കത്തോലിക്കാ വിശ്വാസത്തിലേക്ക് കടന്നുവന്നവരെ ആകര്‍ഷിച്ച പ്രധാന ഘടകങ്ങള്‍. സര്‍വേ റിപ്പോര്‍ട്ട് പുറത്ത്
വാഷിംഗ്ടണ്‍ ഡി സി: അമേരിക്കന്‍ മണ്ണില്‍ ഈ വര്‍ഷം കത്തോലിക്കാ വിശ്വാസത്തിലേക്ക് കടന്നുവന്നവരെ ആകര്‍ഷിച്ച പ്രധാന ഘടകങ്ങള്‍ വെളിപ്പെടുത്തുന്ന സര്‍വേ റിപ്പോര്‍ട്ട് പുറത്ത്.
സത്യത്തെക്കുറിച്ച് ആഴമായ അന്വേഷണം നടത്തുന്നവരും, കത്തോലിക്കാ സഭയുടെ രണ്ടായിരം വര്‍ഷത്തെ പാരമ്പര്യത്തിലും ആരാധനാക്രമത്തിലും ആകൃഷ്ടരായവരുമാണ് യുഎസില്‍ ഈ വര്‍ഷം കത്തോലിക്ക വിശ്വാസത്തിലേക്ക് കടന്നുവന്നിട്ടുള്ള ഭൂരിഭാഗമാളുകളുമെന്ന് Why Are So Many People Becoming Catholic' എന്ന പേരില്‍ പുറത്തിറങ്ങിയ പുതിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ചിക്കാഗോ അതിരൂപതയാണ് ഈ വര്‍ഷം യുഎസില്‍ കത്തോലിക്ക വിശ്വാസം സ്വീകരിച്ച 20 രൂപതകളില്‍ നിന്നുള്ള 2127 പേരെ ഉള്‍പ്പെടുത്തിയുള്ള ഈ സര്‍വേ ഏകോപിപ്പിച്ചത്. ദൈവത്തോട് കൂടുതല്‍ അടുക്കാനുള്ള തീവ്രമായ ആഗ്രഹത്താലാണ് കത്തോലിക്കാ വിശ്വാസം സ്വീകരിച്ചതെന്ന് സര്‍വേയില്‍ പങ്കെടുത്ത 85% പേരും പറഞ്ഞു.
77% ആളുകള്‍ ജീവിതത്തില്‍ നന്മയും പുണ്യവും വളര്‍ത്തിയെടുക്കാന്‍ സഭ സഹായിക്കുമെന്ന് വിശ്വസിക്കുന്നു. 76% പേര്‍ സത്യത്തെക്കുറിച്ചുള്ള ആഴമേറിയ ബോധ്യങ്ങള്‍ തേടിയാണ് സഭയിലേക്ക് വന്നത്. 72% ആളുകള്‍ തങ്ങളുടെ ആകുലതകള്‍ക്ക് വിരാമമിട്ട്, മനസ്സമാധാനം കണ്ടെത്താന്‍ ഈ വഴി തിരഞ്ഞെടുത്തതായി വ്യക്തമാക്കി
ആധുനിക ലോകത്തിന്റെ ധ്രുതഗതിയിലുള്ള മാറ്റങ്ങള്‍ക്കിടയിലും കത്തോലിക്കാ സഭയുടെ ബലിയര്‍പ്പണവും പ്രാര്‍ത്ഥനകളും ആളുകളെ കാര്യമായി സ്വാധീനിക്കുന്നുണ്ട് എന്ന് സര്‍വേ ഫലം വ്യക്തമാക്കുന്നു. സര്‍വേയില്‍ പങ്കെടുത്ത 68% പേര്‍ സഭയുടെ ആരാധനാക്രമങ്ങളോടും കൂദാശകളോടുമുള്ള താല്പര്യം പ്രകടിപ്പിച്ചപ്പോള്‍, 65% പേര്‍ ജീവിതത്തിന് കൃത്യമായ വഴികാട്ടാന്‍ രണ്ടായിരം വര്‍ഷത്തെ പാരമ്പര്യമുള്ള സഭയുടെ ജ്ഞാനത്തിന് സാധിക്കുമെന്ന് സാക്ഷ്യപ്പെടുത്തി. കഴിഞ്ഞ തലമുറയില്‍ കത്തോലിക്കാ വിശ്വാസിയായ ഒരാളെ വിവാഹം കഴിക്കുന്നതിനോ പ്രണയിക്കുന്നതിനോ വേണ്ടിയാണ് പലരും മതം മാറിയിരുന്നതെങ്കില്‍, ഇന്നത്തെ തലമുറയില്‍ ആ ചിന്താഗതിക്ക് വലിയ മാറ്റം വന്നിട്ടുണ്ടെന്നും സര്‍വേ ഫലം വ്യക്തമാക്കുന്നു.
2007-ലെ കണക്കുകള്‍ പ്രകാരം 72% പേരും വിവാഹവുമായി ബന്ധപ്പെട്ടാണ് കത്തോലിക്കാ വിശ്വാസത്തിലേക്ക് വന്നിരുന്നതെങ്കില്‍, 2026-ല്‍ അത് വെറും 26 ശതമാനമായി ചുരുങ്ങി. അതായത്, ഇന്നത്തെ ആളുകള്‍ ബാഹ്യമായ സമ്മര്‍ദ്ദങ്ങള്‍ക്കോ ബന്ധങ്ങള്‍ക്കോ വേണ്ടിയല്ല, മറിച്ച് സ്വന്തം ആത്മീയ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് സഭയുടെ ഭാഗമാകുന്നതെന്ന് സാരം. ആത്മീയമായ ശൂന്യത അനുഭവിക്കുന്ന ആധുനിക സമൂഹത്തിന് മുന്നില്‍ സത്യദൈവത്തിലേക്ക് നയിക്കുന്ന പ്രത്യാശയുടെ മാര്‍ഗദീപമായി കത്തോലിക്കാ സഭ നിലകൊള്ളുന്നു എന്ന് ഈ റിപ്പോര്‍ട്ട് അടിവരയിടുന്നു.