ലിംഫോമ ബാധിച്ച കൗമാരക്കാരന്റെ അദ്ഭുതകരമായ രോഗമുക്തി; ആലിംഗനം ചെയ്ത് ലെയോ മാർപാപ്പ
കഴിഞ്ഞ വർഷത്തെ യൂത്ത് ജൂബിലിക്കിടെ മാരകമായ ലിംഫോമ ബാധിച്ച സ്പാനിഷ് കൗമാരക്കാരൻ ഇഗ്നാസിയോ ഗോൺസാൽവസും ലെയോ പതിനാലാമൻ മാർപാപ്പയും തമ്മിലുള്ള വൈകാരികമായ കൂടിക്കാഴ്ച ലോകശ്രദ്ധ നേടുന്നു. രോഗമുക്തനായ ശേഷം കാസിൽ ഗാൻഡോൾഫോയിൽ വച്ചാണ് ഇഗ്നാസിയോ മാർപാപ്പയെ നേരിൽ കണ്ടത്.
കഴിഞ്ഞ വേനൽക്കാലത്ത് റോമിൽ നടന്ന യൂത്ത് ജൂബിലി തീർഥാടനത്തിനിടെയാണ് കാർട്ടജീന സ്വദേശിയായ ഇഗ്നാസിയോയ്ക്ക് ശ്വാസതടസ്സവും തുടർന്ന് തീവ്രമായ ലിംഫോമയും സ്ഥിരീകരിച്ചത്. കുട്ടിയുടെ ആരോഗ്യനില വഷളായതിനെത്തുടർന്ന് വത്തിക്കാൻ നേരിട്ട് ഇടപെടുകയും ‘ബാംബിനോ ജെസു’ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന ഇഗ്നാസിയോയെ മാർപാപ്പ നേരിട്ട് സന്ദർശിക്കുകയും ചെയ്തിരുന്നു. അന്ന് മാർപാപ്പ ലോകത്തോട് കുട്ടിക്കായി പ്രാർഥിക്കാൻ ആഹ്വാനം ചെയ്തത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
മാസങ്ങൾ നീണ്ട ചികിത്സയ്‌ക്കൊടുവിൽ ഇഗ്നാസിയോ പൂർണ്ണമായി രോഗമുക്തനായി. മെയ് 13 ചൊവ്വാഴ്ച വില്ല ബാർബറിനിയിൽ വച്ച് മാർപാപ്പയെ കണ്ടപ്പോൾ ‘ദൈവകൃപയാൽ ഞാൻ സുഖം പ്രാപിച്ചു’ എന്ന് ഇഗ്നാസിയോ അറിയിച്ചു. സ്പെയിനിലെ മാഡ്രിഡിലേക്ക് മാർപാപ്പയെ അദ്ദേഹം ക്ഷണിക്കുകയും ചെയ്തു. വിശ്വാസവും പ്രാർഥനയുമാണ് തങ്ങളെ ഈ പ്രതിസന്ധിയിൽ താങ്ങിനിർത്തിയതെന്ന് ഇഗ്നാസിയോയുടെ മാതാവ് കാർമെൻ ഗ്ലോറിയ പറഞ്ഞു.
രോഗാവസ്ഥയിൽ നിന്ന് പ്രത്യാശയുടെ പുതിയ വെളിച്ചത്തിലേക്ക് മടങ്ങിവന്ന കൗമാരക്കാരനെ സ്നേഹത്തോടെ ആലിംഗനം ചെയ്താണ് മാർപാപ്പ യാത്രയാക്കിയത്.