സീറോ മലബാര്‍ സഭയില്‍ ഒക്ടോബര്‍ മുഴുവന്‍ 'മിഷന്‍ മാസമായി' ആചരിക്കുവാന്‍ മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ ആഹ്വാനം

 
india



കാക്കനാട്: സീറോ മലബാര്‍ സഭയില്‍ ഇനിമുതല്‍ ഒക്ടോബര്‍ മാസം മുഴുവന്‍ 'മിഷന്‍ മാസമായി' ആചരിക്കും. 2024ല്‍ പാലായില്‍ നടന്ന മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലിയുടെ നിര്‍ദേശപ്രകാരം സിനഡ് കൈക്കൊണ്ട തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ നടപടി. ഈവര്‍ഷം മുതല്‍ ഒക്ടോബര്‍ മാസം മിഷന്‍ മാസമായി ആചരിക്കാന്‍ നിര്‍ദേശിച്ചുകൊണ്ടുള്ള സര്‍ക്കുലര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ പുറപ്പെടുവിച്ചു. ഇതിനുമുമ്പ് സാര്‍വത്രിക സഭയോടൊപ്പം ഒക്ടോബര്‍ മാസത്തില്‍ മിഷന്‍ ഞായര്‍ ആചരിക്കുന്നതിനുപുറമെ, 2016 മുതല്‍ ജനുവരി മാസത്തില്‍ ദനഹാത്തിരുനാള്‍ മുതല്‍ 12 വരെ മിഷന്‍ ആഭിമുഖ്യം വളര്‍ത്തിയെടുക്കുന്നതിനുവേണ്ടി സീറോ മലബാര്‍ സഭയില്‍ മിഷന്‍ വാരമായി ആചരിച്ചുവരികയായിരുന്നു.

എന്നാല്‍, 2024ല്‍ പാലായില്‍ നടന്ന മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലിയുടെ നിര്‍ദേശപ്രകാരം ജനുവരിയിലെ മിഷന്‍ വാരാചരണത്തിനു പകരം ഒക്ടോബര്‍ മാസം മുഴുവനും മിഷന്‍ മാസമായി ആചരിക്കാന്‍ സീറോമലബാര്‍ സഭയുടെ മെത്രാന്‍ സിനഡ് തീരുമാനിച്ചു. കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ പ്രവര്‍ത്തിക്കുന്ന സീറോമലബാര്‍ മിഷന്‍ ഓഫീസിനായിരിക്കും ആചര ണത്തിന്റെ ഏകോപനച്ചുമതല. മിഷന്‍ മാസാചരണത്തിന്റെ ഭാഗമായി ഓരോ ആഴ്ചയിലും പ്രത്യേക വിഷയങ്ങള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തനങ്ങള്‍ നടക്കും.

ഒന്നാം ആഴ്ച ആഗോള മിഷന്‍ പ്രവര്‍ത്തനങ്ങളെ പരിചയപ്പെടല്‍, രണ്ടാം ആഴ്ച സീറോ മലബാര്‍ സഭയുടെ മിഷന്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പഠിക്കലും പങ്കാളിത്തവും, മൂന്നാം ആഴ്ച്ച അതത് രൂപതകളുടെ മിഷന്‍ പ്രവര്‍ത്തനങ്ങളിലെ സഹകരണം, നാലാം ആഴ്ച ഇടവകതലത്തിലുള്ള പ്രേഷിതദൗത്യ ഏകോപനം എന്നിങ്ങനെയായിരിക്കും പ്രവര്‍ത്തനങ്ങള്‍. മിഷന്‍ മാസം മുഴുവനും ഇടവകകളിലും കുടുംബ യൂണിറ്റുകളിലും കുടുംബങ്ങളിലും മിഷനുവേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കണം.

ജപമാലയിലും വിശുദ്ധ കുര്‍ബാനയിലെ പ്രാര്‍ത്ഥനകളിലും ലോകമെങ്ങും സേവനം ചെയ്യുന്ന മിഷണറിമാരെയും വിശ്വാസത്തെപ്രതി പീഡനവും മരണവും ഏറ്റുവാങ്ങുന്നവരെയും പ്രത്യേകം അനുസ്മരിക്കണം. ഞായറാഴ്ചകളിലെ വചനപ്രഘോഷണം, വിശ്വാസപരിശീലന ക്ലാസുകള്‍, മിഷന്‍ അനുഭവങ്ങളുടെ പങ്കുവയ്ക്കല്‍, മിഷന്‍ ക്വസ്റ്റ് ക്വിസ് മത്സരം, മിഷന്‍ സ്‌കിറ്റുകള്‍, ഹ്രസ്വചിത്രങ്ങള്‍ എന്നിവ കുട്ടികളിലും യുവജനങ്ങളിലും മുതിര്‍ന്നവരിലും മിഷന്‍ ചൈതന്യം വളര്‍ത്താന്‍ ഉതകുന്ന രീതിയില്‍ ക്രമീകരിക്കണം.

പ്രത്യേകിച്ച് നവസുവിശേഷവത്കരണ സംരംഭങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന അല്‍മായരെ രൂപതതലത്തില്‍ കണ്ടെത്തി ഏകോപിപ്പിക്കുകയും മിഷന്‍പ്രവര്‍ത്തകരെ പ്രോത്സാഹിപ്പിക്കുകയും ആദരിക്കുകയുംചെയ്യുന്നത് വളരെ മാതൃകാപരമാണെന്നു മേജര്‍ ആര്‍ച്ച് ബിഷപ്പ് ഓര്‍മിപ്പിച്ചു. സഭയില്‍ ആരംഭിച്ചിട്ടുള്ള 'ജീവന്‍ ജ്യോതി' എന്ന ഔദ്യോഗിക അല്മായ പ്രേഷിതമുന്നേറ്റത്തിന് എല്ലാ രൂപതകളിലും ഇടവകകളിലും തുടക്കം കുറിക്കണമെന്നും 2033ലെ ഈശോമിശിഹായുടെ രക്ഷാകര സംഭവത്തിന്റെ മഹാജൂബിലിക്ക് ഒരുങ്ങുന്ന സഭയ്ക്ക് ഈ മിഷന്‍ മാസാചരണം പുതിയ പ്രേഷിത ഉണര്‍വ് സമ്മാനിക്കുമെന്നും മേജര്‍ ആര്‍ച്ച് ബിഷപ്പ് സര്‍ക്കുലറില്‍ വ്യക്തമാക്കി.

Tags

Share this story

From Around the Web