എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് സമരം താല്‍ക്കാലികമായി അവസാനിപ്പിച്ചു. എന്‍. ഷംസുദ്ദീനുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് തീരുമാനം
തിരുവനന്തപുരം: തിരുവനന്തപുരം സെക്രട്ടറിയറ്റിന് മുന്നില്‍ 37ദിവസമായി തുടരുന്ന എല്‍പിഎസ്ടി ഉദ്യോഗാര്‍ഥികള്‍ നടത്തിവന്ന നിരാഹാര സമരം താല്‍ക്കാലികമായി പിന്‍വലിച്ചു. വിദ്യാഭ്യാസമന്ത്രിയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് സമരം അവസാനിപ്പിക്കാനുള്ള തീരുമാനം. നിരാഹാര സമരം അനുഷ്ഠിച്ചിരുന്ന ഉദ്യോഗാര്‍ഥി വളര്‍മതി, മന്ത്രി നല്‍കിയ നാരങ്ങാനീര് കുടിച്ച് സമരം അവസാനിപ്പിച്ചു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാതെയും പോസ്റ്റിംഗ് നടക്കാതെയും തുടര്‍ച്ചയായി പുതിയ നോട്ടിഫിക്കേഷനുകള്‍ ഇറങ്ങുന്ന രീതിക്ക് പരിഹാരം കാണുമെന്ന് മന്ത്രി ഉറപ്പുനല്‍കി. കൂടാതെ, നിലവിലെ റാങ്ക് ലിസ്റ്റിന് ഒന്നര വര്‍ഷത്തോളം കാലാവധിയുണ്ടെന്നും കാലാവധി അവസാനിക്കുന്ന മുറയ്ക്ക് അത് നീട്ടാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.
വിദ്യാര്‍ഥി-അധ്യാപക അനുപാതം, വിദ്യാര്‍ഥി-അധ്യാപക അനുപാതം 1:25 ആക്കുക, വേക്കന്‍സികള്‍ വേഗത്തില്‍ റിപ്പോര്‍ട്ട് ചെയ്യുക തുടങ്ങിയ ആവശ്യങ്ങളിന്‍മേല്‍ തീരുമാനമെടുക്കാന്‍ 45 ദിവസത്തെ സാവകാശമാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം, സര്‍ക്കാരിന്റെ ഉറപ്പുകളില്‍ അനുകൂല നടപടിയുണ്ടാകും വരെ സമരപന്തലിലെ സമാധാനപരമായ സാന്നിധ്യം തുടരുമെന്നും, 45 ദിവസത്തിനുള്ളില്‍ തീരുമാനമായില്ലെങ്കില്‍ സമരം പുനരാരംഭിക്കുമെന്നും ഉദ്യോഗാര്‍ഥികള്‍ വ്യക്തമാക്കി.