മുതലപ്പൊഴിയില്‍ തുടര്‍ച്ചയായുണ്ടാകുന്ന അപകടങ്ങളിലും മത്സ്യത്തൊഴിലാളികള്‍ക്ക് സംഭവിക്കുന്ന ജീവഹാനിയിലും ഉത്കണ്ഠ രേഖപ്പെടുത്തി സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍

മുതലപ്പൊഴി:മുതലപ്പൊഴിയില്‍ തുടര്‍ച്ചയായുണ്ടാകുന്ന അപകടങ്ങളിലും മത്സ്യത്തൊഴിലാളികള്‍ക്ക് സംഭവിക്കുന്ന ജീവഹാനിയിലും സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ഉത്കണ്ഠ രേഖപ്പെടുത്തി.
മുതലപ്പൊഴിയില്‍ തുടര്‍ച്ചയായുണ്ടാകുന്ന അപകടങ്ങളെ സംബന്ധിച്ച പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ എടുത്ത കേസ് പരിഗണിക്കവെയാണ്, കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. എ എ റഷീദ് പ്രശ്ന പരിഹാരം കാണുന്നതില്‍ ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്നുണ്ടാകുന്ന നിസംഗ നടപടികളില്‍ അതൃപ്തി അറിയിച്ചത്.
അഴിമുഖത്തും ചാനലിലും അടിഞ്ഞുകൂടിയ മണല്‍ നീക്കം ചെയ്യുന്നതിനായി ഏപ്രില്‍ മാസത്തില്‍ ഡ്രഡ്ജര്‍ എത്തിച്ചുവെങ്കിലും ഏതാനും ദിവസങ്ങള്‍ മാത്രമാണ് പ്രവര്‍ത്തിപ്പിക്കുവാന്‍ കഴിഞ്ഞത്.
തകരാറിലായ ഡ്രഡ്ജറിന്റെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി മണല്‍നീക്കം പുനരാരംഭിക്കുവാന്‍ നാളിതുവരെ കഴിഞ്ഞില്ലെന്നത് ഉദ്യോഗസ്ഥരുടെ കുറ്റകരമായ അനാസ്ഥയായി കമ്മീഷന്‍ വിലയിരുത്തി.
ഡ്രഡ്ജറിന്റെ അറ്റകുറ്റപ്പണികള്‍ എത്രയും വേഗം പൂര്‍ത്തീകരിച്ച് ഈ മാസം തന്നെ മണല്‍നീക്കം പുനരാരംഭിക്കുവാനുള്ള നടപടികള്‍ അടിയന്തരമായി സ്വീകരിക്കണമെന്ന് കമ്മീഷന്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
ഇതുസംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് അടുത്ത സിറ്റിംഗില്‍ സമര്‍പ്പിക്കുവാനും ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പിന് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. എസ്എടി ആശുപത്രിയിലെ അമ്മയും കുഞ്ഞും ബ്ലോക്കിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് കമ്മീഷന്‍ സ്വമേധയാ എടുത്ത കേസില്‍, ബ്ലോക്കിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നതിനാവശ്യമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഷെഡ്യൂള്‍ തയ്യാറായിട്ടുണ്ടെന്നും, മാര്‍ച്ച് മാസത്തിനുള്ളില്‍ പ്രവര്‍ത്തന സജ്ജമാക്കുന്നതിനുള്ള അടിയന്തര നടപടികള്‍ സ്വീകരിച്ചു വരികയാണെന്നുമുള്ള എസ്.എ.ടി ആശുപത്രി സൂപ്രണ്ടിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഹര്‍ജിയിന്മേലുള്ള തുടര്‍ നടപടികള്‍ അവസാനിപ്പിച്ചു.
സംസ്ഥാന ന്യൂനപക്ഷ കമ്മീഷന് 9746515133 എന്ന നമ്പരില്‍ വാട്ട്സ് ആപ്പിലൂടെയും പരാതി സമര്‍പ്പിക്കാവുന്നതാണ്.