്പിച്ചു.
സമീപകാലത്ത്, ആഗോള സുരക്ഷ, പ്രത്യേകിച്ച് ആണവായുധങ്ങളുടെ ഉപയോഗം, മദ്ധ്യപൂർവ്വേഷ്യയിലെ സംഘർഷങ്ങൾ എന്നിവയെ സംബന്ധിച്ച് വത്തിക്കാൻ-അമേരിക്ക ബന്ധത്തിൽ അഭിപ്രായവ്യത്യാസങ്ങൾ ശക്തമായിട്ടുണ്ട്. ട്രംപ് നടത്തിയ പരാമർശങ്ങൾ ഈ വിവാദങ്ങളെ വീണ്ടും മുൻനിരയിൽ എത്തിച്ചു. അതേസമയം, യുദ്ധത്തിനും ആണവായുധങ്ങൾക്കും എതിരായ ചരിത്രപരമായ കത്തോലിക്കാ സഭയുടെ സമാധാനത്തിനു വേണ്ടിയുള്ള നിലപാട് വളരെ വ്യക്തമാണ്. ഈ പശ്ചാത്തലത്തിലാണ് പാപ്പയുടെ പുതിയ പ്രസ്താവനകളും ശ്രദ്ധ നേടുന്നത്.
വിമർശനങ്ങൾ എത്രയധികം ഉയർന്നാലും സഭയുടെ അടിസ്ഥാന ദൗത്യത്തിൽ മാറ്റമുണ്ടാകില്ലെന്നും “സുവിശേഷവും സമാധാനവും” തുടർന്നും ലോകത്താകമാനം പ്രഘോഷിക്കുമെന്നും പരിശുദ്ധ പിതാവ് വ്യക്തമാക്കി.