'നീ അങ്കിള്‍ എന്ന് വിളിച്ചയാള്‍ ജയിലില്‍ കിടന്ന് മരിക്കും'; അതിജീവിതയ്ക്ക് ആശ്വാസവുമായി ജഡ്ജിയുടെ ഹൃദയസ്പര്‍ശിയായ കത്ത്, വിധി നടപ്പാക്കാന്‍ ഡല്‍ഹി ഹൈക്കോടതി ഉത്തരവ്
നീതിപീഠത്തിന്റെ സാങ്കേതിക നിയമഭാഷകള്‍ക്കപ്പുറം, പീഡനത്തിന് ഇരയായ ഒരു പത്തുവയസുകാരിയുടെ മനസ്സിലെ ഭീതിയകറ്റാന്‍ നീതിദേവത തന്നെ ആശ്വാസത്തിന്റെ വചനങ്ങളുമായി ഇറങ്ങിവന്ന വികാരനിര്‍ഭരമായ സംഭവത്തിന് ഡല്‍ഹി ഹൈക്കോടതി സാക്ഷ്യം വഹിച്ചിരിക്കുന്നു. ഏഴാം വയസില്‍ 'അങ്കിള്‍' എന്ന് വിളിച്ചിരുന്നയാളില്‍ നിന്ന് അതിക്രൂരമായ ലൈംഗിക അതിക്രമം നേരിടേണ്ടി വന്ന കുട്ടിക്ക്, ശിക്ഷാവിധിക്കൊപ്പം വിചാരണക്കോടതി ജഡ്ജി എഴുതിയ വ്യക്തിപരമായ സന്ദേശമാണ് ഇപ്പോള്‍ നിയമലോകത്തും പൊതുസമൂഹത്തിലും വലിയ ചര്‍ച്ചയാകുന്നത്.
'അങ്കിള്‍ വയസനാകുന്നത് വരെ ജയിലില്‍ കിടക്കണം' എന്ന ആ കുഞ്ഞിന്റെ ആത്മാര്‍ത്ഥമായ അപേക്ഷ പൂര്‍ണ്ണമായും അംഗീകരിച്ചുകൊണ്ട് രോഹിണി കോടതിയിലെ പോക്‌സോ ജഡ്ജി രജനി രംഗ വിധിന്യായത്തിനൊടുവില്‍ അവള്‍ക്കായി പ്രത്യേക സന്ദേശമെഴുതുകയായിരുന്നു. 'നീ അങ്കിള്‍ എന്ന് വിളിച്ചയാള്‍ ഇനി ഒരിക്കലും സ്വതന്ത്രനായി പുറത്തിറങ്ങില്ല. അയാള്‍ ആ കൂട്ടില്‍ കിടന്ന് തന്നെ മരിക്കും' എന്ന ജഡ്ജിയുടെ വാക്കുകള്‍ അതിജീവിതയ്ക്ക് വലിയൊരു മാനുഷിക കരുതലാണ് നല്‍കുന്നത്. പ്രതിയായ സുമിത് ശാക്യയ്ക്ക് ജീവിതകാലം മുഴുവന്‍ കഠിനതടവാണ് കോടതി വിധിച്ചിരിക്കുന്നത്.
വിചാരണക്കോടതിയുടെ ഈ അപൂര്‍വ കത്ത്, കോടതി വിധിച്ച 10.50 ലക്ഷം രൂപ നഷ്ടപരിഹാരത്തുകയ്‌ക്കൊപ്പം രണ്ട് ആഴ്ചയ്ക്കുള്ളില്‍ പെണ്‍കുട്ടിക്ക് എത്തിച്ചുനല്‍കാന്‍ ജസ്റ്റിസ് പ്രതിഭ എം. സിംഗ്, ജസ്റ്റിസ് ദിനേശ് ഭട്ട് എന്നിവരടങ്ങിയ ഡല്‍ഹി ഹൈക്കോടതി ബെഞ്ച് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കേസില്‍ പ്രതി സമര്‍പ്പിച്ച അപ്പീല്‍ തള്ളിയ ഹൈക്കോടതി ബെഞ്ച്, വിചാരണക്കോടതിയുടെ ഈ നടപടിയെ 'ധൈര്യത്തിന്റെ സന്ദേശം' എന്നാണ് വിശേഷിപ്പിച്ചത്.
പോക്‌സോ നിയമപ്രകാരം കഠിനതടവും പിഴയും ഉള്‍പ്പെടെയുള്ള ശിക്ഷാ നടപടികള്‍ ഒരേസമയം അനുഭവിച്ചാല്‍ മതിയെന്നാണ് കോടതി വ്യക്തമാക്കിയിട്ടുള്ളത്. കുട്ടിയുടെയും കുടുംബത്തിന്റെയും ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ കൂടി കണക്കിലെടുത്താണ് 10.50 ലക്ഷം രൂപ നഷ്ടപരിഹാരം നിശ്ചയിച്ചിരിക്കുന്നത്. ഡിഎല്‍എസ്എ സമര്‍പ്പിക്കുന്ന സ്റ്റാറ്റസ് റിപ്പോര്‍ട്ട് അടുത്തതായി നവംബര്‍ നാലിന് കോടതി പരിഗണിക്കും.