ഒഴിവാക്കലല്ല, സ്വാഗതം ചെയ്യലാണ് ദൗത്യം; 10 ഡീക്കന്മാര്‍ക്ക് ലെയോ പാപ്പ തിരുപ്പട്ടം നല്‍കി
വത്തിക്കാൻ സിറ്റി: വത്തിക്കാന്‍ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലെത്തിയ കര്‍ദ്ദിനാളുമാര്‍ മുതല്‍ വിശ്വാസികള്‍ വരെയുള്ള എല്ലാവരെയും സാക്ഷിയാക്കി ലെയോ പതിനാലാമൻ മാർപാപ്പ 10 ഡീക്കന്മാര്‍ക്ക് തിരുപ്പട്ടം നല്‍കി. തിരുപ്പട്ടം സ്വീകരിച്ചവരില്‍ 8 പേരും മാര്‍പാപ്പ രൂപതാധ്യക്ഷനായ റോം രൂപതാംഗങ്ങളാണ്. ഫാ. ഗുഗ്ലിയേൽമോ ലാപ്പെന്ന, ഫാ. ജോർജിയോ ലാറോസ, ഫാ. ജോസ് ഇമ്മാനുവേൽ നെൽമെ സബേറ്റ്, ഫാ. ജിയോവാനി ഇമാനുവേൽ നൻസിയാൻ്റെ സലാസർ, ഫാ. അൻ്റോണിയോ ഓർഡിൻ, ഫാ. യോർദാൻ കാമിലോ റാമോസ് മെഡിന, ഫാ. ഡാനി സിറിസ്‌റ്റിനോസ് മദീന, ഫാ. ഡാനി സിറിസ്‌റ്റിനോസ് എന്നിവരാണ് റോം രൂപതയ്ക്കു വേണ്ടി തിരുപ്പട്ടം സ്വീകരിച്ചത്.
മെക്സിക്കോയിൽ ജനിച്ച് ഇന്ത്യയിലെ മിയാവോ രൂപതയ്ക്കു വേണ്ടി ഫാ. അർമാൻഡോ റോവയും സൗദി അറേബ്യയിൽ ജനിച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രൈസ്റ്റ് ദി റിഡീമര്‍ സന്യാസ സമൂഹത്തിന് വേണ്ടി ഫാ. സെൽവിൻ പിന്റോയും ഇന്നലെ ലെയോ പാപ്പയില്‍ നിന്നു തിരുപ്പട്ടം സ്വീകരിച്ചു. വൈദികരുടെ ദൗത്യം ഒഴിവാക്കലല്ല, സ്വാഗതം ചെയ്യുകയാണെന്ന് ഓർമ്മിക്കാനും സഭയുടെ വാതിലുകൾ തുറന്നിടുവാനും പാപ്പ ആഹ്വാനം ചെയ്തു. എക്കാലത്തേക്കാളും കൂടുതൽ, ജനങ്ങളും സഭയും തമ്മിലുള്ള ഒരു വിഭജനം കൂടുന്നതായി തോന്നുമ്പോൾ, വാതിൽ തുറന്നിടണമെന്നും ഈസ്റ്ററിന്റെ നാലാമത്തെ ഞായറാഴ്ച കൂടിയായ ഇന്നലെ ദിവ്യബലി മധ്യേയുള്ള തന്റെ പ്രസംഗത്തിൽ മാര്‍പാപ്പ പറഞ്ഞു.
കഷ്ടപ്പെടുന്ന ഒരു മനുഷ്യവർഗത്തിന്റെ ദാസന്മാരായി തങ്ങളെത്തന്നെ കാണാൻ പാപ്പ നവ വൈദികരോട് ആഹ്വാനം ചെയ്തു.
പൗരോഹിത്യ ശുശ്രൂഷ കൂട്ടായ്മയും തുറന്ന മനസ്സും കൊണ്ട് അടയാളപ്പെടുത്തണം. നിങ്ങൾ എല്ലാവരുടേതുമാണ്, എല്ലാവർക്കും വേണ്ടിയുമാണ്! നിങ്ങളുടെ ദൗത്യത്തിന്റെ അടിസ്ഥാന ലക്ഷ്യം ഇതായിരിക്കട്ടെ: അധികം വാക്കുകൾ ഉപയോഗിക്കാതെ, വാതിൽ തുറന്നിടുകയും മറ്റുള്ളവരെ അതിലേക്ക് നയിക്കുകയും ചെയ്യുക.
ക്രിസ്തീയ ജീവിതത്തെ ഇടവക ഘടനകളിലേക്കോ സഭാ ഗ്രൂപ്പുകളിലേക്കോ മാത്രമായി ചുരുക്കരുതെന്നും പാപ്പ നവവൈദികരോട് ആഹ്വാനം ചെയ്തു. ലോക ദൈവവിളികള്‍ക്കായുള്ള പ്രാര്‍ത്ഥനാദിനത്തിലാണ് തിരുപ്പട്ട സ്വീകരണം നടന്നത്.