ക്രിസ്തുവിന്റെ സ്‌നേഹം നമ്മെ മുന്നോട്ടു നയിക്കുന്നു': 2027 ലെ ലോക മിഷന്‍ ദിന പ്രമേയം പ്രഖ്യാപിച്ച് വത്തിക്കാന്‍

 
VATICAN

2027 ഒക്ടോബര്‍ 24 ന് ആചരിക്കുന്ന 101-ാമത് ലോക മിഷന്‍ ദിനത്തിന്റെ ഔദ്യോഗിക പ്രമേയം വത്തിക്കാന്‍ പ്രഖ്യാപിച്ചു. 'ക്രിസ്തുവിന്റെ സ്‌നേഹം നമ്മെ മുന്നോട്ടു നയിക്കുന്നു' എന്നതാണ് ലെയോ പതിനാലാമന്‍ മാര്‍പാപ്പ തിരഞ്ഞെടുത്തിരിക്കുന്ന പ്രമേയം. വി. പൗലോസ് ശ്ലീഹാ കോറിന്തോസുകാര്‍ക്ക് എഴുതിയ രണ്ടാം ലേഖനത്തെ ആസ്പദമാക്കിയാണ് ഈ പ്രമേയം രൂപകല്‍പന ചെയ്തിരിക്കുന്നത്.


ക്രിസ്തീയദൗത്യത്തിന്റെ ഹൃദയം വ്യക്തമാക്കുന്നതാണ് ഈ സന്ദേശമെന്ന് സുവിശേഷവല്‍ക്കരണത്തിനായുള്ള വത്തിക്കാന്‍ ഡിക്കാസ്റ്ററി അറിയിച്ചു. ക്രിസ്തുവിന്റെ സ്‌നേഹം അനുഭവിച്ചറിയുമ്പോള്‍ അത് സുവിശേഷം പ്രഘോഷിക്കാനും മറ്റുള്ളവരുടെ സ്‌നേഹിതരാകാനുമുള്ള പ്രേരകശക്തിയായി മാറുന്നു.

 സുവിശേഷവല്‍ക്കരണവും സാഹോദര്യവും സേവനവുമാണ് സഭയുടെ മിഷന്‍ പ്രവര്‍ത്തനങ്ങളുടെ കാതലെന്നും വത്തിക്കാന്‍ ഓര്‍മ്മിപ്പിച്ചു. ക്രിസ്തു സ്‌നേഹം നമ്മെ നമ്മില്‍ത്തന്നെ ഒതുങ്ങിനില്‍ക്കാതെ ഒറ്റപ്പെട്ടവരിലേക്കും പാവപ്പെട്ടവരിലേക്കും വേദനിക്കുന്നവരിലേക്കും ഇറങ്ങിച്ചെല്ലാന്‍ പ്രേരിപ്പിക്കുന്നു എന്നും വത്തിക്കാന്‍ പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.

2027 ലെ മിഷന്‍ ദിനാചരണത്തിനു മുന്നോടിയായി അടുത്ത വര്‍ഷത്തിന്റെ തുടക്കത്തില്‍ മാര്‍പാപ്പയുടെ വിശദമായ മിഷന്‍ സന്ദേശം പുറത്തിറക്കും.

Tags

Share this story

From Around the Web