അധ്യാപികമാർ ഉൾപ്പെടെ പ്രതികളായ എംഡിഎംഎ പണമിടപാട് കേസ്. കേസിലെ മറ്റ്‌ പ്രതികൾ സംസ്ഥാനത്തിന്‌ പുറത്താണെന്ന സൂചന. അന്വേഷണം കേരളത്തിന്‌ പുറത്തേക്കും വ്യാപിപ്പിച്ചു

 
drugs


വടകര: അധ്യാപികമാര്‍ ഉള്‍പ്പെടെ പ്രതികളായ എംഡിഎംഎ പണമിടപാട് കേസില്‍ അന്വേഷണം ഇതര സംസ്ഥാനത്തേക്കും. കേസിലെ മറ്റ് പ്രതികള്‍ സംസ്ഥാനത്തിന് പുറത്താണെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം കേരളത്തിന് പുറത്തേക്കും വ്യാപിപ്പിച്ചത്.

ചോദ്യം ചെയ്യലിനായി വ്യാഴാഴ്ച പൊലീസ് കസ്റ്റഡിയില്‍വിട്ട രണ്ടാം പ്രതി കീര്‍ത്തനയെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

എംഡിഎംഎ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, ലഹരി വില്‍പ്പനയ്ക്കായി കുട്ടികളെ ഉപയോഗപ്പെടുത്തിയോ, കുറ്റകൃത്യത്തിന് കൂടുതല്‍ ബാങ്ക് അക്കൗണ്ടുകള്‍ ഉപയോഗപ്പെടുത്തിയോ, ലഹരി വസ്തുക്കള്‍ ലഭിച്ച സ്ഥലം എന്നിവ പൊലീസ് ചോദിച്ചറിഞ്ഞു.

ഈ കേസില്‍ രണ്ട് മാസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രത്യേക അന്വേഷകസംഘം. കേസുമായി ബന്ധപ്പെട്ട് ശാസ്ത്രീയ തെളിവുകളും ഡിജിറ്റല്‍ തെളിവുകളും ബാങ്ക് ഇടപാടുകളും പരിശോധിക്കുകയാണ്.

കീര്‍ത്തനയ്ക്ക് നിരവധി എംഡിഎംഎ ഇടപാടുകാരുമായി ബന്ധമുള്ളതായി പൊലീസ് കണ്ടെത്തി. മയക്കുമരുന്നുമായി ബന്ധപ്പെട്ട് ബാങ്ക് അക്കൗണ്ട് വഴിയുള്ള ഇടപാടുകളുടെ വിവരങ്ങളാണ് അന്വേഷകസംഘം പ്രധാനമായും ശേഖരിച്ചത്.

15 ലക്ഷം രൂപയുടെ ബാങ്ക് ഇടപാടുകള്‍ വിവിധ സ്ഥലങ്ങളിലുള്ള എംഡിഎംഎ വില്‍പ്പന സംഘങ്ങളുമായി കീര്‍ത്തന നടത്തിയിട്ടുണ്ട്.

ജനുവരി മുതല്‍ ജൂണ്‍വരെയുള്ള മാസങ്ങളിലാണ് ഇടപാട് നടന്നത്. ഇതിലൂടെ ലഭിക്കുന്ന പണം കീര്‍ത്തന തന്റെ കമീഷന്‍ കഴിച്ച് മറ്റൊരു പ്രതിയായ ജിജിന്‍ കുര്യാക്കോസിന് കൈമാറുകയായിരുന്നു.

ലഭിക്കുന്ന തുക വളരെ വേഗം ജിജിന് കൈമാറുന്നതായിരുന്നു രീതി. ബാങ്ക് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തിയാണ് ഇടപാട് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പൊലീസ് ശേഖരിച്ചത്. കീര്‍ത്തന അന്വേഷണ ഉദ്യോഗസ്ഥരുമായി പൂര്‍ണമായി സഹകരിച്ചിരുന്നില്ല.

ശാസ്ത്രീയ തെളിവുകളുടെയും ബാങ്ക് ഇടപാടുകളുടെയും അടിസ്ഥാനത്തിലാണ് അന്വേഷകസംഘം പ്രതിയില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചത്.

കുട്ടികളെ മയക്കുമരുന്ന് ഇടപാടിന് ഉപയോഗിച്ചിട്ടുണ്ടോയെന്നത് സംബന്ധിച്ച് സൂചനകളൊന്നും പൊലീസിന് ലഭിച്ചിട്ടില്ല. കീര്‍ത്തനയുമായി പണമിടപാട് നടത്തിയ മുഖ്യകണ്ണി ജിജിനാണ്. ഒരു കോടിയോളം രൂപയാണ് ഇയാളുടെ അക്കൗണ്ടിലൂടെ പലരും ഇടപാട് നടത്തിയത്.

നിലവില്‍ മൂന്ന് അധ്യാപികമാര്‍ അടക്കം അഞ്ച് പേരാണ് റിമാന്‍ഡിലുള്ളത്. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന അഞ്ചാം പ്രതി ഇരിട്ടി സ്വദേശി ജിജിന്‍ കുര്യാക്കോസിനെ മറ്റൊരു കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ഇൗ കേസില്‍ വെള്ളിയാഴ്ച ജിജിനെ കോടതിയില്‍ ഹാജരാക്കി. ഈ കേസിലും ജിജിനിനെ റിമാന്‍ഡ് ചെയ്തു.

Tags

Share this story

From Around the Web