യേശുവിന്റെ സ്നേഹം എപ്പോഴും നിങ്ങളോടൊപ്പമുണ്ടാകും: ഭാവിയെക്കുറിച്ച് ആശങ്കപ്പെട്ട യുവാവിനോട് പാപ്പ
May 20, 2026, 20:05 IST
ഭാവിയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച യുവാവിനോട്, “യേശുവിന്റെ സ്നേഹം എപ്പോഴും നിങ്ങളോടൊപ്പമുണ്ടാകുമെന്ന്” പറഞ്ഞ് ലെയോ പതിനാലാമൻ പാപ്പ. ഭാവിയുടെ അനിശ്ചിതത്വത്തെക്കുറിച്ചും പുതിയ പഠനമേഖലയെക്കുറിച്ചും ആശങ്ക പ്രകടിപ്പിച്ച 18 വയസ്സുകാരന് കത്തിലൂടെയാണ് പാപ്പ ആശ്വാസം പകർന്നത്.
മെയ് 19 ന് ‘പിയാസ സാൻ പിയട്രോ’ എന്ന മാസികയിൽ പ്രസിദ്ധീകരിച്ച ഒരു കത്തിൽ, ഇറ്റലിക്കാരനായ ഒരു യുവാവ് പരിശുദ്ധ പിതാവിനോട് തന്റെ ആശങ്കകൾ അറിയിച്ചു. സ്കൂളിൽ തനിക്കുണ്ടായിരുന്ന സൗഹൃദങ്ങൾ നഷ്ടപ്പെടുമെന്നും ദൈവം തനിക്കു വേണ്ടി ആഗ്രഹിക്കുന്ന പാത എന്താണെന്ന് അറിയില്ലെന്നും ആ യുവാവ് ഭയപ്പെടുന്നു. ഭാവിയെക്കുറിച്ചുള്ള തന്റെ ഭയം കത്തിലൂടെ ആ യുവാവ് പ്രകടിപ്പിച്ചു.
സ്വന്തം ജീവിതത്തെ ഗൗരവമായി എടുത്തതിൽ ലെയോ പതിനാലാമൻ മാർപാപ്പ അദ്ദേഹത്തെ അഭിനന്ദിച്ചു.