ഭൂകമ്പത്തിൽ മാല പൊട്ടിയെങ്കിലും 'അത്ഭുത മെഡൽ' സുരക്ഷിതമായി പോക്കറ്റിൽ; ജീവൻ തിരികെ ലഭിച്ചത് പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യത്തിലൂടെയെന്ന് അതിജീവിച്ച അഭിഭാഷകൻ

 
233333

വെനസ്വേല: വെനസ്വേലയെ പിടിച്ചുലച്ച വൻ ഭൂകമ്പത്തിന്റെ നടുവിൽ ദൈവപരിപാലനയുടെയും മാതാവിന്റെ മാധ്യസ്ഥ്യത്തിന്റെയും അത്ഭുതകരമായ സാക്ഷ്യവുമായി 53-കാരനായ അഭിഭാഷകൻ കമർ ഗാലിൻഡെസ്. തകർന്നടിഞ്ഞ കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങളിൽ തന്റെ കഴുത്തിലണിഞ്ഞിരുന്ന പരിശുദ്ധ മാതാവിന്റെ ‘അത്ഭുത മെഡൽ’ തനിക്ക് സംരക്ഷണമേകിയെന്ന് അദേഹം ഉറച്ചു വിശ്വസിക്കുന്നു.

ജൂൺ 24 ന് വൈകുന്നേരം ഉണ്ടായ ഇരട്ട ഭൂകമ്പത്തിൽ ലാ ഗ്വയ്റ നഗരത്തിലെ ബഹുനില ഹോട്ടലായ ചിപ്പി ബീച്ച് തകർന്നു വീണു. ഹോട്ടലിന്റെ മുകൾനിലയിൽ വർക്കൗട്ടിൽ ഏർപ്പെട്ടിരുന്ന ഗാലിൻഡെസ് കെട്ടിടത്തിന്റെ തറ പിളർന്നതിനെത്തുടർന്ന് താഴേക്ക് പതിക്കുകയായിരുന്നു. കോൺക്രീറ്റ് പാളികൾക്കും കല്ലുകൾക്കും ഇടയിൽ ശ്വാസം പോലും കിട്ടാതെ കുടുങ്ങിയ അദേഹം മരണത്തെ മുന്നിൽക്കണ്ട ആ നിമിഷങ്ങളിൽ ദൈവത്തോടും പരിശുദ്ധ മാതാവിനോടും ഉള്ളുരുകി പ്രാർത്ഥിച്ചു. "കർത്താവേ, എന്നോട് കരുണ കാണിക്കണമേ! പിതാവായ ദൈവമേ അവിടുന്ന് എന്നെ പുറത്തെത്തിക്കാൻ സഹായിക്കണമേ," എന്ന് പ്രാർത്ഥിച്ചു.

നീണ്ട പരിശ്രമത്തിനൊടുവിൽ രക്ഷാപ്രവർത്തകർ അദേഹത്തെ പുറത്തെത്തിച്ചു. രക്ഷപ്പെട്ട ശേഷം തന്റെ വസ്ത്രങ്ങൾ പരിശോധിച്ചപ്പോഴാണ് എല്ലാവരെയും അമ്പരപ്പിച്ച ആ സംഭവം നടന്നത്. ഭൂകമ്പത്തിൽ കെട്ടിടം തകരുമ്പോൾ കഴുത്തിലെ മാല പൊട്ടിയിരുന്നു. എന്നാൽ പിന്നീട് പരിശോധിച്ചപ്പോൾ എപ്പോഴും ധരിക്കാറുള്ള മാതാവിന്റെ അത്ഭുത മെഡൽ സുരക്ഷിതമായി സിപ്പുള്ള ഷോർട്‌സ് പോക്കറ്റിനുള്ളിൽ ഇരിക്കുന്നതായി കണ്ടെത്തി.

അടഞ്ഞുകിടന്ന സിപ്പുള്ള പോക്കറ്റിലേക്ക് കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നും മെഡൽ എങ്ങനെ വന്നുപെട്ടു എന്നത് ഇന്നും വിശദീകരിക്കാൻ കഴിയാത്ത ഒരു അത്ഭുതമായി തുടരുന്നു. "അത് എങ്ങനെ അവിടെ വന്നു എന്ന് എന്നോട് ചോദിക്കരുത്. പക്ഷേ എന്നെ രക്ഷിച്ചത് ആ മെഡലിലൂടെ എന്റെ പരിശുദ്ധ അമ്മയാണ്. അതിൽ എനിക്ക് ഒട്ടും സംശയമില്ല," - കമർ ഗാലിൻഡെസ് സാക്ഷ്യപ്പെടുത്തുന്നു.

വെനസ്വേലയിൽ ആയിരക്കണക്കിന് ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ട ആ മഹാദുരന്തത്തിൽ കമർ ഗാലിൻഡെസിന്റെ ഈ അതിജീവനകഥ കേവലം ഒരു വാർത്തയല്ല മറിച്ച് പ്രത്യാശയുടെ സന്ദേശമാണ്. എല്ലാം തകർന്നു എന്ന് കരുതുന്ന ജീവിതസാഹചര്യങ്ങളിലും ദൈവസാന്നിധ്യവും പരിശുദ്ധ അമ്മയുടെ കരുതലും നമ്മോടൊപ്പമുണ്ടെന്ന ഓർമ്മപ്പെടുത്തലായി മാറിയിരിക്കുകയാണ് ഈ സംഭവം. പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ഓരോ വിശ്വാസിക്കും ഈ സാക്ഷ്യം വലിയൊരു ധൈര്യമാണ് പകരുന്നത്.

Tags

Share this story

From Around the Web