മരുന്ന് സര്‍ക്കാരിന്റെ കയ്യില്‍ ഉണ്ട്, പിന്നെ എന്തിനാണ് ക്യാമ്പയിന്‍? എസ്.എം.എ. ധനസമാഹരണത്തില്‍ ചോദ്യവുമായി കെ. മുരളീധരന്‍
തിരുവനന്തപുരം: കോഴിക്കോട് എസ്.എം.എ രോഗബാധിതരായ കുഞ്ഞുങ്ങള്‍ക്ക് മരുന്നിനായി നടത്തുന്ന ധനസമാഹരണ ക്യാമ്പയിനോട് പ്രതികരിച്ച് മന്ത്രി കെ. മുരളീധരന്‍. മരുന്ന് സര്‍ക്കാരിന്റെ പക്കല്‍ ലഭ്യമാണെന്നും, പിന്നെ എന്തിനാണ് ഇത്തരമൊരു ക്യാമ്പയിന്‍ നടത്തുന്നതെന്നും അദ്ദേഹം ചോദിച്ചു.
12 വയസ്സ് വരെയുള്ളവര്‍ക്ക് മരുന്ന് സൗജന്യമായി ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കുഞ്ഞുങ്ങളുടെ ചികിത്സയ്ക്കായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി ഇന്ന് രണ്ട് കോടി രൂപ സഹായം നല്‍കിയിരുന്നു. നിലവില്‍ ക്യാമ്പയിനിലൂടെ 30 കോടി രൂപയാണ് സമാഹരിച്ചിട്ടുള്ളത്.
കെ.പി.സി.സി അധ്യക്ഷസ്ഥാനവുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങളില്‍ പ്രതികരിക്കാനില്ലെന്ന് കെ. മുരളീധരന്‍ പറഞ്ഞു. ആരെ അധ്യക്ഷനാക്കണമെന്ന് ഹൈക്കമാന്‍ഡ് തീരുമാനിക്കും. പുതിയ പ്രസിഡന്റ് അനിവാര്യം തന്നെയാണെന്നും, സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് എത്തണമെങ്കില്‍ പാര്‍ട്ടി ശക്തമാകണമെന്നും അതിന് പ്രസിഡന്റ് വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തൃശ്ശൂരിലെ രോഗിയുടെ മരണവുമായി ബന്ധപ്പെട്ട് പ്രാഥമിക റിപ്പോര്‍ട്ട് ലഭിച്ചതായും ചികിത്സാപ്പിഴവ് ഉണ്ടായിട്ടില്ലെന്നുമാണ് വിവരമെന്ന് മുരളീധരന്‍ പറഞ്ഞു. പ്രാഥമിക റിപ്പോര്‍ട്ടില്‍ ആശുപത്രിയുടെ ഭാഗത്തുനിന്ന് വീഴ്ചകള്‍ കണ്ടെത്തിയിട്ടില്ലെങ്കിലും വിഷയത്തില്‍ സമഗ്രവും വിശദവുമായ അന്വേഷണം നടത്തും.
മരണത്തിന് പിന്നില്‍ എന്തെങ്കിലും ദുരൂഹതയുണ്ടോ എന്ന് സര്‍ക്കാര്‍ സംശയിക്കുന്നുണ്ട്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം, 36 മണിക്കൂര്‍ മൃതദേഹം കിടന്നോ എന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മണ്ഡല പുനര്‍നിര്‍ണയ ബില്ലില്‍ വോട്ടെടുപ്പ് നടക്കുന്ന സമയത്ത് എല്ലാ എം.പി.മാരും സഭയില്‍ ഉണ്ടായിരിക്കണമെന്നും ബില്ലിനെ ശക്തമായി എതിര്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇത് ഇന്ത്യാ സഖ്യത്തിന്റെയും കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും തീരുമാനമാണ്. ഒരു എം.പി.യും അതില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്നാണ് വിശ്വാസമെന്നും, വോട്ടെടുപ്പിന് ഇനിയും രണ്ട് ദിവസം ബാക്കിയുണ്ടല്ലോ എന്നും മുരളീധരന്‍ ചോദിച്ചു.