രക്തസാക്ഷികള്‍ ലോകയാഥാര്‍ത്ഥ്യത്തിലല്ല, പ്രത്യുത ദൈവത്തിന്റെ ഹൃദയത്തില്‍ പ്രത്യാശ വെച്ചവരാണെന്ന് ആര്‍ച്ചുബിഷപ്പ് ഫബേനെ

 
ARCH BISHOP



രക്തസാക്ഷികള്‍ ലോകയാഥാര്‍ത്ഥ്യത്തിലല്ല, പ്രത്യുത ദൈവത്തിന്റെ ഹൃദയത്തില്‍ പ്രത്യാശ വെച്ചവരാണെന്ന് വിശുദ്ധരുടെ നാമകരണനടപടികള്‍ക്കായുള്ള വിഭാഗത്തിന്റെ - ഡിക്കാസറ്ററിയുടെ- കാര്യദര്‍ശി ആര്‍ച്ചുബിഷപ്പ് ഫാബിയൊ ഫബേനെ.

സുവിശേഷത്തിനു സാക്ഷ്യമേകുന്നതിന് ജീവന്‍ വിലയായിനല്കുന്ന ക്രൈസ്തവരെ, നിണസാക്ഷികളെ അനുസ്മരിക്കുന്നതിന് സെപ്റ്റംബര്‍ 14-ന് ലിയൊ പതിനാലാമന്‍ പാപ്പായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടത്തപ്പെടാന്‍ പോകുന്ന എക്യുമെനിക്കല്‍ ശുശ്രൂഷയെ വത്തിക്കാനില്‍ പരിശുദ്ധസിംഹാസനത്തിന്റെ വാര്‍ത്താകാര്യലയത്തില്‍ നടന്ന പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇതു പറഞ്ഞത്.

''നവരക്തസാക്ഷികളുടെ സമതി-വിശ്വാസത്തിന്റെ സാക്ഷികള്‍'' എന്ന സമിതിയിലെ അംഗങ്ങള്‍ ഈ പത്രസമ്മേളനത്തില്‍ പങ്കുകൊണ്ടു. ഫ്രാന്‍സീസ് പാപ്പാ 2023-ല്‍ സ്ഥാപിച്ചതാണ് ഈ സമതി. ഈ സമതിയുടെ നാളിതുവരെ നടന്ന പ്രവര്‍ത്തനങ്ങളുടെ ഫലങ്ങള്‍ തദ്ദവസരത്തില്‍ അവതരിപ്പിക്കപ്പെട്ടു.

ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഏതാണ്ട് 1700 രക്തസാക്ഷികള്‍ ഉണ്ടായതായിട്ടാണ് ഈ സമിതിയുടെ കണ്ടെത്തല്‍. ഇവരില്‍ 304 പേര്‍ അമേരിക്കകളില്‍നുന്നുള്ളവരാണ്. 43 പേര്‍ പഴയ യൂറോപ്പില്‍നിന്നുള്ളവരും. ലോകത്തില്‍ പ്രേഷിതവേലയ്ക്കിടയില്‍ ജീവന്‍ വെടിഞ്ഞവര്‍ 110 പേരാണ്. 


277 പേര്‍ മദ്ധ്യപൂര്‍വ്വദേശത്തും മാഗ്രെബിലുമായി വധിക്കപ്പെട്ടവരാണ്. ഏഷ്യയിലും ഓഷ്യാനയിലുമായി വിശ്വാസത്തെ പ്രതി ജീവന്‍ ത്യജിച്ചവര്‍ 357-ും ആഫ്രിക്കയില്‍ രക്തസാക്ഷികള്‍ 643-ും ആണ്.

ഇപ്പോള്‍ ആഫ്രിക്കയിലാണ് കൂടുതല്‍ ക്രൈസ്തവര്‍ വധിക്കപ്പെടുന്നതെന്നും അവര്‍ സുവിശേഷത്തിന്റെ സാക്ഷികളായതാണ് അതിനു കാരണമെന്നും വിശുദ്ധ എജീദിയൊയുടെ സമൂഹത്തിന്റെ സ്ഥാപകന്‍ അന്ത്രെയാ റിക്കാര്‍ദി പത്രസമ്മേളനത്തില്‍ പറഞ്ഞു. 

ഈ ക്രൈസ്തവര്‍ ദൈവത്തെയും സഹോദരങ്ങളെയും അഗാധമായി സ്‌നേഹിക്കുന്നവരും അധികൃത മാനവസേവകരും വിശ്വാത്തിന്റെ സ്വതന്ത്രസംവേദകരുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിണസാക്ഷികളെ അനുസ്മരിക്കുന്നതിനു സെപ്റ്റംബര്‍ 14-ന് റോമില്‍ പാപ്പാ നയിക്കുന്ന എക്യുമെനിക്കല്‍ ശുശ്രൂഷയില്‍ വിവിധ ക്രൈസ്തവസമൂഹങ്ങളുടെ 24 പ്രതിനിധികള്‍ സംബന്ധിക്കും.  

Tags

Share this story

From Around the Web