ഗ്രേറ്റ് ബ്രിട്ടന്‍ സീറ് മലബാര്‍ രൂപതയ്ക്ക് കാര്‍ഡിഫില്‍ പുതിയ ഇടവക. ഫ്രാ പ്രജില്‍ പണ്ടാരപ്പറമ്പില്‍ ആദ്യവികാരി
കുടിയേറ്റ കാലം മുതല്‍ മനസ്സില്‍ സൂക്ഷിച്ച സ്വന്തം ഇടവക ദൈവാലയം എന്ന ദീര്‍ഘകാല സ്വപ്നം സാക്ഷാത്കരിച്ചതിന്റെ സന്തോഷത്തിലാണ് കാര്‍ഡിഫിലെ സീറോ മലബാര്‍ വിശ്വാസി സമൂഹം. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയിലെ ആറാമത് ഇടവകയായി 'മാര്‍ തോമാ ശ്ലീഹാ ഇടവക' പ്രഖ്യാപിക്കപ്പെട്ടു.
ഇക്കഴിഞ്ഞ ഞായറാഴ്ച രാവിലെ നടന്ന തിരുന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായുള്ള തിരുക്കര്‍മ്മങ്ങള്‍ക്ക് മുന്നോടിയായാണ് പ്രഖ്യാപന ചടങ്ങുകള്‍ നടന്നത്. കാര്‍ഡിഫ് മിനിവീയ അതിരൂപതാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ക്ക് ഓ ടൂലെയുടെ സാന്നിധ്യത്തില്‍, ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ കാര്‍ഡിഫിലെ സെന്റ് തോമസ് മിഷനെ പുതിയ ഇടവകയായി പ്രഖ്യാപിച്ചു.
അതോടൊപ്പം റവ. ഫാ. പ്രജില്‍ പണ്ടാരപ്പറമ്പിലിനെ ഇടവകയുടെ ആദ്യ വികാരിയായി നിയമിച്ചു. വിശുദ്ധ കുര്‍ബാന അര്‍പ്പണത്തിന് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ കാര്‍മികത്വം വഹിച്ചു.
വിശുദ്ധ കുര്‍ബാന മധ്യേ ആര്‍ച്ച് ബിഷപ്പ് മാര്‍ മാര്‍ക്ക് ഓ ടൂലെ വചന സന്ദേശം നല്‍കി. രൂപത ചാന്‍സിലര്‍ റവ. ഡോ. മാത്യു പിണക്കാട്ട്, വികാരി ഫാ. പ്രജില്‍ പണ്ടാരപ്പറമ്പില്‍ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു.