ജീവിത യാത്രയില്‍ ഇടം കിട്ടാത്തവരെ ചേര്‍ത്തുനിര്‍ത്തുന്നതാണ് ക്രിസ്തുമസ് നല്‍കുന്ന സന്ദേശമെന്ന് തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി

 
PAMPLANI



കണ്ണൂര്‍: ജീവിത യാത്രയില്‍ ഇടം കിട്ടാത്തവരെ ചേര്‍ത്തുനിര്‍ത്തുന്നതാണ് ക്രിസ്തുമസ് നല്‍കുന്ന സന്ദേശമെന്ന് തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ എക്യുമെനിക്കല്‍ ഫെലോഷിപ്പ് സംഘടിപ്പിച്ച ക്രിസ്തുമസ് ആഘോഷത്തില്‍ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം ഭൂമിയില്‍ സന്മനസുള്ളവര്‍ക്ക് സമാധാനം എന്ന് യേശുവിന്റെ ജനന വേളയില്‍ മാലാഖമാര്‍ പാടിയ ഗാനമാണ് എക്കാലത്തേയും ക്രിസ്തുമസ് സന്ദശേം. അപരന്റെ സങ്കടങ്ങളോട് ആഭിമുഖ്യമുള്ളവനാണ് നല്ല മനസുള്ളവന്‍.

സന്മനസുള്ളവര്‍ക്ക് സമാധാനം നല്‍കാന്‍ കഴിയും. എന്റെ മതവും രാഷ്ട്രീയവും മാത്രമാണ് നല്ലതെന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങളാണ് നാട്ടില്‍ ഭിന്നതകളും അസ്വസ്ഥതകള്‍ക്കും കാരണമാകുന്നത്. അത്തരം പേരുദോഷം മാറ്റാന്‍ എല്ലാവരും പരിശ്രമിക്കണമെന്ന് ആര്‍ച്ച് ബിഷപ്പ് ആഹ്വാനം ചെയ്തു. യേശു പുല്‍ക്കൂട്ടില്‍ ജനിച്ചതോടെ പൂല്‍ക്കൂട് പുണ്യസ്ഥലമായും എല്ലാവര്‍ക്കും കടന്നു ചെല്ലാവുന്ന ഇടമായും മാറിയെന്ന് കണ്ണൂര്‍ ബിഷപ്പ് ഡോ. അലക്‌സ് വടക്കുംതല സന്ദേശത്തില്‍ പറഞ്ഞു.

പൊട്ടിപ്പൊളിഞ്ഞു കിടന്ന റോഡുകള്‍ നന്നാക്കി ജനോപകാര പ്രദമാക്കിയ കോര്‍പറേഷന്‍ ഭരണത്തിന്റെ തുടര്‍ച്ചയില്‍ നാടിന്റെ വികസനത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് അദ്ദേഹം പറഞ്ഞു. നിരാശ പകരാതെ പ്രത്യാശ പകരുന്നതാണ് ക്രിസ്തുമസ് എന്ന് കോട്ടയം രൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍ സന്ദേശത്തില്‍ പറഞ്ഞു. ജീവിതത്തില്‍ നിരാശരായി കഴിയുന്നവര്‍ക്ക് പ്രത്യാശ നല്‍കാന്‍ കഴിയണം. കൂടെ നടക്കാനും കേള്‍ക്കാനും ആളുണ്ടെങ്കില്‍ നിരാശ മാറി പ്രത്യാശയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

മുന്‍ ഡെപ്യൂട്ടി മേയറും നിയുക്ത മേയറുമായ പി. ഇന്ദിര ആഘോഷം ഉദ്ഘാടനം ചെയ്തു. നാടിന്റെ സൗന്ദര്യം പാതയോരങ്ങള്‍ വൃത്തിയായി സൂക്ഷിക്കുന്നതിലാണെന്നും കഴിവുള്ളവരെ കൂട്ടിയിണക്കി നല്ല മാറ്റം ഉണ്ടാക്കാന്‍ എല്ലാവരുടേയും സഹായം ഉണ്ടാകണമെന്നും പി. ഇന്ദിര അഭ്യര്‍ഥിച്ചു. സിസ്റ്റര്‍ അഞ്ജലി, റവ. ഡോ. സ്‌കറിയ കല്ലൂര്‍, ഫാ. വിനോദ്, ഫാ. ജോമോന്‍ ചെന്പകശേരില്‍ എന്നിവര്‍ പ്രസംഗിച്ചു. ഫാ. നോബിള്‍ മാത്യു സ്വാഗതവും ഫാ. ജോര്‍ജ് മാത്യു നന്ദിയും പറഞ്ഞു. തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ അരങ്ങേറി.

Tags

Share this story

From Around the Web