നിതിന്‍ രാജിന്റെ മരണത്തില്‍ മുഖ്യപ്രതി ഡോ. എം. കെ.റാം അറസ്റ്റില്‍
അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ മുഖ്യപ്രതി ഡോ. എം. കെ.റാം അറസ്റ്റില്‍. അറസ്റ്റ് ചെയ്യാന്‍ അനുമതി തേടിയുള്ള ക്രൈം ബ്രാഞ്ചിന്റെ അപേക്ഷ തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി അംഗീകരിച്ചതിനു പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
അതിനിടെ, റാമിന്റെ അറസ്റ്റ് നടപടികളില്‍ വീഴ്ച വരുത്തിയ മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിവൈഎസ്പി സുധീര്‍ കല്ലനെ കോടതി വിളിച്ചുവരുത്തി വിശദീകരണം തേടി.
ന്യൂനതകള്‍ പരിഹരിച്ചുള്ള ഗ്രൗണ്ട് ഓഫ് അറസ്റ്റ് പുതിയ അന്വേഷണ സംഘം പ്രതിഭാഗത്തെയും കുടുംബത്തെയും രേഖാമൂലം അറിയിച്ചതോടെയാണ് കോടതി അനുമതി നല്‍കിയത്. അറസ്റ്റില്‍ എതിര്‍പ്പില്ലെന്ന് ഡോ. റാമിന്റെ അഭിഭാഷകനും കോടതിയെ അറിയിച്ചിരുന്നു.
അതേസമയം, കോടതി ഉത്തരവ് ഇറങ്ങുന്നതിനു മുന്‍പ് തന്നെ ഡോ. റാം ക്രൈം ബ്രാഞ്ച് ഓഫീസില്‍ ഹാജരായിരുന്നു. അനുമതി ലഭിച്ചതിന് പിന്നാലെ റാമിന്റെ അറസ്റ്റ് രേഖപ്പെടുത്തി.