മെത്രാന്മാരുടെയും അജപാലകരുടെയും മുഖ്യ കടമ സുവിശേഷ പ്രഘോഷണം: ലെയോ പാപ്പ

 
leo papa11



ബ്യൂണസ് അയേഴ്‌സ്: മെത്രാന്മാരുടെയും അജപാലകരുടെയും പ്രഥമമായ ഉത്തരവാദിത്വം സുവിശേഷം പ്രഘോഷിക്കുകയെന്നതാണെന്ന് ലെയോ പാപ്പ. അര്‍ജന്റീനിയന്‍ അപ്പസ്‌തോലിക സന്ദര്‍ശനവേളയില്‍, ബ്യൂണസ് അയേഴ്‌സിലെ കത്തീഡ്രല്‍ ദേവാലയത്തില്‍വച്ച്, മെത്രാന്മാര്‍ക്കും, സിനഡ് പ്രതിനിധികള്‍ക്കും വൈദികര്‍ക്കും സന്ദേശം നല്‍കുകയായിരിന്നു പാപ്പ.


 'എല്ലാവര്‍ക്കും സ്വാഗതം, പോയി പ്രഘോഷിക്കുക!' എന്നതാണ് അപ്പസ്‌തോലിക യാത്രയുടെ പ്രധാന ആപ്തവാക്യമെന്നും, അതിനാല്‍, വലിയ നഗരങ്ങളില്‍ മുതല്‍ ചെറിയ ഗ്രാമങ്ങളില്‍ വരെ സുവിശേഷത്തിന്റെ നല്ല വാര്‍ത്ത കേള്‍ക്കാന്‍ കാത്തിരിക്കുന്ന ധാരാളം സഹോദരങ്ങളുണ്ടെന്നും, സുവിശേഷം പ്രഘോഷിക്കുവാനുള്ള കടമയെ അത് ഓര്‍മ്മപ്പെടുത്തുന്നുവെന്നും പാപ്പ പറഞ്ഞു.

ഒട്ടനവധി ദൈനംദിന ഉത്തരവാദിത്തങ്ങള്‍ക്കിടയിലും സുവിശേഷം പ്രഘോഷിക്കാനാണ് ഇടയന്മാര്‍ പ്രാഥമികമായി അയക്കപ്പെട്ടിരിക്കുന്നതെന്നു പാപ്പ അടിവരയിട്ടു പറഞ്ഞു. ഇത് എല്ലാ ഇടയപ്രവര്‍ത്തനങ്ങളുടെയും കേന്ദ്രമായി എപ്പോഴും നിലനില്‍ക്കണം.


 വൈദിക-സന്യസ്ത വിളി പ്രോത്സാഹിപ്പിക്കാനും, കുടുംബങ്ങളെയും പാവപ്പെട്ടവരെയും സഹായിക്കാനും എല്ലാവരും ഒന്നിച്ചു പ്രവര്‍ത്തിക്കേണ്ടതുണ്ട്.

 തൊഴിലില്ലാത്തവരെയും ഭവനരഹിതരെയും പരിപാലിക്കേണ്ടത് സഭയുടെ അടിയന്തിര ആവശ്യങ്ങളില്‍ ഒന്നാണ്, ക്രിസ്തുവിന്റെ സ്‌നേഹം നമ്മെ ഓരോരുത്തരെയും ഇതിനായി നിരന്തരം നിര്‍ബന്ധിച്ചുകൊണ്ടിരിക്കുന്നുവെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു.

പരിശുദ്ധ ത്രിത്വത്തിന്റെ രഹസ്യത്തില്‍ വേരൂന്നിയ സഭാകൂട്ടായ്മ മെത്രാന്മാരെയും പത്രോസിന്റെ പിന്‍ഗാമിയെയും തമ്മില്‍ അഭേദ്യമായി ബന്ധിപ്പിക്കുന്നു. അതിനാല്‍ മെത്രാനും പുരോഹിതന്മാരും വിശ്വാസികളും ചേര്‍ന്ന് വിശ്വാസത്തിലും സ്‌നേഹത്തിലും ഐക്യം കാത്തുസൂക്ഷിക്കാന്‍ വിളിക്കപ്പെട്ടിരിക്കുന്നു. 


ക്രിസ്തുവാകുന്ന മൂലകല്ലില്‍ പണിയപ്പെട്ട സഭയില്‍ നമ്മള്‍ ഓരോരുത്തരും ജീവനുള്ള കല്ലുകളായി ഒരു ആത്മീയ ഭവനമായി മാറുകയാണ് ചെയ്യുന്നത്. സഭയുടെ ഈ കൂട്ടായ്മ എല്ലാ പ്രാദേശിക സഭകളിലും വ്യക്തമായി പ്രകടമാകുന്നു. അതിനാല്‍, ഓരോ വ്യക്തിയും തങ്ങള്‍ക്ക് ലഭിച്ച ദാനങ്ങള്‍ സഭയുടെ വളര്‍ച്ചയ്ക്കായി വിനിയോഗിക്കേണ്ട ഉത്തരവാദിത്വം വഹിക്കുകയാണെന്നും പാപ്പ ചൂണ്ടിക്കാട്ടി.

ഈ നിമിഷങ്ങള്‍, വിശ്വാസത്തിലും സ്‌നേഹത്തിലും ഒന്നായിരിക്കാനും മാമ്മോദീസയിലൂടെ ലഭിച്ച ദാനങ്ങള്‍ തിരുസഭയ്ക്കായി പങ്കുവെക്കാനും നമ്മെ ആഹ്വാനം ചെയ്യുന്നുവെന്നും പാപ്പ എടുത്തുപറഞ്ഞു. ഐക്യത്തിനും സമാധാനത്തിനും വേണ്ടി പ്രവര്‍ത്തിച്ച അര്‍ജന്റീനയിലെ പ്രമുഖരായ മെത്രാന്മാരുടെ മനോഹരമായ സാക്ഷ്യങ്ങളും പാപ്പ സന്ദേശത്തില്‍ അനുസ്മരിച്ചു. വ്യത്യസ്ത കാലഘട്ടങ്ങളിലും സാഹചര്യങ്ങളിലും ഒരേ സുവിശേഷ ദൗത്യം പല രൂപങ്ങള്‍ സ്വീകരിക്കാമെന്ന് ഇവരുടെ ജീവിതം കാണിച്ചുതരുന്നുവെന്നു പാപ്പ പറഞ്ഞു.

ഭൂമിയിലെ വൈവിധ്യങ്ങള്‍ ഓരോ പ്രത്യേക സഭകളുടെയും പാരമ്പര്യങ്ങളിലും ഇടവക പ്രവര്‍ത്തനങ്ങളിലും പ്രകടമാകുന്നത് സ്വാഭാവികമാണെങ്കിലും എല്ലാ സഭകളിലും ക്രിസ്തുവിന്റെ സജീവസാന്നിധ്യമറിയിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നുണ്ടെന്നും പാപ്പ എടുത്തു പറഞ്ഞു.

 ഈ വൈവിധ്യങ്ങളെല്ലാം വിശ്വാസത്തിലും കൂദാശകളിലും തിരുസഭാ കൂട്ടായ്മയിലും ഒന്നായിത്തീരുകയാണ് ചെയ്യുന്നതെന്നും, സുവിശേഷത്തിന്റെ സന്തോഷം എല്ലാവരിലും എത്തിക്കുന്നതിനായി സഭയുടെ ഈ ദൗത്യത്തില്‍ എല്ലാവരും പങ്കാളികളാകേണ്ടതുണ്ടെന്നും ലെയോ പാപ്പ ഉദ്ബോധിപ്പിച്ചു.


 ലാറ്റിന്‍ അമേരിക്കന്‍ പര്യടനത്തിന്റെ രണ്ടാം ഭാഗമായ പാപ്പയുടെ അര്‍ജന്റീനയിലെ സന്ദര്‍ശനത്തിന് നാളെ സമാപനമാകും. ലെയോ പാപ്പ മെത്രാനായി സേവനമനുഷ്ഠിച്ച പെറുവാണ് പാപ്പയുടെ ഈ പര്യടനത്തിലെ അവസാന ഇടം

Tags

Share this story

From Around the Web