തെരുവ്‌നായ പ്രശ്‌നത്തിനെതിരെയുള്ള കാവല്‍ക്കൂട്ടായ്മയെ അഭിനന്ദിച്ച് മലങ്കരസഭാധ്യക്ഷന്‍. അടാട്ട് മാതൃക സംസ്ഥാനതലത്തില്‍ വ്യാപിപ്പിക്കണം : പരിശുദ്ധ കാതോലിക്കാ ബാവാ
കോട്ടയം/ മാവേലിക്കര : തെരുവ്‌നായ പ്രശ്‌നത്തിന് പരിഹാരം കാണുന്നതിനായി തൃശൂര്‍ അടാട്ട് ഗ്രാമപഞ്ചായത്ത് കാവല്‍ക്കൂട്ടായ്മയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന പദ്ധതിയെ അഭിനന്ദിച്ച് മലങ്കരസഭാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ.
തെരുവില്‍ ജനിക്കുന്ന നായ്ക്കുട്ടികളെ സംരക്ഷിച്ച് അതിനെ ആളുകള്‍ക്ക് ഏറ്റെടുക്കുവാന്‍ അവസരം ഒരുക്കുന്ന പദ്ധതി മാതൃകാപരമാണ്.
തെരുവ്‌നായക്കളായി മാറാമായിരുന്ന അന്‍പതോളം നായക്കുട്ടികള്‍ ഇതിനോടകം ഓരോ കുടുംബങ്ങളുടെ ഭാഗമായി. വിദ്യാര്‍ത്ഥികളെയടക്കം തെരുവ്‌നായ്ക്കള്‍ കടിച്ചുകീറുന്ന വാര്‍ത്തകള്‍ പതിവാകുമ്പോള്‍ ഇത്തരം പദ്ധതികള്‍ സംസ്ഥാനതലത്തില്‍ ഏറ്റെടുക്കണം.
വിദേശയിനം ബ്രീഡുകള്‍ വ്യാപകമായതോടെയാണ് നാട്ടില്‍ നമ്മൊടൊപ്പം കഴിഞ്ഞിരുന്നവര്‍ തെരുവ്‌നായ്ക്കളായി മാറിയത്.
അഡോപ്ഷനുകള്‍ പ്രോത്സാഹിപ്പിക്കപ്പെട്ടാല്‍ കേരളം നേരിടുന്ന ഗുരുതരമായ പ്രശ്‌നത്തിന് പരിഹാരമാകുമെന്നും മലങ്കരസഭാധ്യക്ഷന്‍ കൂട്ടിച്ചേര്‍ത്തു.
നവീകരിച്ച മാവേലിക്കര പുതിയകാവ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലിന്റെ കൂദാശാകര്‍മ്മത്തോട് അനുബന്ധിച്ച് മുഖ്യമന്ത്രി വി.ഡി.സതീശന്‍, മന്ത്രി സി.പി ജോണ്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത സമ്മേളനത്തിലാണ് സഭാധ്യക്ഷന്‍ വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്.